കല്‍പ്പറ്റ: മാനന്തവാടി പിലാക്കാവ് പഞ്ചാരക്കൊല്ലിയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വേങ്ങണ ചന്തുവിന്റെ പട്ടയഭൂമിയില്‍ അതിക്രമിച്ചുകയറി കൃഷി നശിപ്പിക്കുകയും, മകന് കേളുവിനെ ആക്രമിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആദിവാസി വികസന പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നിട്ടമാനി കെ. കുഞ്ഞിരാമന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ചന്തുവും സമീപവാസികളുമായി വഴിത്തര്‍ക്കമുണ്ട്. ചന്തു കൃഷിസ്ഥലത്തേക്ക് പോകുന്നതിനു ഉപയോഗിക്കുന്ന വഴി ജൂലൈ 30നു സമീപവാസികള്‍ തൂമ്പയ്ക്ക് കിളച്ച് വീതികൂട്ടി. ഇതിനെതിരായ പരാതിയില്‍ മാനന്തവാടി പോലീസ് ആഗസ്റ്റ് മൂന്നിനു കേളുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്ഥലപരിശോധന നടത്താമെന്ന് എസ്.ഐ. ഉറപ്പുനല്‍കി. ആഗസ്റ്റ് ആറിനു രാവിലെയാണ് 25ല്‍ പരം ആളുകള്‍ ചന്തുവിന്റെ സ്ഥലത്തെ കൃഷി നശിപ്പിച്ചത്. കുരുമുളക് വള്ളികളുള്ള 30 കമുക്, 10 കാപ്പി, അഞ്ച് വാഴ, ജാതിമരം, പടുമരങ്ങള്‍ എന്നിവ വെട്ടിമാറ്റി. അതിക്രമം തടയാന്‍ ശ്രമിച്ച കേളുവിനെ അഞ്ച് പേര് ചേര്‍ന്ന് ആക്രമിച്ചു. പരിക്കേറ്റ കേളുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ പോലീസ് വാര്‍ധക്യസഹജമായ അവശതകള്‍ നേരിടുന്ന ചന്തുവിനെയും ഭാര്യയെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആദിവാസി വികസന പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് ഇവരെ വിട്ടത്. ഇതിനടുത്ത ദിവസം പോലീസ് മൊഴിപോലും എടുക്കാതെ കേളുവിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചു. സംഭവത്തില്‍ ചന്തുവിനും കുടുംബത്തിനും പോലീസില്‍ നിന്നും നീതി ലഭിച്ചില്ല. വഴിയുടെ പേരില്‍ ചന്തുവിനെ വര്‍ഷങ്ങളായി ബുദ്ധിമുട്ടിക്കുന്നവര്‍ക്ക് സഹായകമായ നിലപാടാണ് പോലീസ് സ്വീകരിച്ചത്. പോലീസ് പക്ഷപാതം കാട്ടിയതിനെതിരെയും ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടും ചന്തുവും കുടുംബാംഗങ്ങളും മുഖ്യമന്ത്രി, പട്ടികവര്‍ഗക്ഷേമ മന്ത്രി, പട്ടികജാതിവര്‍ഗ കമ്മീഷന്, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കുഞ്ഞിരാമന് പറഞ്ഞു. ആദിവാസി വികസന പാര്‍ട്ടി ജില്ലാ നേതാക്കളായ കേളു പഞ്ചാരക്കൊല്ലി, കോപ്പി പഞ്ചാരക്കൊല്ലി, കേളു പൂളയ്ക്കല്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: