പെരുമ്പാവൂര്‍: മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ പ്രധാന വരുമാന ശ്രോതസ്സുകള്‍ പാറമടകള്‍ ആയിരുന്നു. ഇതില്‍ വലിയ പാറമടയാണ് പെട്ടമലയിലേത്. മൂന്ന് നാല് പാറമടകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന പ്രദേശം ഇന്ന് വെള്ളം നിറഞ്ഞ് ഏക്കറ് കണക്കിന് വിസ്തൃതിയില്‍ പരന്ന് കിടക്കുന്നു. അതിനാല്‍ ഈ പ്രദേശത്തിന്റെ ആഴവും പരപ്പും ആര്‍ക്കും അറിയില്ല.
മുന്നൂറ് അടിയോളം താഴ്ചയുണ്ടെന്നാണ് അധികൃതര്‍ നിരത്തുന്ന കണക്കുകള്‍. ഇവിടെ മീന്‍ പിടിക്കുന്നതിനും ഉല്ലാസത്തിനുമായി നാട്ടുകാരും മറുനാട്ടുകാരുമായ നിരവധി പേരാണ് എത്തുത്തത്. ഇവിടെ യെത്തി മറുകരയിലേക്ക് നീന്താന്‍ ശ്രമിക്കുന്നവരാണ് അപകടത്തില്‍പ്പെടുന്നവരില്‍ ഏറെയും. ഇതിന് മുമ്പ് നാട്ടുകാരന് തന്നെയായ വിദ്യാര്‍ത്ഥി ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചു. ഇത്തരത്തിലുള്ള തുറസ്സായ പാറമടകള്‍ വേലി കെട്ടി സുരക്ഷിതത്വം ഏര്‍പ്പെടുത്തണമെന്ന് കോടതിയുടെവരെ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും ഇതൊന്നും ഇവിടെ നടപ്പിലായിട്ടില്ല. അധികൃതരുടെ ശ്രദ്ധ ഇല്ലാത്തതിനാല്‍ ഇവിടെ ലഹരി ഉപയോഗത്തിനായി എത്തുന്നവരും നിരവധിയുണ്ട്. ഇനിയും മരണസംഖ്യ ഉയരും മുന്‍പ് അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇന്നലെ കളമശ്ശേരി സ്വദേശികളായ മൂന്നു പേരാണ് പാറമടയില്‍ മുങ്ങി മരിച്ചത്. പ്രകൃതിയെ ചൂഷണം ചെയ്തതോടെയാണ് ഇവിടം അപകട കേന്ദ്രമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: