കൊച്ചി: തിരുവോണ ദിനം അടുത്തെത്തിയതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് മുറുകുന്നു. സ്കൂളുകളും, ഓഫീസുകളും ഓണം അവധിക്കായി അടച്ചതോടെ വരുംദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്ക് മൂലം യാത്രകാര്‍ ബുദ്ധിമുട്ടുകയാണ്. ഫ്ളൈ ഓവറിന് സമീപം പകല്‍ സമയങ്ങളില്‍ പോലും അര കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്.
നിരവധി മാളുകളും, ഹോട്ടലുകളും, വിവിധ വ്യാപാര സ്ഥാപനങ്ങളുള്ള ഇവിടെ ഓണത്തോടനുബന്ധിച്ച് സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ വാഹനങ്ങള്‍ റോഡിന്റെ വശങ്ങളില് നിര്‍ത്തുന്നതോടെ പിന്നാലെ വരുന്ന വാഹനങ്ങള്‍ കുരുക്കിലാകുകയാണ്. എന്നാല്‍ ഫ്ളൈ ഓവറില്‍ ഗതാഗതതടസ്സമില്ല. പ്രമുഖ മാളിനു മുന്നില്‍ ഫ്ളൈ ഓവര്‍ ഇറങ്ങിവരുന്ന വാഹനങ്ങളും താഴെക്കൂടി വരുന്ന വാഹനങ്ങളും മാളില്‍ നിന്നിറങ്ങുന്ന വാഹനങ്ങളും ഒരു സ്ഥലത്ത് സംഗമിക്കുന്നതോടെയാണ് കുരുക്ക് രൂക്ഷമാകുന്നത്.
ഓട നിര്‍മാണവും മറ്റും നടക്കുന്നതിനാല്‍ കാല്‍നടയാത്രകാരും റോഡിലൂടെ നടക്കേണ്ട സ്ഥിതിയിലാണ്.
പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങളെല്ലാം സ്ഥിതി ചെയ്യുന്ന എം.ജി. റോഡിലെ സ്ഥിതിയും വ്യത്യാസമല്ല. ഓണം പ്രമാണിച്ച് വസ്ത്രങ്ങളും മറ്റും വാങ്ങാനെത്തുന്നവരുടെ കാറുകളും, ഇരുചക്രവാഹനങ്ങളും റോഡില്‍ പാര്‍ക്ക് ചെയ്യുകയാണ്. ഇത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. സെന്റര്‍ സ്ക്വയര്‍ മാളിനു സമീപം യുടേണ്‍ താത്കാലികമായി അടച്ച സ്ഥലത്ത് ബൈക്കുകള്‍ കൂട്ടത്തോടെ പാര്‍ക്ക് ചെയ്തിട്ടുണ്ട്. മെട്രോ സ്റ്റേഷന് നിര്‍മാണം നടത്തുന്ന ഭാഗങ്ങളിലും പാര്‍ക്കിങ് പ്രശ്നങ്ങളുണ്ട്.
മേനക ഭാഗത്ത് ബ്രോഡ് വേയില്‍ ഓണത്തിന്റെ ഷോപ്പിങ്ങിനെത്തുന്നവര്‍ ഇരുചക്രവാഹനങ്ങളും കാറുകളും ബസ് സ്റ്റോപ്പിനു സമീപം പാര്‍ക്ക് ചെയ്യേണ്ട സ്ഥിതിയിലാണ്. മഹാരാജാസ് കോളേജിന് സമീപം വാക്ക് വേ നിര്‍മാണവും മറ്റും നടക്കുന്നതിനാല്‍ ആളുകള്‍ക്ക് വേണ്ടത്ര പാര്‍ക്കിങ് സൗകര്യം ലഭിക്കാതെയായതോടെ വഴിയരികില്‍ പാര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്.
കലൂര്‍, പാലാരിവട്ടം, വൈറ്റില – തുടങ്ങിയ ജങ്ഷനുകളിലും ഇടറോഡുകളിലും ഓണക്കാലമായതോടെ ഗതാഗതക്കുരുക്ക് കൂടിയിട്ടുണ്ട്. വീതി കുറഞ്ഞ കലൂര്‍-പേരണ്ടൂര്‍ റോഡിലൂടെ ഭാരമേറിയ വാഹനങ്ങളും, കലൂര്‍ സിഗ്നല്‍ കടന്നെത്തുന്ന വാഹനങ്ങളും ഒരുമിച്ചെത്തുന്നതോടെ ഇരുചക്ര വാഹനയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്.
കലൂര്‍ പാവക്കുളം ക്ഷേത്രം കഴിഞ്ഞുള്ള ഭാഗത്തെ റോഡു തകര്‍ന്ന് കിടക്കുകയാണ്. പൊറ്റക്കുഴി ഭാഗത്ത് വലിയ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ പലപ്പോഴും റോഡിന് കുറുകെയുള്ള കേബിളുകളും മുറിയുന്നുണ്ട്.
കാക്കനാട് റോഡില്‍ ചെമ്പുമുക്ക്-വാഴക്കാല ഭാഗങ്ങളിലെ റോഡിലെ വീതി കുറവും, കുഴികളും കൊണ്ട് യാത്രകാര്‍ വീര്‍പ്പുമുട്ടുകയാണ്. കടകളും മറ്റും ധാരാളം ഉള്ള ഇവിടെ ഓണമെത്തിയതോടെ അനധികൃത പാര്‍ക്കിങും കൂടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: