കോഴിക്കോട്: മാവൂരിലെ കുടിവെള്ളത്തില്‍ കോളറ സ്ഥിരീകരിച്ച് പരിശോധനാ റിപ്പോര്‍ട്ട്. കുടിവെള്ള സ്രോതസുകളില്‍ കോളറയ്ക്ക് കാരണമായ വിബ്രിയോ കോളറ എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. സിഡബ്യുആര്‍ഡിഎമ്മില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ആരോഗ്യവകുപ്പിന് തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മാവൂരില്‍ കോളറ ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചിരുന്നു. മാവൂര്‍ തെങ്ങിലക്കടവ് ഭാഗത്ത് അഞ്ചോളം പേര്‍ക്ക് കോളറ രോഗലക്ഷണങ്ങളും പ്രകടമായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വെള്ളത്തിന്റെ സാമ്പിള്‍ വീണ്ടും പരിശോധിച്ചത്.
മാവൂരിലെ കുടിവെള്ളം മലിനമാണെന്ന് നേരത്തെ തന്നെ ജലവിഭവ വകുപ്പ് കണ്ടെത്തിയിരുന്നു. 2012 ഏപ്രിലില്‍ മാവൂരിലെ വിവിധ ഇടങ്ങളില്‍ ജലവിഭവ വകുപ്പിന്റെ മൊബൈല്‍ യൂണിറ്റ് നടത്തിയ പരിശോധനയില്‍ ഈ പ്രദേശത്തെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു.
വെള്ളത്തില്‍ വിബ്രിയോ ബാക്ടീരിയുടെ സാന്നിധ്യമുണ്ടെന്നും ഇ കോളിബാക്ടീരിയ അനുവദനീയമായതില്‍ നിന്നും ഏറെ കൂടുതലാണെന്നും കണ്ടെത്തി. എന്നാല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വകുപ്പ് നല്കിയ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് അധികൃതരും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും അവഗണിച്ചതായുള്ള ആരോപണവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: