കല്‍പ്പറ്റ: അടിക്കടി ശമ്പള വര്ധനവിലുടെയും മറ്റ് ആനുകൂല്യങ്ങളിലൂടെയും ഉദ്യോഗസ്ഥ വൃന്ദത്തെ തീറ്റിപ്പോറ്റുന്ന സര്‍ക്കാര്‍ കര്‍ഷകരെ പാടെ അവഗണിക്കുന്നതില്‍ ശക്തമായ പ്രതിഷേധമുയരുന്നു. കര്‍ഷക വയോജനവേദി എന്ന സംഘടനയാണ് സംസ്ഥാനതലത്തില്‍ കര്‍ഷകരെ സംഘടിപ്പിച്ച് വന്‍ പ്രക്ഷോഭങ്ങള്‍ക്ക് തയാറെടുക്കുന്നത്. ആദ്യഘട്ടമായി ഓഗസ്റ്റ് 17ന് സംഘടന വയനാട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. നിലവില്‍ വയനാട് ജില്ലയില്‍ ഏറെക്കുറെ കര്‍ഷക വയോജനവേദി യൂണിറ്റുകള്‍ രൂപീകരിച്ചു കഴിഞ്ഞു. മറ്റ് ജില്ലകളില്‍ സംഘടനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കര്‍ഷക പെന്ഷന് വിതരണം സര്‍ക്കാര്‍ കുടിശിക വരുത്തുന്നതിനൊപ്പം തന്നെ, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം പതിനായിരങ്ങളും ലക്ഷങ്ങളും പെന്‍ഷനായി വാങ്ങുന്നവര്‍ക്ക് മറ്റ് പെന്‍ഷനുകളും ആനുകൂല്യങ്ങളും നല്കുമ്പോള് പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്തി കര്‍ഷകര്‍ക്ക് പെന്ഷന് നിഷേധിക്കുകയാണെന്നാണ് കര്‍ഷക വയോജനവേദിയുടെ പരാതി.
കര്‍ഷക പെന്ഷന് ലഭിക്കുന്നവര്‍ക്ക് ക്ഷീരകര്‍ഷക പെന്ഷന് നിഷേധിക്കുന്നത് ഇരട്ടത്താപ്പിന് ഉദാഹരണമാണെന്ന് സംസ്ഥാന പ്രസിഡന്റ് എം. സുരേന്ദ്രന് ചൂണ്ടിക്കാട്ടി. ക്ഷീരകര്‍ഷക പെന്ഷന് നല്‍കുന്നത് ക്ഷീര കര്ഷകന് അടയ്ക്കുന്ന വിഹിതം കൂടി ഉപയോഗിച്ചാണ്.
അതേ സമയം സര്‍വീസ് പെന്ഷന് വാങ്ങുന്നവര്‍ ഒരു തടസവുമില്ലാതെ ക്ഷീരകര്‍ഷക പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുകയും ചെയ്യുന്നു. കര്‍ഷക തൊഴിലാളി പെന്ഷന് വാങ്ങുന്നവര്‍ക്കും കര്‍ഷക പെന്ഷന് നിഷേധിക്കുകയാണ്. കര്‍ഷക പെന്ഷന് ഒന്നര ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചതും അനീതിയാണെന്ന് കര്‍ഷക വയോജനവേദി അഭിപ്രായപ്പെടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷനും വരുമാനത്തിന് അനുസരിച്ച് നിജപ്പെടുത്തണമെന്നും കര്‍ഷക – സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് ഏകീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിധിവിട്ട് ശമ്പള വര്‍ധനവും മറ്റ് ആനുകൂല്യങ്ങളും നല്കുന്നതില് പ്രതിഷേധിച്ചും കര്‍ഷക ആവശ്യങ്ങള്‍ക്കായും വയനാട് കലക്ടറേറ്റ് പടിക്കല്‍ സമരം ചെയ്ത തങ്ങളെ ഉദ്യോഗസ്ഥര്‍ ആസൂത്രിതമായി നിയമക്കുരുക്കില്പെടുത്തിയെന്ന് എം. സുരേന്ദ്രന് വെളിപ്പെടുത്തി. ഗതാഗത തടസമുണ്ടാക്കിയെന്ന് കാണിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 30 ആളുകള്‍ക്ക് 1800 രൂപ വീതം കോടതിയില്‍ പിഴ അടക്കേണ്ടി വന്നു. ശബ്ദിക്കുന്ന കര്‍ഷകരെ അടിച്ചമര്‍ത്തുന്ന നയമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. കര്‍ഷക പെന്ഷന് 6000 രൂപയാക്കി വര്‍ധിപ്പിക്കുക, വയോജന കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുക, രണ്ട് ല്ക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് സൗജന്യമാക്കുക, മൊബൈല്‍ ചികിത്സ യൂണിറ്റുകളുടെ സേവനം ഏര്‍പ്പെടുത്തുക, മാനദണ്ഡമില്ലാതെ കര്‍ഷക പെന്ഷന് അനുവദിക്കുക, ഒരാള്‍ക്ക് ഒരു പെന്ഷന് എന്ന മാനദണ്ഡത്തില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കുക, കര്‍ഷകരുടെ ആശ്രിതര്‍ക്ക് പെന്ഷന് അനുവദിക്കുക, വന്യമൃഗശല്യത്തില്‍ നിന്ന് കാര്‍ഷിക മേഖലയെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷക വയോജനവേദി ഉന്നയിക്കുന്നുണ്ട്. പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പി.എന്‍. സുധാകരന്, ജില്ലാ സെക്രട്ടറി എം.എ. അഗസ്റ്റിയന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: