കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം മുതല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരം സ്വകാര്യ ബസുകളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. എല്ലാവര്ക്കും തുല്യപരിഗണന നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും നടപ്പിലായപ്പോള്‍ പ്രധാന പാര്‍ക്കിംഗ് സ്ഥലമെല്ലാം കെഎസ്ആര്‍ടിസി കൈയ്യടക്കിയിരിക്കുകയാണ്.
നഗരത്തില്‍ വരുന്ന പതിനായിരകണക്കിന് വാഹനങ്ങള്‍ക്ക് ഒരു ഫീസും നല്‍കാതെ ഇഷ്ടംപോലെ സമയം പാര്‍ക്ക് ചെയ്യാമെങ്കിലും നിയമപ്രകാരം പാര്‍ക്കിംഗ് ഫീസ് നല്കുന്ന ഏക വാഹനമായ സ്വകാര്യ ബസ്സുകളെ തീര്‍ത്തും അവഗണിച്ചു കൊണ്ടാണ് നഗരസഭ തീരുമാനമെടുത്തിരിക്കുന്നത്. മാവുങ്കാല്‍ വഴി കിഴക്കന്‍ ഭാഗമായ പാണത്തൂര്‍, ഒടയംചാല്‍, കൊന്നക്കാട്, തായന്നൂര്‍ പോകുന്ന ബസ്സുകള്‍ക്ക് പുതുതായെര്പ്പെടുത്തിയ പരിഷ്കാരത്തിലുള്ള പാര്‍ക്കിംഗ് സ്ഥലം യാത്രക്കാരുടെ ശ്രദ്ധയില്‍പ്പോലും പെടാത്തയിടത്താണ്.
ബസ്സ്സ്റ്റാന്റ് കേന്ദ്രീകരിച്ച് കെഎസ്ആര്‍ടിസി മാത്രമെ കാണുന്നുള്ളു. ഇത് സ്വകാര്യ ബസ്സുകള്‍ക്ക് കടുത്ത സാമ്പത്തിക ദുരിതത്തിന് ഇടയാക്കിയിരിക്കുകയാണ്. ഈ പരിഷ്ക്കാരം അടിയന്തിരമായി പുനരവലോകനം ചെയ്ത് മുഴുവന്‍ സ്വകാര്യ ബസ്സുകള്‍ക്കും ബസ്സ്സ്റ്റാന്റ് കേന്ദ്രീകരിച്ച് സൗകര്യ പ്രദമായ രീതിയില്‍ സര്‍വ്വീസ് നടത്താന്‍ നടപടിയുണ്ടാകാത്ത പക്ഷം സംഘടന പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്ത് വരുമെന്ന് ബസ്സ് ഓണേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
ഇത് സംബന്ധിച്ച് മുന്‍സിപ്പല്‍ ചെയര്മാന്, കാഞ്ഞങ്ങാട് ഡിവൈഎസ്പി, കാഞ്ഞങ്ങാട് സിഐ എന്നിവര്‍ക്ക് ഹൊസ്ദുര്‍ഗ് താലൂക്ക് ബസ്സ് ഓണേഴ്സ് അസോസിയേഷന് നിവേദനം നല്കി. യോഗത്തില്‍ പ്രസിഡന്റ് സി.രവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം.ശ്രീപതി, പി.വി.പത്മനാഭന്, എം.ഹസൈനാര്‍, ടി.വി.മാധവന്, എച്ച്.പി.ശാന്താറാം, കെ.ടി.സുരേഷ്ബാബു, പി.സുകുമാരന്‍, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: