കല്‍പ്പറ്റ:തലശേരി പോക്സോ കോടതിയിലെ കൊട്ടിയൂര്‍ പീഡനക്കേസ് വിചാരണ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. കുറ്റാരോപിതരുടെ പട്ടികയില്‍നിന്നു ഒഴിവാക്കണമെന്ന അപേക്ഷ പോക്സോ കോടതി തള്ളിയതിനെത്തുടര്‍ന്ന് വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്മാന് അഡ്വ. ഫാ. തോമസ് ജോസഫ് തേരകവും അംഗമായിരുന്ന ഡോ. സിസ്റ്റര്‍ ബെറ്റിയും സമര്‍പ്പിച്ച റിവിഷന്‍ പെറ്റീഷന് പരിഗണിച്ചാണ് കീഴ്ക്കോടതി നടപടികള്‍ ജസ്റ്റിസ് സുധീന്ദ്രകുമാര്‍ സ്റ്റേ ചെയ്തത്.സീനിയര്‍ അഭിഭാഷകന് പി. വിജയഭാനു, അഡ്വ. ജോസ് തേരകം എന്നിവര്‍ മുഖേനയാണ് ഫാ.തേരകവും സിസ്റ്റര്‍ ബെറ്റിയും റിവിഷന്‍ പെറ്റീഷന് സമര്‍പ്പിച്ചത്. കേസ് വാദം കേള്‍ക്കുന്നതിനായി മാറ്റിയ ഹൈക്കോടതി ഹര്‍ജിക്കാര്‍ ഉന്നയിച്ച ആവശ്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്കി.
വൈദികനായിരുന്ന റോബിന് മാത്യുവാണ് കൊട്ടിയൂര്‍ പീഡനക്കേസില്‍ ഒന്നാം പ്രതി. പ്രതിപ്പട്ടികയില്‍ യഥാക്രമം ഒമ്പത്, പത്ത് സ്ഥാനങ്ങളിലാണ് ഫാ.തേരകവും സിസ്റ്റര്‍ ബെറ്റിയും.
കൊട്ടിയൂര്‍ സംഭവം മൂടിവയ്ക്കാന്‍ പ്രത്യക്ഷമായോ പരോക്ഷമായോ ശ്രമിച്ചിട്ടില്ലെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും വാദിച്ചാണ് കുറ്റാരോപിതരുടെ പട്ടികയില്‍നിന്നു നീക്കിക്കിട്ടുന്നതിനു ഇരുവരും പോക്സോ കോടതിയെ സമീപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: