ആലത്തൂര്‍:ആലത്തൂര്‍ മണ്ഡലം സമഗ്ര കാര്‍ഷിക വികസന പദ്ധതി നിറയുടെ ഭാഗമായി കൊയ്ത്തുയന്ത്രങ്ങള്‍ എത്തിച്ചു. കാട്ടുശ്ശേരി പാടശേഖരത്തില്‍ നടന്ന ഉദ്ഘാടനം കെ.ഡി.പ്രസേനന്‍ എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു.
കര്‍ഷകര്‍ക്ക് കൊയ്ത്ത് ഒരു കീറാമുട്ടിയായിരിക്കുകയാണ്.വേണ്ടത്ര പണിക്കാരെ കിട്ടാത്തതിനാല്‍ പലകര്‍ഷകരും ഇന്ന് കൊയ്ത്ത് യന്ത്രത്തേയാണ് ആശ്രയിക്കുന്നത്.യന്ത്രം ലഭ്യമാക്കുന്ന ഏജന്‍സികളാവട്ടെ ഭീമമായ തുകയാണ് വാടകയായി ഈടാക്കുന്നത്.
ഏകീകൃത വാടക സംവിധാനം ഇല്ലാത്തതിനാല്‍ തോന്നുന്ന പോലെ വാടക നിശ്ചയിക്കുകയും ചെയ്യുന്നു.ഇതിനെല്ലാം കൊയ്ത്തിനൊരു കൈത്താങ്ങ് പരിഹാരമാവും.
പദ്ധതി പ്രകാരം കൊയ്ത്ത് യന്ത്രങ്ങള്‍ മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. സ്വകാര്യ ഏജന്‍സികള്‍ മണിക്കൂറിന് 1800 മുതല്‍ 2400 വരെ വാങ്ങുന്നിടത്ത് നിറ പ്രകാരം മണിക്കൂറിന് 1600 രൂപ വാടക നല്കിയാല് മതിയാകും.ഏജന്‍സികള്‍ കര്‍ഷകരെ കബളിപ്പിച്ച് സമയദൈര്‍ഘ്യം കൂട്ടിപ്പറഞ്ഞും കൃത്രിമം കാണിച്ചും കര്‍ഷകര്‍ക്ക് ഇരട്ടിച്ചിലവ് നല്‍കുകയും ചെയ്യുന്നുണ്ട്.കൂടാതെ യന്ത്രങ്ങള്‍ യഥാസമയം നല്‍കുന്നുമില്ല. സമയബന്ധിതമായി കൊയ്ത്ത് നടത്താന്‍ കഴിയാത്തതുമൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി ഹെക്ടര്‍ കൃഷി നശിച്ചിരുന്നു.
പദ്ധതി പ്രകാരം മണിക്കൂറിന് ആയിരത്തിലധികം രൂപ കര്ഷകന് ലാഭിക്കാനാവും മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ 177 പാടശേഖരങ്ങളിലായി 6000 ഹെക്ടര്‍ കൃഷിയിടങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക.ഇതിനാവശ്യമായ 75 കൊയ്ത്ത് യന്ത്രങ്ങള്‍ ഉടമ്പടി പ്രകാരം തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവരും.
യന്ത്രം ആവശ്യമുള്ള കര്‍ഷകര്‍ അതാത് പഞ്ചായത്തുകളിലെ പഞ്ചായത്ത് നിറ സമിതികളുമായി ബന്ധപ്പെട്ടാല്‍ മതിയാകും.പദ്ധതി കണ്‍വീനര്‍ എം.വി.രശ്മി, പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ഗംഗാധരന്,പി.കെ.മോഹനന്,ആറുണ്ണി,ആര്.വിനോദ്,സി.രാഘവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: