കണ്ണൂര്‍: ഓണവിപണിയില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നും എത്തിച്ച വിവിധതരം പൂക്കള്‍ക്ക് തീവില. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി നാടന്‍ പൂക്കള്‍ ഗ്രാമങ്ങളില്‍ ലഭ്യമായതോടെ പലരും ഈപൂക്കള്‍ ഉപയോഗിച്ചതോടെ ജില്ലയില്‍ ഇക്കുറി ഇറക്കുമതി പൂവിന് ഡിമാന്റ് കുറഞ്ഞു.
അന്യസംസ്ഥാനങ്ങളില്‍നിന്നും അത്തംമുതല്‍ തന്നെ വ്യാപകമായ തോതില്‍ ജമന്തി, ചെണ്ടുമല്ലി, വാടാര്‍മല്ലി, അരളി തുടങ്ങിയ പൂക്കള്‍ എത്തിച്ചുതുടങ്ങിയിരുന്നു എന്നാല്‍ ഇവയ്ക്ക് പൊന്നുംവിലയാണ് ഈടാക്കിയിരുന്നത്. ഒരു കിലോ വാടാര്‍മല്ലിക്ക് 300-400 രൂപയാണ് മാര്‍ക്കറ്റ് വില. കഴിഞ്ഞവര്‍ഷത്തേതില്‍നിന്നും, 100-150 രൂപയുടെ വര്‍ദ്ധനവാണ് ഇക്കുറി ഉണ്ടായിട്ടുള്ളത്. വില വര്‍ദ്ധിച്ചതോടെ പൂക്കളമിടാന്‍ പലരും ഇത്തരം പൂക്കള്‍ വാങ്ങാന്‍ മടിക്കുകയായിരുന്നു. എന്നാല്‍ ഗ്രാമങ്ങളില്‍ നേരത്തെ യഥേഷ്ടം ലഭ്യമായിരുന്നതും പിന്നീട് അന്യംനിന്നുപോയതുമായ തുമ്പപ്പൂവ്, അരിപ്പൂവ്, മുള്ളിന്‍പൂവ്, റോസ്, മഞ്ഞപ്പൂ, ചെമ്പരത്തി, നാടന്‍ മല്ലിക, ചെമ്പകം എന്നിവ ഇക്കുറി സുലഭമാണ്. ഇതുപയോഗിച്ചാണ് പലരും ഇക്കുറി പൂക്കളമൊരുക്കുന്നത്.
ഇതുകൂടാതെ ജില്ലയിലെ പല സ്ഥലങ്ങളിലും വ്യാവസായികാടിസ്ഥാനത്തില്‍ ചെണ്ടുമല്ലിയടക്കമുള്ള പൂകൃഷികളും നടത്തിയിരുന്നു. ഈ വര്‍ഷമുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് അന്യസംസ്ഥാനങ്ങളില്‍ പൂക്കള്‍ക്ക് നാശമുണ്ടാകാന്‍ പ്രധാന കാരണമായത്.
കേരളത്തില്‍ പൂക്കളെത്തുന്ന പ്രധാനകേന്ദ്രമായ ഗുണ്ടല്‍പേട്ടിലെ പൂകൃഷി കനത്ത മഴയില്‍ പൂര്‍ണ്ണമായും നശിച്ചമട്ടിലായിരുന്നു. കേരളത്തിലെ വിപണി ലക്ഷ്യമിട്ടായിരുന്നു ഇവിടുത്തെ പൂകൃഷി. നാല് മാസം മുമ്പ് ആരംഭിച്ച പൂകൃഷി സീസണില്‍ മഴയെത്തിയത്മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ആയിരക്കണക്കിന ഏക്കര്‍ സ്ഥലത്ത് ചെണ്ടുമല്ലികൃഷിയാണ് ഗുണ്ടല്‍പേട്ടയില്‍ നടത്തിയിരുന്നത്. ഇതുകൂടാതെ ജമന്തി, മല്ലിക ഉള്‍പ്പെടെ വിദേശ ഇനങ്ങളും കൃഷിചെയ്തിരുന്നു. മൈസൂര്‍, ഹാസന് ജില്ലകളിലും പൂകൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ട്. ഇതാണ് പൂവില വര്‍ദ്ധിക്കാന്‍ കാരണമായത്.
എന്നാല്‍ ഗ്രാമീണ മേഖലയില്‍ ഒരുപരിധിവരെ കണ്ടെത്തിയ നാടന്‍പൂക്കള്‍ ഓണപ്പൂക്കളത്തെ സമൃദ്ധമാക്കിയത് ശ്രദ്ധേയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: