ബെംഗളുരൂ: കൊല്ലപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകയും ലങ്കേഷ് പത്രിക പത്രാധിപയുമായ ഗൗരി ലങ്കേഷിന് നക്സലെറ്റുകളില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായി സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ്.
നക്സലേറ്റുകളെ പൊതുധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗൗരി ലങ്കേഷ് പ്രവര്‍ത്തിച്ചിരുന്നു. ഗൗരിയുടെ സ്വാധീനത്താല്‍ പലരും തീവ്രവാദം ഉപേക്ഷിക്കാനും തയാറായി. ഇതില്‍ നക്സലേറ്റുകള്‍ക്ക് ഗൗരിയോട് ദ്യേഷ്യം ഉണ്ടായിരുന്നതായും ഇത് പ്രകടമാക്കുന്ന കത്തുകള്‍ വന്നിരുന്നതായും ഇന്ദ്രജിത്ത്പറഞ്ഞു.
എന്നാല്‍ തന്നോടോ അമ്മയോടോ സഹോദരിയോടോ ഇക്കാര്യങ്ങള്‍ ഗൗരി വെളിപ്പെടുത്തിയിരുന്നില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം പറഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ഇന്ദ്രജിത്ത് വ്യക്തമാക്കി.
തങ്ങള്‍ തമ്മില്‍ നിലപാടുകളില്‍ വ്യത്യാസമുണ്ടായിരുന്നുവെങ്കില്‍ പോലും തീപ്പൊരിയായിരുന്ന തന്റെ സഹോദരിയെ താന്‍ ആരാധിച്ചിരുന്നുവെന്നും ഇന്ദ്രജിത്ത് പറഞ്ഞു. കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ഇന്ദ്രജിത്ത് ആവശ്യപ്പെട്ടു.
താനും സഹോദരിയും തമ്മില്‍ സ്വത്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന വാര്‍ത്ത ഇന്ദ്രജിത്ത് നിഷേധിച്ചു. ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതിനര്‍ഥം ഞങ്ങള്‍ തമ്മിലുള്ള വൈകാരിക ബന്ധത്തിന് ഉലച്ചില്‍ തട്ടിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
55 വയസുള്ള ഗൗരിയെ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവച്ചുകൊന്നത്. കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്ത ശേഷം ഗേറ്റടയ്ക്കാന്‍ ഗൗരി എത്തിയപ്പോള്‍ അക്രമികള്‍ ഏഴു റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകള്‍ അവരുടെ തലയിലും കഴുത്തിലും നെഞ്ചത്തും തറഞ്ഞുകയറി. നാലെണ്ണം മതിലിലാണ് ഏറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: