കൈക്കോട്ടുയര്‍ത്തി തരിശുപാടത്തെ കിളച്ചു മറിക്കുന്ന വയോധികനെ തെല്ല് അതിശയത്തോടെയാണ് നാട്ടുകാര്‍ കാണുന്നത്. അതെ, മണ്ണിനോട് മത്സരിക്കുമ്പോള്‍ പ്രായം മറക്കും ഈ മനസ്സ്. എണ്‍പതാം വയസിലും മണ്ണില്‍ പൊന്നുവിളയിച്ച് വിശ്വംഭര പണിക്കര്‍ എന്ന കര്‍ഷകന്‍ വിളിച്ചു പറയുന്നു ‘മണ്ണിന്റെ ഹൃദയമറിഞ്ഞാല്‍ പിഴയ്‌ക്കില്ല ഒരു കൃഷിയും.’
വാര്‍ധക്യത്തിലും കൃഷിയില്‍ സജീവമായ നെയ്യാര്‍ഡാം മരക്കുന്നം പ്രശാന്ത് ഭവനില്‍ വിശ്വംഭര പണിക്കര്‍ ഒരു നാടിന്റെയാകെ അഭിമാനമായത് കാര്‍ഷിക പഴമയുടെ തനിയാവര്‍ത്തനം സ്വന്തം പാടത്ത് കോറിയിട്ടതോടെയാണ്. പാടം ഉഴുതുമറിക്കാന്‍ യന്ത്ര സഹായം തേടുന്നവര്‍ക്ക് അപമാനമാണ് വിശ്വംഭരന്‍.’മണ്ണറിയാതെ മണ്ണിന്റെ മാറുപിളര്‍ന്ന് കാലം നോക്കി കൃഷിയിറക്കണം. കൃഷിക്കാരന്റെ പ്രാര്‍ത്ഥനയാകണം ഭൂമിക്കുനല്‍കുന്ന ആദ്യ വളം. മണ്ണ് ചതിക്കില്ല.’ വിശ്വംഭരന്‍ പങ്കു വയ്‌ക്കുന്നത് പാഠശാലയില്‍ പുസ്തകത്താളില്‍ നിന്നുള്ള അറിവല്ല,
കാലം പകര്‍ന്ന നാട്ടറിവാണ്. കൃഷിയില്‍ വലിയ പാരമ്പര്യമൊന്നും അവകാശപ്പെടുന്നില്ല വിശ്വംഭരന്‍. തനിക്കു ശേഷം ഇരുന്നുണ്ണാന്‍ മാത്രം ശീലിച്ച മക്കളാരും ചേറുജീവിതത്തിലേക്ക് ഇറങ്ങുമെന്ന പ്രതീക്ഷയുമില്ല. പക്ഷേ, കൃഷിയെ ജീവവായു പോലെ പ്രണയിക്കുന്ന വിശ്വംഭരന് ഇതുവിട്ടൊരു ജീവിതമില്ല.
വാഴ, പച്ചക്കറി, മരിച്ചീനി തുടങ്ങിയ കൃഷികളാണ് രണ്ടേക്കറോളം വരുന്ന വിശ്വംഭരന്റെ പാടത്തുള്ളത്. മണ്ണില്‍ വിഷം തൂകാതെയുള്ള കൃഷിരീതിയാണ് വിശ്വംഭരന് ശീലം. പുലര്‍ച്ചെ അഞ്ചിന് പാടത്തിറങ്ങിയാല്‍ വൈകുവോളം അധ്വാനിക്കും. സ്വന്തം വിയര്‍പ്പ് മണ്ണില്‍ ചാലിച്ചുണ്ടാകുന്നത് കഴിക്കുമ്പോള്‍ സ്വാദേറുമെന്ന ഈ വൃദ്ധന്റ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് വൈറ്റ് കോളര്‍ സങ്കല്‍പ്പത്തില്‍ ജീവിക്കുന്ന പുതു തലമുറയ്‌ക്കുള്ള മറുപടി കൂടിയാണ്. കൃഷി ആദായകരമല്ലെന്ന പരിവേദനങ്ങള്‍ വിശ്വംഭരനെന്ന ഇരുത്തം വന്ന കര്‍ഷകന്‍ ഖണ്ഡിക്കുന്നത് തന്റെ കൃഷിയിടം ചൂണ്ടിക്കാണിച്ചാണ്. ചെമ്പട്ടു പുതച്ചതു പോലെ കൊഴുത്തു നില്‍ക്കുന്ന ചീരത്തോട്ടം, കത്തിരിയും വെണ്ടയും വഴുതനയും ആരെയും മോഹിപ്പിക്കുന്ന വലിപ്പത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. പടവലവും വെള്ളരിയും വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലെ ഭീമാകാരന്മാര്‍. ജൈവകൃഷിയിലൂടെ ഹരിതാഭമാക്കി മാറ്റിയ കൃഷിഭൂമിയില്‍ വിളയുന്നതൊക്കെ നൂറുമേനി. കൃഷിയില്‍ നഷ്ടം സംഭവിച്ച കണ്ണീര്‍ കഥകളും വിശ്വംഭരന് പങ്കുവയ്‌ക്കാനില്ല. ‘ലാഭകരമാണ് എനിക്ക് കൃഷി’- ഒറ്റവാക്കില്‍ മറുപടി.
കൃഷി ജീവിതത്തിന്റെ ഭാഗമാക്കിയതുകൊണ്ടാവാം രോഗങ്ങളൊന്നും തന്നെ പിടികൂടാറില്ലെന്ന് വിശ്വംഭരന്‍ പറയുന്നു. വിവാഹം കഴിഞ്ഞു പല സ്ഥലങ്ങളിലായി താമസിക്കുന്ന മക്കളും കൊച്ചുമക്കളും വീട്ടില്‍ എത്തിയാല്‍ അവര്‍ക്കു കൈനിറയെ വിഷമയമില്ലാത്ത പച്ചക്കറികളും വിശ്വംഭര പണിക്കര്‍ സമ്മാനമായി കൊടുത്തയയ്‌ക്കും. ഭാര്യ ഭാരതിയും മക്കളും ഇദ്ദേഹത്തിന്റെ കൃഷിയോടുള്ള അര്‍പ്പണ ഭാവത്തെ അഭിമാനത്തോടെയാണ് കാണുന്നത്. ഇക്കുറി കടുത്തവേനലായിട്ടും തന്റെ കൃഷിയിടത്തില്‍ ജലക്ഷാമം ഉണ്ടാകാതെ നോക്കാന്‍ ഇദ്ദേഹം പരിശ്രമിച്ചു. നീര്‍ച്ചാലുകള്‍ വെട്ടിത്തുറന്നും ചുമട്ടു വെള്ളം കോരിയും കൃഷിയെ പരിപാലിച്ചു. വേനല്‍ക്കാലത്ത് അനുഭവിച്ച ദുരിതങ്ങള്‍ക്ക് ദൈവത്തിന്റെ സമ്മാനമെന്നോണം മികച്ച വിളവാണ് ഈ കര്‍ഷക മുത്തച്ഛന് പാടത്തുനിന്ന് കിട്ടിയത്. സമപ്രായക്കാര്‍ ഊന്നുവടിയുടെ സഹായത്താല്‍ മുടന്തിനീങ്ങുമ്പോള്‍ വിശ്വംഭരന്‍ ഓര്‍മ്മിപ്പിക്കുന്നു’ വിയര്‍ത്തുണ്ടാല്‍ കിതയ്‌ക്കില്ല’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: