കൊഴിഞ്ഞാമ്പാറ:ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് തമിഴ്നാട്ടിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും നിരോധിത കീടനാശിനികള്‍ യഥേഷ്ടമെത്തുമ്പോഴും നടപടിയെടുക്കേണ്ടവര്‍ മൗനം പാലിക്കുന്നതായി പരാതി.
കോയമ്പത്തൂരിലെ ഉക്കടം, ഗാന്ധിപുരം എന്നിവിടങ്ങളിലെ വ്യാപാര കേന്ദ്രങ്ങളില്‍നിന്നാണ് എന്ഡോസള്ഫാനുള്പ്പടെയുള്ള കീടനാശിനികള്‍ കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്കെത്തുന്നത്. പലപേരിലുള്ള സ്റ്റിക്കര്പതിച്ചെത്തുന്ന ഇത്തരം കീടനാശിനികളില്‍ ജീവനും സ്വത്തിനും ഭീഷണിയായിച്ചും പലതും കണ്ടില്ലെന്ന് നടിക്കുകയാണ്. പത്ത് ലിറ്ററുകളുടെ കന്നാസുകള്‍ക്കു പുറമെ ചെറിയ കുപ്പികളിലുമാക്കിയും ഇത്തരം കീടനാശിനികള്‍ കേരളത്തിലേക്ക് യഥേഷ്ടമെത്തുന്നുണ്ട്.
സംസ്ഥാനത്ത് നിരോധനമുള്ള മീഥേയില്‍ പാരത്തിയോണ്‍, എന്‍ഡോസള്‍ഫാന്‍, കാര്‍ബോഫുറാന്‍, ട്രയാസാഫോസ്, മീഥെയില് ടെമറ്റോണ്, മോണോക്രോട്ടോഫോസ് തുടങ്ങിയ നിരവധി അപകടകരമായ കീടനാശിനികളാണ് വിവിധ പേരുകളിലായി അതിര്‍ത്തി കടന്നെത്തുന്നത്. ഇതിനു പുറമെ കോയമ്പത്തൂരിലെ വിവിധ സ്ഥലങ്ങളില്‍ ചെന്ന് കന്നാസുകളില്‍ കര്‍ഷകര്‍ക്ക് കീടനാശിനി നിറച്ചു കൊടുക്കുന്ന രീതിയുമുണ്ട്. എന്നാല്‍ നിരോധിത കീടനാശിനികളുപയോഗിക്കുന്ന കര്‍ഷകരെ കര്‍ഷക സംഘടനകളില്‍ നിന്നും പുറത്തക്കണമെന്ന നിലപാടിലാണ് സംഘടകള്‍.
ജില്ലയില്‍ കൂടുതലായും മാങ്ങാത്തോപ്പുകളിലും ഇഞ്ചിപാടങ്ങളിലുമാണ് ഇത്തരത്തിലുള്ള നിരോധിത കീടനാശിനികള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നത്.
ഇത്തരത്തില്‍ മാരകമായ കീടുനാശിനികള് ഉപയോഗിക്കുന്നതുമൂലം പ്രദേശത്ത് കുട്ടികളുള്പ്പടെയുള്ളവരില് അര്‍ബുദം, കാന്‍സര്‍, വൈകല്യമുള്‍പ്പടെയുള്ള അസുഖങ്ങള്‍ പിടിപെടുന്നതിനപ്പുറം ജലസ്രോതസ്സുകളിലും വിഷം കലരാനുള്ള സാധ്യതയേറെയാണ്.
അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വെട്ടിച്ചുംഊടുവഴികളിലൂടെയും ജില്ലയിലേക്കുള്പ്പടെ നിരോധിത കീടനാശിനികള്‍ കര്‍ഷകരുടെ കൈകളിലേക്കെത്തിക്കാന്‍ മാഫിയകള്‍ സജീവമാവുമ്പോള്‍ നടപടിയെടുക്കേണ്ടവര്‍ മൗനത്തിലാണ്.
അനധികൃത കീടനാശിനികള്‍ വിറ്റ് മാഫിയകള്‍ കീശ വീര്‍പ്പിക്കുമ്പോള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടികളില്ലാത്തിടത്തോളം സംസ്ഥാനത്ത് വരുനാളുകളില്‍ ഇനിയും എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ വര്‍ദ്ധിക്കുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: