വൈപ്പിന്‍: ഓണക്കാലം വീണ്ടും വന്നെത്തിയപ്പോള്‍ ഉമ്മറത്തെ ചാരുകസേരയില്‍ ഇരുന്ന് കൊച്ചുമക്കളോടൊപ്പം ഓണക്കാലത്തെ വിശേഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് എളങ്കുന്നപ്പുഴ നടക്കല്‍ കോവിലകത്തെ സതീ രത്നം തമ്പാന്.
വൈപ്പിന്‍ കരയില്‍ കൊച്ചി രാജവംശത്തിന്റെ അവശേഷിക്കുന്ന ഒരേ ഒരു കണ്ണിയാണ് നടക്കല്‍ കോവിലകത്തെ സതിതമ്പുരാട്ടിയും കുടുംബവും. പണ്ട് കാലത്ത് കൊച്ചി രാജാവ് എളങ്കുന്നപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വരുമ്പോള്‍ രാജാവിന്റെ ഒരു വിശ്രമ സങ്കേതം കൂടി ആയിരുന്നു നടക്കല്‍ കോവിലകം .കാലം മാറി രാജ വാഴ്ച അവസാനിച്ചു. പുതിയ ഭരണസമ്പ്രദായം വന്നെങ്കിലും പാരമ്പര്യ തനിമ ഒട്ടും ചോരാതെ ഇന്നും ഇവിടെ ഒരു ആചാരം നില നില്കുന്നു. കൊച്ചി രാജവംശത്തിലെ പിന്മുറക്കാരി എന്ന നിലയ്ക്ക് ഓണക്കാലത്ത് ലഭിക്കുന്ന ‘ഉത്രാടക്കിഴി നല്കല് ചടങ്ങ്. അന്നത്തെ കാലത്ത് ഓണപ്പുടവ ആയിരുന്നു എങ്കില്‍, ഇന്ന് പണമായി മാറിയെന്ന് മാത്രം. തിരു-കൊച്ചി സംയോജനത്തോടെയും ഭരണ പരിഷ്കാരങ്ങള്‍ മാറിയതോടെയുമായിരുന്നു ഈ മാറ്റം. കോവിലകത്തെ പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകളും ഇതിനു അവകാശികളാണ്. അര നൂറ്റാണ്ടിലേറെയായി സതീ രത്നം തമ്പാന് ഉത്രാടക്കിഴി വാങ്ങിതുടങ്ങിയിട്ട്.
സര്‍ക്കാരിന്റെ പ്രതിനിധിയായി വില്ലേജ് ഓഫീസര്‍ നേരിട്ട് കോവിലകത്ത് എത്തിയാണ് അവകാശിക്ക് പണം നല്‍കുന്നത്. 2011 വരെ 15 രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. പിന്നീട് ഇത് 1000 രൂപയായി ഉയര്‍ത്തി. അവകാശികളുടെ എണ്ണം കൂടിയപ്പോള്‍ ഇത് ചടങ്ങ് മാത്രമായി മാറി.
കുട്ടിക്കാലത്ത് അമ്മാവന്മാരോടും സഹോദരിമാരോടും ഒപ്പം എളങ്കുന്നപ്പുഴ ക്ഷേത്രത്തിനു കിഴക്കുവശത്ത് നിന്ന് വഞ്ചിയില്‍ ആയിരുന്നു ഓണപ്പുടവ വാങ്ങിക്കാന്‍ പോയിരുന്നതെന്ന് സതീ രത്നം തമ്പാന് പറഞ്ഞു. കൊച്ചി രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്ന കുന്നിന്മേല് ബംഗ്ലാവ് എന്ന തൃപ്പൂണിത്തുറ ഹില്‍പ്പാലസില്‍ നേരിട്ടെത്തി വലിയ തമ്പുരാന്റെ പക്കല്‍ നിന്നായിരുന്നു ഓണപ്പുടവ വാങ്ങിയിരുന്നത്. ശേഷം തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിനു സമീപത്തെ കോട്ടയ്ക്കകം വന്നു കോവിലകത്തെ മുതിര്‍ന്ന സ്ത്രീ ആയ വലിയമ്മ തമ്പുരാന്റെ പക്കല്‍ നിന്നും ഓണപ്പുടവ വാങ്ങും. പുടവ വാങ്ങുവാന്‍ പോകുന്നതിനോടൊപ്പം കോവിലകത്തെ അംഗങ്ങള്‍ എല്ലാവരെയും കാണുവാനും വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും ഉള്ള ഒരു അവസരം കൂടി ആയിരുന്നു അത്. കോവിലകത്ത് പങ്കുവെക്കലിന്റെയും ദാനധര്‍മങ്ങളുടെയും ഉത്സവകാലമായിരുന്നു ഓണക്കാലം.
ഭരണം കൈമാറുമ്പോള്‍ പഴയ ആചാരങ്ങള്‍ തുടരണമെന്ന് സര്‍ക്കാറിനോട് രാജാവ് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനോട് ആവശ്യപെട്ട മൂന്ന് കാര്യങ്ങളില്‍ ഏറ്റവും പ്രധാനപെട്ട ഒന്നായിരുന്നു ഉത്രാട ക്കിഴി മുടങ്ങാതെ നല്‍കണം എന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്നും മുറതെറ്റാതെ ഉത്രാടക്കാഴ്ചയെത്തുന്നത്. പണ്ട് ഉത്രാടത്തിന്റെ അന്ന് ആണ് കിഴി കിട്ടിയിരുന്നത്. അങ്ങനെയാണ് ഈ പേര് ലഭിച്ചത്. എന്നാല്‍, ഇന്ന് ഓഫീസുകള്‍ക്ക് ഓണത്തിനു അവധി ആയതിനാല്‍ അത്തം തുടങ്ങി തിരുവോണം വരെ ഉള്ള ഏതെങ്കിലും ഒരു ദിവസം ഉത്രാടക്കിഴി നല്‍കുകയാണ് പതിവ്.
വിവാഹം, ജോലി മറ്റെന്തെങ്കിലുമായി ബന്ധപ്പെട്ടു താമസം മാറുമ്പോള്‍ ബന്ധപെട്ട അധികൃതരെ വിവരം അറിയിക്കണം. പുതിയ മേല്‍വിലാസത്തില്‍ കിഴി കൊണ്ട് വന്നു കൊടുക്കും. കൂടാതെ ഏതെങ്കിലും കാരണവശാല്‍ ഒരു വര്‍ഷംഇത് കൈപറ്റാതിരുന്നാല്‍ പിന്നീടുള്ള കൊല്ലം വീണ്ടും ലഭിക്കണമെങ്കില്‍ ആള് ജീവിച്ചിരിക്കുന്നുണ്ടെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
എണ്പത്തിരണ്ടു കാരിയായ സതി രത്നം തമ്പാന് എളങ്കുന്നപ്പുഴയില്‍ മകന് സജിത് വര്‍മ്മയോടൊപ്പം ആണ് താമസം. ഫോട്ടോഗ്രാഫര്‍ ആണ് സജിത് വര്‍മ്മ. മരുമകള്‍ പ്രശാന്തി സജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: