വരന്തരപ്പിള്ളി: ഡെങ്കിപനിയും മഞ്ഞപിത്തവും പടരുന്ന വരന്തരപ്പിള്ളി പഞ്ചായത്തിലെ ആദിവാസി കോളനികള്‍ ആശങ്കയില്‍. എലിക്കോട്, ഒളനപറമ്പ്, ചീനിക്കുന്ന്, എച്ചിപ്പാറ കോളനികളിലാണ് പനി പടര്‍ന്ന് പിടിക്കുന്നത്. എലിക്കോട് കോളനിയില്‍ അഞ്ച് പേര്‍ക്ക് ഡെങ്കിപനിയും നാല് പേര്‍ക്ക് മഞ്ഞപിത്തവും സ്ഥിരീകരിച്ചു.
ഡെങ്കിപനി ലക്ഷണംകണ്ടവര് മുളങ്കുന്നത്തുക്കാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിയതിന് ശേഷം കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. പതിനെട്ട് വീടുകളുള്ള കോളനിയില്‍ ഭൂരിഭാഗം വീടുകളിലും പനി കണ്ടെത്തിയിട്ടുണ്ട്.
ഒരു മാസം മുന്‍പ് ഒളനപറമ്പ്, നടാംപാടം എന്നീ കോളനികളില്‍ എലിപ്പനി ബാധിച്ച് രണ്ട് പേര് മരിച്ചിരുന്നു. ഒളനപറമ്പ് കോളനിയിലെ മലയന്‍ വീട്ടില്‍ തങ്കപ്പന്, നടാംപാടം കോളനിയിലെ മലയന്‍ വീട്ടില്‍ സുകുമാരന്‍ എന്നിവരാണ് മരിച്ചത്. എച്ചിപ്പാറ കോളനിയില്‍ ഒരാള്‍ക്ക് ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കള്ളിചിത്ര കോളനിയില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ മരുന്ന് വിതരണം ചെയ്തു. മറ്റ് കോളനികളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൊടകര ബ്ലോക്ക് ട്രൈബല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും നടത്തിയിരുന്നു. കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളും ക്ലോറിനേഷനും ഫോഗിംഗും ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്.
ഗര്‍ഭിണികള്‍ക്ക് പനി പിടിപെടാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലെടുക്കുന്നുണ്ട്. എലിക്കോട് കോളനിയിലെ പൊതുകിണറിലെ വെള്ളം പരിശോധനക്കായി മെഡിക്കല്‍ കോളേജിലെ കെമിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രേമ, ബ്ലോക്ക് ട്രൈബല്‍ ഓഫീസര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കോളനികള്‍ക്ക് ചുറ്റുമുള്ള റബ്ബര്‍ തോട്ടങ്ങള്‍ കാടുമൂടി കിടക്കുന്നതും ഇലകള്‍ ചീഞ്ഞതും കൊതുക് പെരുകാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് കോളനി നിവാസികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: