ഗുരുക്കന്മാരെയും ഗുരുമാര്ഗ്ഗങ്ങളെയും പറ്റിയുള്ള ഈ പംക്തിയില്‍ നന്മയുടെയും കാരുണ്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിഷയങ്ങളാണ് ഏറെക്കുറെ പ്രതിപാദിച്ചത്. ഈ കുറിപ്പില്‍ അതിന്റെയൊക്കെ വിപരീതത്തെക്കുറിച്ച് അല്പം പറയേണ്ടതുണ്ട് എന്നു തോന്നുന്നു. കാരണം ഉത്തരേന്ത്യയില്‍ ഈ അടുത്ത ദിവസം നടന്ന ഒരു അറസ്റ്റും കലാപവും കോടതിവിധിയും തന്നെ.
എത്രയെത്രയോ പേര് ഗുരുവായി കണക്കാക്കുന്ന ഒരു ഹരിയാനക്കാരന് ജയിലിലായതാണ് വിഷയം. ഉടനെ അനുയായികള്‍ കലാപമുണ്ടാക്കി. അവര്‍ വാഹനങ്ങള്‍ കത്തിക്കുകയും കണ്ണില്‍ക്കണ്ടതെല്ലാം തച്ചുതകര്‍ക്കുകയും ചെയ്തു. പോലീസും പട്ടാളവും ഇറങ്ങി. ഔദ്യോഗികമായി പറയുന്നത് 38 പേര് മരിച്ചു എന്നും 250 പേര്‍ക്ക് പരിക്കേറ്റു എന്നുമാണ്.
അടുത്ത ദിവസം ഇദ്ദേഹത്തെ 20 വര്‍ഷത്തേക്ക് തടവിലിടണം എന്ന വിധി വന്നു. ( രണ്ടു കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു എന്ന ആരോപണത്തില്‍ വിധി വരാനിരിക്കുന്നു. ) രണ്ടു സ്ത്രീകളാണ് ഈ വ്യക്തിക്കെതിരെ നില്ക്കാന് ധൈര്യപ്പെട്ടത്. ഇരുനൂറിലേറെ യുവതികള്‍ ഈ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെട്ടു പോയിട്ടുണ്ട് എന്നാണു കേസന്വേഷണത്തിന് നേതൃത്വം നല്കിയ മലയാളിയായ ഉദ്യോഗസ്ഥന് പറയുന്നത്.
ഇന്ത്യന്‍ ഭരണഘടനയിലും നിയമവ്യവസ്ഥയിലും വിശ്വാസം ഉണ്ടാക്കുന്ന വിധിയാണിത്. പക്ഷെ വിധി വരും മുമ്പ് കലാപത്തിനിറങ്ങിയ ആളുകളെ പറ്റി പറയേണ്ടതെന്താണ്? അനുയായികള്‍ ഒന്നും രണ്ടുമല്ല ഇദ്ദേഹത്തിനുള്ളത്. കേരളത്തിലെ ജനത്തെക്കാള്‍ കൂടുതല്‍ അംഗസംഖ്യ വരുന്ന അനുയായി വൃന്ദമാണു അഞ്ചു കോടി.
ഇതില്‍ നിന്ന് ആയിരങ്ങളാണു ഇദ്ദേഹത്തിനു വേണ്ടി അക്രമാസക്തരായി തെരുവിലിറങ്ങിയത്. ഇക്കൂട്ടരില്‍ ഒരു നല്ല ശതമാനം പാവപ്പെട്ടവരുമാണത്രെ. എന്തൊരു ചതിയിലാണ് അവര്‍ അകപ്പെട്ടിരിക്കുന്നത് എന്ന് അവര്‍ അറിയുന്നില്ല.’ തങ്ങളുടെ ‘ പിതാജി ‘ ഒരിക്കലും തെറ്റുകാരനാവില്ല എന്നവര്‍ ശാഠ്യം പിടിക്കുന്നു.
‘സാമാന്യബുദ്ധി ‘ പ്രയോഗിക്കാന്‍ വിശ്വാസികള്‍ക്ക് അറിയാതെ പോകുന്നു എന്നര്‍ത്ഥം.
വിശ്വാസം അന്ധമാണ്, സമ്മതിച്ചു. എങ്കിലും വിശ്വാസം ഉറപ്പിക്കുന്നതിനു മുന്നോടിയായി ഗുരുവിനെ പരീക്ഷിക്കേണ്ടതില്ലേ? ആചരിച്ച് കാണിച്ചു തരേണ്ടവനാണു ആചാര്യന്. വെറുതെ പറഞ്ഞു തരുന്നവനല്ല. ആചാര്യന് മാതൃകയാവേണ്ടവനാണ്.
ജീവിതത്തിന്റെ ക്ഷണികത അനുയായികളെ ഓര്‍മ്മിപ്പിച്ച് അവരെ സന്മാര്ഗ്ഗത്തിലേക്ക് വഴികാട്ടി ശാന്തിയും സമാധാനവും പുലരാനുള്ള പശ്ചാത്തലം ഒരുക്കുകയാണു സദ്ഗുരുക്കന്മാര്‍. അവരുടെ വഴികള്‍ അനുയായികളുടെ ജീവന്റെ ഉയര്‍ച്ചയ്ക്ക് സഹായകമാവുകയും ചെയ്യുന്നു. മരണത്തോടുകൂടി ജീവന് നശിക്കുന്നില്ല എന്നു കരുതുന്നവരാണല്ലോ ലോകത്തില്‍ കൂടുതലുള്ളത്.
അറസ്റ്റിലായ ‘സദ്ഗുരു ‘, ‘ ധന് ധന് സദ്ഗുരു തേരാ ഹി ആസ് റാ നീയേ ഞങ്ങളുടെ സമ്പത്ത് നീയേ ആശ്രയം ‘ എന്ന് ഉരുവിടുന്ന ഒരുപാടു മനുഷ്യരെ വഞ്ചിച്ചിരിക്കയാണ്. എന്തു മാതൃകയാണു ഈ വ്യക്തി അനുയായികള്‍ക്ക് കാണിച്ചുകൊടുത്തത് എന്നതു ചിന്തിക്കേണ്ട വിഷയമാണ്. ഇതുപോലെ ബലാല്‍സംഗത്തിനു ശിക്ഷിക്കപ്പെട്ട് മറ്റൊരു ഉത്തരേന്ത്യന്‍ ‘ സദ് ഗുരു ‘ ജയില്‍ വാസം അനുഭവിച്ചു കൊണ്ടിരിക്കുന്നു. എഴുപതു കടന്ന മനുഷ്യന്. ഇദ്ദേഹത്തിനെ കോടതി കയറ്റിയത് ഒരു പതിനാറുകാരിയും.
വലിയ സാമ്രാജ്യമാണു ഇദ്ദേഹത്തിന്റേതും. ഇനിയുമൊരു ഹിസാര്‍ കാരന് കൊലപാതകക്കുറ്റത്തിനു പിടിയിലായിട്ടുണ്ട്. ( ഇതുപോലെ ആരെയൊക്കെ പിടികൂടാനുണ്ടായിരിക്കും എന്നു നമുക്കറിഞ്ഞുകൂടാ.) അധോലോകനായകന്മാരുടെ ചെയ്തികളെ വെല്ലുന്നു ഈ ഗുരുക്കന്മാരുടെ ചെയ്തികള്‍.
അനുയായികള്‍ ഇവരുടെ വാക്കുകളില്‍ മയങ്ങി പിന്നാലെ കൂടുന്നു എന്നതാണു വാസ്തവം. ഒരു പക്ഷെ ചില സിദ്ധികളും ഇവര്‍ക്ക് ഉണ്ടായിരിക്കാം. ഇത്രയേറെ ജനങ്ങളെ പിടിച്ചു നിര്‍ത്തുന്നത് ഒരു പക്ഷെ അതുകൊണ്ടുമായിരിക്കാം. ഒരു ആത്മീയനേതാവിന്റെ ജീവിതരീതികള്‍ എങ്ങനെയായിരിക്കണമെന്ന് നമ്മള് മറക്കുന്നു.
ഗുരുഗീത ഏഴുവിധം ഗുരുക്കന്മാരുടെ ലക്ഷണങ്ങള്‍ പറഞ്ഞുതരുന്നു. ലോകം മുഴുവന്‍ കാല്ക്കീഴില് കൊണ്ടുവരാന്‍ തക്ക ആത്മശക്തിയുള്ള യഥാര്‍ത്ഥഗുരു ലളിതജീവിതം നയിക്കുന്നവനാണ്. (സ: ഏവ സര്വസമ്പത്തി എന്ന് ഗുരുഗീത.) ഏതു പാവത്തിന്റെ ബുദ്ധിമുട്ടും തിരിച്ചറിഞ്ഞ് സാന്ത്വനം കൊടുക്കുന്നവനാണ്. ഒരിക്കലും ചൂഷണം അവന്റെ ലക്ഷ്യമല്ല.
ദുരിതമനുഭവിക്കുന്നവന് എന്ത് പാപശക്തി കൊണ്ട് കഷ്ടപ്പെടുന്നു എന്നറിയുമെങ്കിലും അവന്റെ ആ വിഷമത്തെ അനുഭാവപൂര്‍വം വീക്ഷിച്ച് അതിനു പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നവനാണ്. ശാന്തപ്രകൃതിയാണ്. കുട്ടികളെപ്പോലെ നിഷ്കളങ്കനാണ്. (ബാലഭാവേന യോ ഭാതി എന്ന് ഗുരുഗീത.) ഏതോ ശാപം കൊണ്ട് ഗുരുഗീതയുടെ ഈ തത്വങ്ങള്‍ ജനസാമാന്യത്തിനിടയ്ക്ക് പ്രചരിക്കാതെയായി.
തപസ്സിന്റെയും വിനയത്തിന്റെയും പാഠങ്ങള്‍ നമുക്ക് മനസ്സിലാവാതെ ആയി. എന്തെങ്കിലും കണ്‍കെട്ടോ അത്ഭുതപ്രവൃത്തിയോ കാണിച്ചുതന്നാല്‍ ആത്മീയതയാണെന്ന് ഉറപ്പിക്കുന്നവരായി. വിശ്വാസവഞ്ചകരായ, മനുഷ്യത്വം പോലും മറന്ന മനുഷ്യരെ അന്ധരായി അനുസരിക്കുന്ന വിഡ്ഢികളായി. യഥര്ത്ഥഗുരുക്കന്മാരുടെ സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവരുമായി.
മനുഷ്യനാണ്, കാലിടറാം. പക്ഷെ അതിനെ അതിജീവിക്കുന്നവനാണു ശക്തനാവുന്നത്. സഹജീവികളെ സഹായിക്കുന്നത്. ദൈവത്തിന്റെ പേരില്‍ ദൈവവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിലെ അബദ്ധം അനുയായികള്‍ക്ക് നാശം വരുത്തുന്നതാണ്.
അറസ്റ്റിലായ ‘ ഗുരു ‘ തന്റെ പാരമ്പര്യത്തില്‍ മൂന്നാമനാണ്. മുന്‍പുണ്ടായിരുന്ന രണ്ടുപേരും ലളിതമായി ജീവിച്ചുകാണിച്ചുകൊടുത്തവരായിരുന്നു എന്നാണു അവരുടെ ചരിത്രം.
ലാളിത്യവും കാരുണ്യവുമുള്ള പല ഗുരുക്കന്മാരെയും പിന്മുറക്കാര് മനസ്സിലാക്കാതെ പോകുന്നുണ്ട്. ആത്മീയതയിലെ ഒരു വിപത്താണിത്.
രാം റഹീം സംഭവം ഈ അവസ്ഥയെ സൂചിപ്പിക്കുന്നു. നമുക്ക് ദാഹമകറ്റുവാന്‍ നേരെയുള്ള ആശയങ്ങളും വഴികളും ഭാരതത്തില്‍ ഉണ്ട്. വിവേകാനന്ദന്, രമണമഹര്‍ഷി, ശങ്കരാചാര്യര്‍, ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണന് തുടങ്ങി ഒരു പാടു നല്ല വഴികാട്ടികളുണ്ട്. ഇവരുടെയെല്ലാം നന്മകള് നമുക്ക് കിട്ടാതെ പോകുന്നു, വഴി തെറ്റിക്കുന്നവരുടെ കൂടെ നാം അറിയാതെ ചെന്നു ചേരുമ്പോള്‍.
ഫോണ്‍: 9961059304
പ്രതികരിക്കാൻ ഇവിടെ എഴുതുക: