കൊച്ചി: കാണം വിറ്റും ഓണം ഉണ്ണണമെന്ന ചൊല്ല് ശരിയാകുന്ന രീതിയിലാണ് ഓണ വിപണിയിലെ വിലക്കയറ്റം. ഉത്രാട തലേന്നും പച്ചക്കറിയടക്കമുള്ള അവശ്യ സാധനങ്ങള്‍ വില കുതിപ്പിന്റെ വഴിയിലാണ്.
ഓണസദ്യയുണ്ണാന്‍ ഇലയുടെ ഒരു വശത്ത് സ്വാദിഷ്ടമായ കറികള്‍ പ്രതീക്ഷിക്കുന്ന മലയാളിയെ വിഷമിപ്പിച്ച് കൊണ്ട് പച്ചക്കറി വില കുതിക്കുന്നു. ഏത്തക്കായ കിലോയ്ക്ക് വില 100 രൂപയായി. തക്കാളി 55, ചേന 60, മത്തന്‍ 40, കുമ്പളങ്ങ 35, മുരിങ്ങക്കായ് 40, കാരറ്റ് 65, ബീറ്റ് റൂട്ട് 50, പയര്‍ 100 എന്നിങ്ങനെയാണ് വില. വയനാടന്‍ ഏത്തയ്ക്കയുടെ വരവ് നിലച്ചതോടെയാണ് ഏത്തയ്ക്ക വിപണിയില്‍ വില കുതിക്കുന്നത്. ഞാലി പൂവന് പഴത്തിന് 80 രൂപയും, പാളേങ്കോടന് 60 രൂപയുമാണ് വില. മുന്തിയ ഇനം ഏത്തയ്ക്കയ്ക്ക് 70 രൂപയും ഇടത്തരം കായ്ക്ക് 50 രൂപയുമാണ് വിപണി വില. ഇപ്പോള്‍ സംസ്ഥാനത്തേയ്ക്ക് വരുന്ന ഏത്തയ്ക്ക മേട്ടുപാളയം മാര്‍ക്കറ്റില്‍ നിന്നും എത്തുന്നവയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. വിപണി വില കുതിക്കുമ്പോള്‍ ജി.എസ്.ടി.യുടെ മറവില്‍ കച്ചവടക്കാര്‍ക്ക് ഊഹകച്ചവടം നടത്താനുളള സാധ്യതകളും കൂടുതലായിട്ടുണ്ട്. വിപണിയില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില ഉയര്‍ന്നതോടെ ഓണത്തിന് ഒരു മുറം പച്ചക്കറിയിലൂടെ വില നിലവാരം പിടിച്ചുനിര്‍ത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും പാഴായി.
വെളിച്ചെണ്ണയ്ക്ക് 180
ഏത്തക്കയ്ക്കും വെളിച്ചെണ്ണയ്ക്കും വില വര്‍ധിച്ചതോടെ ഓണത്തിന് ഉപ്പേരി കൈപൊള്ളിക്കുമെന്ന് ഉറപ്പായി. വെളിച്ചെണ്ണ ചില്ലറ വില കിലോയ്ക്ക് 180 കടന്നു. കഴിഞ്ഞമാസം വെളിച്ചെണ്ണ വില 130-140 രൂപ എന്ന നിലയിലായിരുന്നു. വെളിച്ചെണ്ണ വില പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോ വഴി നേരത്തേ സര്‍ക്കാര്‍ ശബരി വെളിച്ചെണ്ണ വ്യാപകമായി വിറ്റിരുന്നു. കിലോയ്ക്ക് 90 രൂപ വിലയുള്ള ശബരി വെളിച്ചെണ്ണയ്ക്ക് വന്‍ ഡിമാന്ഡായിട്ടും സപ്ലൈകോ ഔട്ട്ലെറ്റില് നിന്ന് ഇപ്പോള്‍ കിട്ടാനില്ല. കാര്‍ഡിന് ഒരു മാസം ഒരു കിലോയാണ് നല്‍കുന്നത്.
ഉപ്പേരി @ 350
ഓണക്കാലം അടുത്തതോടെ വിപണിയില്‍ ഉപ്പേരിയുടെ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വിലയാണ് ഇപ്പോഴുള്ളത്. ഏത്തക്കായുടേയും വെളിച്ചെണ്ണയുടേയും വിലവര്‍ദ്ധിച്ചതാണ് ഉപ്പേരിവില കൂടുന്നതിന് കാരണമായി കച്ചവടക്കാര്‍ പറയുന്നത്. ഒരു കിലോ ഏത്തക്ക ഉപ്പേരിയുടെ ഇപ്പോഴത്തെ വില 350 രൂപയാണ്. ഉത്രാട, തിരുവോണ ദിനങ്ങളില്‍ ഇത് വീണ്ടും വര്‍ധിക്കാനാണ് സാധ്യത. പ്രതികൂല കാലാവസ്ഥ കാരണം നാട്ടില്‍ ഏത്തക്കുലകളുടെ വിളവ് മോശമായതും വിലവര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. ഓണ വിപണി ലാക്കാക്കി തമിഴ്നാട്ടില്‍ നിന്നും ഉപ്പേരികള്‍ വിപണിയിലെത്തുന്നുണ്ടെങ്കിലും ഗുണമേന്മ താരതമ്യേന കുറവാണെന്നാണ് ചെറുകിട കച്ചവടക്കാരുടെ അഭിപ്രായം. ഇതിന് ആവശ്യക്കാരും കുറവാണ്. ശുദ്ധമായ വെളിച്ചെണ്ണയില്‍ ഉപ്പേരി തയ്യാറാക്കിയാല്‍ രുചിയും, ആവശ്യക്കാരും ഏറുമെങ്കിലും ഇത് വേഗം കേടാകുമെന്നതിനാല്‍ മറ്റ് എണ്ണകളാണ് പുറത്തുനിന്നും വരുന്ന ഉപ്പേരികള്‍ വറുക്കാന്‍ ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: