പള്ളുരുത്തി: തോപ്പുംപടി ഫിഷിംങ്ങ് ഹാര്‍ബറില്‍ മത്സ്യബന്ധനത്തിനു ശേഷം കെട്ടിയിട്ടിരുന്ന എട്ട് ബോട്ടുകള്‍ അഴിമുഖത്തേയ്ക്ക് നിയന്ത്രണം വിട്ട് ഒഴുകി. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. ചരടുകള്‍ പരസ്പരം ബന്ധിപ്പിച്ച് കരയില്‍ കെട്ടിയിട്ടിരുന്ന കയര്‍ അഴിഞ്ഞതോടെയാണ് ബോട്ടുകള്‍ കൂട്ടത്തോടെ അഴിമുഖത്തേക്ക് ഒഴുകി നീങ്ങിയത്.
എട്ടു ബോട്ടുകളിലുമായി രണ്ടു ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ നിസ്സഹായരായി ഉറക്കെ കരയുന്നുണ്ടായിരുന്നുവെങ്കിലും കരയിലുണ്ടയിരുന്നവര്ക്ക് സംഭവം മനസ്സിലായില്ല. ഐലന്റിലെ താജ് മലബാര്‍ ഹോട്ടലിന് മുകളിലെ നിലയില്‍ നിന്നും സംഭവം ശ്രദ്ധയില്‍ പെട്ട ജീവനക്കാരില്‍ ഒരാള്‍ ബൈനാക്കുലറിലൂടെ നോക്കിയാണ് ബോട്ടുകള്‍ അപകടത്തില്‍ പെട്ടുവെന്ന് മനസ്സിലാക്കിയത്. ഉടന്‍ ഹോട്ടലില്‍ നിന്നും കോസ്റ്റല്‍ പോലീസിലേക്ക് വിവരം കൈമാറുകയായിരുന്നു. കോസ്റ്റല്‍ പോലീസ് സിഐ ടി.എം വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നു ബോട്ടുകളിലായി അഴിമുഖത്തിന് അടുത്തെത്തിയ
ബോട്ടുകളെ കെട്ടി വലിക്കാന്‍ ശ്രമിച്ചുവെങ്കിലും ശക്തമായ വേലിയിറക്കംമൂലം ശ്രമം പരാജയപ്പെട്ടു. കൊച്ചി തുറമുഖത്തെ സിഐഎസ്എഫിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റേയും മൂന്നു വീതം ബോട്ടുകളും അഴിമുഖത്തേക്ക് എത്തുകയായിരുന്നു. ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബോട്ടുകള്‍ കരയിലെത്തിക്കാനായത്.
മറൈന്‍ എന്‍ഫോഴ്സ്മെന്റ് സിഐ ഷിബുവിന്റെ നേതൃത്വത്തില്‍ 16ഓളം വരുന്ന സംഘവും പോര്‍ട്ട് ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: