മാനന്തവാടി : കോണ്‍ഗ്രസ്-ലീഗ് ഭിന്നത മൂലം എടവക ഗ്രാമപഞ്ചായത്തിലെ ഭരണം സ്തംഭനത്തിലേക്ക്. ഭരണമുന്നണിയിലെ തര്‍ക്കം തുടരുന്നതിനാല്‍ ക്ഷേമ പെന്ഷന് വിതരണം, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയെല്ലാം താളംതെറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ജനുവരിയില്‍ ഭരണസമിതി പാസ്സാക്കിയ മുന്നൂറോളംവരുന്ന ക്ഷേമ പെന്ഷന് യഥാസമയം ഡാറ്റ എന്‍ട്രി ചെയ്യാത്തതിനാല്‍ ഓണക്കാലത്തുപോലും നല്കാന് സാധിക്കാതെ മുടങ്ങി കിടക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ നിലവിലുണ്ടായിരുന്ന അസ്സിസ്റ്റന്റ് എഞ്ചിനിയര്‍ സ്ഥിര നിയമനം ലഭിച്ച് പോയിട്ട് നാല് മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ഇതുവരെയും പുതിയ അസ്സിസ്റ്റന്റ് എഞ്ചിനിയറെ നിയമിക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജൂണ്‍ 13ന് അഭിമുഖം നടത്തിയെങ്കിലും ലീഗ് മെമ്പര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിയമനം നടത്താനും സാധിച്ചിട്ടില്ല. ഇതിനായി ചേര്‍ന്ന ഭരണസമിതി യോഗമാകട്ടെ ലീഗ് മെമ്പര്‍മാര്‍ ബഹിഷകരിക്കുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും വിളിച്ചുചേര്‍ത്ത ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷ മെമ്പര്‍മാരുടെ വിയോജനകുറിപ്പോടെ ലിസ്റ്റ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു.
തൊഴിലുറപ്പ് പദ്ധതിയുടെ ആരംഭം മുതല്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും എല്ലാം ശ്രദ്ധേയമായ നേട്ടം കൈവരിച്ച പഞ്ചായത്ത് ഇന്ന് ഭരണസമിതിയുടെ അനാസ്ഥ കാരണം മാനന്തവാടി ബ്ലോക്കില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: