കൊച്ചി: ലോക അത്ലറ്റിക് മീറ്റില്‍ പി.യു. ചിത്രയ്ക്ക് അവസരം നിഷേധിക്കപ്പെട്ടതില്‍ ഫെഡറേഷനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. യുവതാരങ്ങളുടെ മനോവീര്യം കെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ഫെഡറേഷന് നടത്തുന്നതെന്നും അത്ലറ്റുകളെ മത്സരത്തില്‍ നിന്നു മാറ്റി നിര്‍ത്തുന്നതിനാണ് ശ്രമമെന്നും കോടതി കുറ്റപ്പെടുത്തി.
ചിത്രയ്ക്ക് മത്സരിക്കാനാവാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ചിത്രയെ പങ്കെടുപ്പിക്കണമെന്ന സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഡിവിഷന് ബെഞ്ച് നീക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് ഡിവിഷന് ബെഞ്ചിന്റെ തീരുമാനം. ഇടക്കാല ഉത്തരവിനെതിരെ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് നല്കിയ അപ്പീലിലാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നടപടി.
ലോക ചാമ്പ്യന്‍ഷിപ്പില്‍ അവസരം നഷ്ടപ്പെട്ട അത്ലറ്റിന് സാമ്പത്തിക നഷ്ടപരിഹാരം നല്കിയാല് പോരെന്നു കോടതി പറഞ്ഞൂ. ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനെ കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവു നല്‍കിയതെന്ന വാദം ഡിവിഷന് ബെഞ്ച് അംഗീകരിച്ചില്ല. ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് നോട്ടീസ് നല്‍കിയിരുന്നു. അതേ സമയം അന്തിമ വിധിയ്ക്കു തുല്യമായ ഇടക്കാല വിധിയാണ് സിംഗിള്‍ബെഞ്ച് നല്‍കിയത് എന്ന വാദത്തില്‍ കഴമ്പുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്താകാം സിംഗിള്‍ബെഞ്ച് ഇത്തരമൊരു ഉത്തരവു നല്‍കിയത്. അത്ലറ്റിക് വിദഗ്ദ്ധ സംഘത്തിന്റെ തീരുമാനമാണ് സിംഗിള്‍ബെഞ്ച് നിരസിച്ചതെന്ന വാദവും ഡിവിഷന് ബെഞ്ച് പരിഗണിച്ചു.
പി.യു. ചിത്ര ഏഷ്യന്‍ ചാമ്പ്യനായിട്ടും മോശം പ്രകടനമെന്ന പേരില്‍ ഒഴിവാക്കി. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചു മികച്ച പ്രകടനം നടത്തി എന്നാണ് അര്‍ഹതയില്ലാത്തവരെ ഉള്‍പ്പെടുത്താന്‍ ന്യായമായി പറയുന്നത്. ലക്ഷ്മണയെ ഉള്‍പ്പെടുത്തിയത് ഇതേ ന്യായം പറഞ്ഞാണ്. ഒരു സമിതി ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ പൊതുജനം എന്താവും കരുതുക ? ഫെഡറേഷന് സ്പോര്‍ട്സിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? അത്ലറ്റുകളെ മത്സരത്തില്‍ നിന്ന് മാറ്റി നിറുത്താനായി കാരണം കണ്ടെത്തുകയാണോ നിങ്ങള്‍ ചെയ്യുന്നത് ? യുവതാരങ്ങളെ നിരുത്സാഹപ്പെടുത്തുകയാണോ ? യുവതാരങ്ങളുടെ മനോവീര്യം കെടുത്തുകയാണോ ? ഇതാണോ ഫെഡറേഷന് വഹിക്കുന്ന പങ്ക് ? ഉത്തരവാദിത്വപ്പെട്ട ഒരു സമിതി വ്യക്തമായ ഒരു നടപടിയെടുത്താല്‍ പൊതുജനമദ്ധ്യത്തില്‍ ചോദ്യം ചെയ്യപ്പെടില്ല.
കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സമിതി ഇത്തരം പ്രവര്‍ത്തനത്തിലൂടെ എന്തു ലക്ഷ്യമാണ് കൈവരിക്കുന്നത് ? ഒരു യുവതാരത്തെ ഒരു പ്രത്യേക ദിവസം മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്ന കാരണത്താല്‍ എങ്ങനെയാണ് ഒഴിവാക്കുന്നത് ? . മില്‍ഖാ സിംഗ് ടോക്കിയോവില്‍ ഓടിയത് ഇന്ത്യന്‍ അംബാസഡര്‍ നല്കിയ ഷൂസ് നല്‍കിയാണ്. ചിത്രയെ മത്സരത്തില്‍ പങ്കെടുപ്പിക്കുകയാണ് വേണ്ടിയിരുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നതിനു മുമ്പ് അത്ലറ്റിനെ ഫെഡറേഷന് തോല്‍പ്പിച്ചു. ചിത്രയെ പങ്കെടുപ്പിക്കാതിരുന്നതിലൂടെ ഫെഡറേഷന് എന്തു നേട്ടമുണ്ടായി ? – കോടതി വാക്കാല്‍ ചോദിച്ചു.
ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി നടപ്പാക്കിയില്ലെന്നാരോപിച്ച് പി യു ചിത്ര സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയില്‍ അത്ലറ്റിക്ക് ഫെഡറേഷന് ഓഫ് ഇന്ത്യ ഭാരവാഹികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇവര്‍ വിശദീകരണം നല്‍കണം. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: