അമ്പലവയല്‍: രണ്ടുവര്‍ഷം കൊണ്ട് കായ്ക്കുന്ന കുള്ളന്‍ വരിക്കമുതല് ചെറിയ കൈപ്പിടിയോളം പോന്ന ചക്കകള്‍ വരെ അണിനിരത്തി അമ്പലവയലിലെ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലാരംഭിച്ച ചക്ക മഹോത്സവം അല്‍ഭുതങ്ങളുടെ നിധികുംഭമായി മാറി. ലോകത്തെ തന്നെ ഏറ്റവും പ്രിയപ്പെട്ട ചക്കയിനമായ മലേഷ്യന്‍ ജെ.33 ഇനം മലേഷ്യയില്‍ നിന്നാണ് അമ്പലവയിലിലെ പ്രദര്‍ശനത്തിനായി എത്തിച്ചിട്ടുള്ളത്. രണ്ട് മലേഷ്യന്‍ ചക്കകളാണ് കാണികളെ പ്രവേശന കവാടത്തില്‍ സ്വീകരിക്കുന്നത്. ഏറ്റവും മികച്ച ഇനമെന്നും മധുരമുള്ള ഇനമെന്നും പേരുകേട്ടതാണ് ഈ മലേഷ്യന്‍ അതിഥി. കര്‍ണാടകയില്‍ നിന്നുള്ള ജാക്ക് അനില്‍ കൊണ്ടുവന്ന നിന്നിക്കല്ല് ഡ്വാര്‍ഫ് ഇനം രണ്ടുവര്‍ഷം കൊണ്ട് കായ്ക്കുമെന്നതാണ് പ്രത്യേകത. ചുവന്ന നിറം കൊണ്ടും തേന്‍ മധുരം കൊണ്ടും ഹൃദ്യമായ സുഗന്ധം കൊണ്ടും ശ്രദ്ധേയമായ പത്താമുട്ടം വരിക്ക, ചുവന്ന സിന്ധൂര തുടങ്ങിയ ഇനങ്ങള്‍ക്ക് ചക്കമഹോത്മവത്തില് ആവശ്യക്കാര്‍ ഏറെയാണ്. 100 മുതല്‍ 300 രൂപവരെയാണ് വില. ചക്ക വിഭാഗത്തില്‍ നിന്നുള്ള ചെമ്പടക്ക് കൂട്ടത്തില്‍ വ്യത്യസ്തനാണ്. മലബാര്‍ ജാക്ക് ഫ്രൂട്ട് ഫാര്‍മേഴ്സ് ഡെവലപ്മെന്റ് സൊസൈറ്റി ഒരുക്കിയിട്ടുള്ള സ്റ്റാള്‍ പ്ലാവിനങ്ങളുടെ വിസ്മയക്കാഴ്ചയാണ് ഒരുക്കിയിട്ടുള്ളത്. ജാക്ക് ഡ്വാന്‍ സൂര്യ, പശ്ചിമബംഗാളില്‍ നിന്നുള്ള സിന്ദൂരം ചുവപ്പ്, പിങ്ക് ഇനങ്ങള്‍, റോസ് വരിക്ക, ഗംലെസ്സ്, ഓള് സീസണ് പ്ലാവ്, തേന്‍ വരിക്ക, തായ്ലന്ഡ് പ്ലാവ്, ദുരിയാന്‍ തുടങ്ങി ഒത്തിരി പടര്‍ന്ന് പന്തലിക്കാത്തതും മൂന്നുമുതല്‍ നാല് വര്‍ഷം കൊണ്ട് വിളവ് ലഭിക്കുന്നതുമായ പ്ലാവിനങ്ങള്‍ ഇവര്‍ ഒരുക്കിയിരിക്കുന്നു. ആറു മാസം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സൊസൈറ്റി കര്‍ഷകരില്‍ നിന്ന് ചക്ക ഉള്‍പ്പടെയുള്ള കാര്‍ഷിക വിളകള്‍ വാങ്ങി വിപണി ഒരുക്കാനുള്ള ശ്രമത്തിലാണെന്ന് പ്രസിഡന്റ് മൈക്കിള്‍ പുല്‍പ്പള്ളി പറയുന്നു. കൂടാതെ ശീതകാല കൃഷിയിനങ്ങളായ അവാക്കാഡോ, സ്ട്രേബറി, റംബൂട്ടാന് തുടങ്ങി കുരുമുളക് ഇനങ്ങള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന തൈകളും നഴ്സറികളില്‍ ഒരുങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: