ന്യൂദല്‍ഹി: ചരക്ക് സേവന നികുതി നിലവില്‍ വന്ന സാഹചര്യത്തില്‍ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പെട്രോളിയം ഉല്‍പ്പങ്ങളുടെ മേല്‍ ചുമത്തുന്ന മൂല്യവര്‍ദ്ധിത നികുതിയുടെ (വാറ്റ്) ഭാരം കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.
നിര്‍മ്മാണ ആവശ്യങ്ങള്‍ക്കുള്ള പെട്രോളിയം ഉല്‍പ്പങ്ങളുടെ വാറ്റ് നിരക്ക് കുറയ്ക്കാനുള്ള സാധ്യത എല്ലാ സംസ്ഥാനങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ജി.എസ്.റ്റി. നിലവില്‍ വരുന്നതിന് മുമ്പ് പെട്രോളിയം ഉല്‍പ്പങ്ങള്‍ക്കും അവ ഉപയോഗിച്ച് നിര്‍മ്മിച്ചവയ്ക്കും മൂല്യവര്‍ദ്ധിത നികുതി ഒരു പോലെ ചുമത്തിയിരുന്നു. ചില സംസ്ഥാനങ്ങളില്‍ ദ്രവീകൃത പ്രകൃതി വാതകത്തിന് (സി.എന്‍.ജി) 5% ആയിരുന്നു വാറ്റ് നികുതി. നിര്‍മ്മാണ മേഖലയ്ക്ക് ആവശ്യമായ ഡീസലിന് കുറഞ്ഞ നിരക്കിലുള്ള വാറ്റാണ് ചുമത്തിയിരുന്നത്.
എന്നാല്‍ ജി.എസ്.റ്റി. നിലവില്‍ വന്നതോടെ ചരക്കുകള്‍ക്ക് ജി.എസ്.റ്റിയും അവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പെട്രോളിയം ഉല്‍പ്പങ്ങള്‍ക്ക് വാറ്റും ചുമത്തുന്ന സാഹചര്യം ഉണ്ടായി. ഇത് നികുതി ഭാരം വര്‍ദ്ധിപ്പിക്കുന്നുവെന്ന് കാണിച്ച് നിര്‍മ്മാണ മേഖല ഉയര്‍ത്തിയ ആശങ്കയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്രമന്ത്രി കത്തയച്ചത്. വാറ്റ് നികുതി സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വാറ്റ് കുറയ്ക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ എതിര്‍ക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: