മേപ്പാടി: അരനൂറ്റാണ്ടായി കൈവശം വെച്ചുവരുന്ന കര്‍ഷകരുടെ ഭൂമിക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യമുയരുന്നു. 1971മുതല്‍ 99 കുടുംബങ്ങള്‍ ഭൂമി കൈവശം വെച്ച് കൃഷി ചെയ്ത് താമസിച്ചുവരുന്ന മേപ്പാടി ജയ്ഹിന്ദ് കോളനി അടക്കമുള്ള പ്രദേശങ്ങളിലെ നാമമാത്ര കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കണമെന്നാണ് ആവശ്യം.
പ്രദേശവാസികളുടെ നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ഡെപ്യൂട്ടി കളക്ടര്‍, വൈത്തിരി തഹസില്‍ദാര്‍ എന്നിവര്‍ വന്ന് സ്ഥലം പരിശോധിക്കുകയും നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. 2010 മെയ് 27ന് എല്‍. 3/14216/2010 നമ്പറില്‍ ജില്ലാകലക്ടര്‍ ഉത്തരവിറക്കുകയും 2011ന് എല്‍എ 1-1/2010ലെ ഉത്തരവിന്റെ തീരുമാനപ്രകാരം ഫോറസ്റ്റ്, റവന്യൂ, സര്‍വ്വെ, കൃഷി എന്നീ വകുപ്പുകള്‍ ചേര്‍ന്ന് ഓരോരുത്തരുടെയും സ്ഥലം അളന്ന് തിട്ടപ്പെടുത്തി സംയുക്ത പരിശോധന പൂര്‍ത്തീകരിച്ച് ഫയലില്‍ ഒപ്പിട്ട് കലക്ട്രേറ്റില്‍ എല്പ്പിച്ചിരുന്നു. 2015ല്‍ സര്‍വെ പൂര്‍ത്തീകരിച്ച് സര്‍വെ സൂപ്രണ്ട് ഒപ്പിട്ട് കലക്ട്രേറ്റില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം നാളിതുവരെയായി നികുതി സ്വീകരിക്കാനോ, പട്ടയം നല്‍കാനുള്ള നടപടികളോ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല.
2013 ജൂണ്‍ 19ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 1977ന് മുമ്പ് കൈവശം വെച്ച് സംയുക്ത പരിശോധന പൂര്‍ത്തീകരിച്ച കൈവശകൃഷിക്കാര്‍ക്ക് പട്ടയം നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നടപടികളൊന്നുമുണ്ടായില്ല. 2001-ല്‍ മലയോര വികസന അതോറിറ്റിയുടെ സമ്മര്‍ദ്ദത്താല്‍ സംയുക്ത പരിശോധന നടത്തുകയും എല്ലാവിധത്തിലുമുള്ള നടപടികളും പൂര്‍ത്തിയായതുമാണ്.
എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ജയ്ഹിന്ദ് കോളനിയടക്കമുള്ള പ്രദേശങ്ങളി ല്‍ താമസിക്കുന്നവര്‍ക്ക് കൈവശരേഖയും നികുതി സ്വീകരിക്കുകയും പോക്ക് വരവ് നടത്തിക്കിട്ടുകയും വേണമെന്ന് പ്രദേശവാസികള്‍ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: