കോട്ടയം: റോഡ് വീതികൂട്ടി പണിതപ്പോള്‍ കോട്ടയം നഗരത്തില്‍ നിന്ന് സീബ്രാ ലൈനുകള്‍ അപ്രത്യക്ഷമായി. പുതുക്കി പണിത് ആഴ്ചകള്‍ കഴിഞ്ഞിട്ടും ലൈനുകള്‍ പുനഃസ്ഥാപിക്കാന്‍ യാതൊരു നടപടിയുമില്ല. ഇത് മൂലം കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ച് കടക്കാന്‍ പെടാപ്പെടുകയാണ്.
ബേക്കര്‍ ജംഗ്ഷന്, കെഎസ്ആര്‍ടിസി സ്റ്റാന്റ് തുടങ്ങിയ തിരക്കേറിയ മേഖലകളില്‍ നിന്നാണ് സീബ്രാ ലൈന്‍ അപ്രത്യക്ഷമായത്. വണ്‍വേ വഴി അതിവേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് മുമ്പില്‍ കൂടി റോഡ് മുറിച്ച് കടക്കുന്നത് സാഹസം തന്നെയാണ്. രാത്രിയിലാണ് ഏറ്റവും കൂടുതല്‍ പ്രയാസം. സ്റ്റാന്റിന് സമീപം പോലീസ് ഉണ്ടെങ്കിലും വാഹനങ്ങള്‍ നിയന്ത്രിച്ച് കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാന്‍ യാതൊരു സഹായവും ചെയ്യുന്നില്ല.
ബേക്കര്‍ ജംഗ്ഷനില്‍ സീബ്രാലൈനുകള്‍ മാത്രമല്ല ഡിവൈഡറുകളും ഇല്ല. ഇവിടെ നിന്ന് നാഗമ്പടത്തേക്ക് പോകുന്ന ഭാഗത്തേക്ക് ഡിവൈഡറില്ലാത്തതിനാല് അപകടങ്ങള്‍ പതിവാണ്. സ്കൂളുകള്‍ ഈ ജംഗ്ഷന് സമീപത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ വിദ്യാര്‍ത്ഥികളാണ് ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നത്. ഓണത്തിരക്ക് ഉണ്ടായിട്ടും പാഞ്ഞുപോയ സീബ്രാവരകള്‍ വീണ്ടും വരയ്ക്കാന്‍ പൊതുമരാമത്ത് വിഭാഗം തയ്യാറായിട്ടില്ല. വാഹനാപകടങ്ങള്‍ നഗരത്തിലുണ്ടായിട്ടും ട്രാഫിക്ക് പോലീസും ഇത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും കൊടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: