കാസര്‍കോട്: കടലാടിപ്പാറയില്‍ ആശാപുര കമ്പനിക്ക് ബോക്സൈറ്റ് ഖനനം നടത്താന്‍ ലഭിച്ച അനുമതിയുടെ പേരില്‍ വിവാദങ്ങള്‍ കൊഴുക്കുന്നു. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍പെട്ട കടലാടിപ്പാറയില്‍ ബോക്സൈറ്റ് കളിമണ്‍ ഖനനം പുനരാംഭിക്കാന്‍ റവന്യൂവിഭാഗം താത്പര്യമെടുക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. ഖനന വിഷയത്തില്‍ സിപിഎമ്മും സിപിഐയും തുറന്ന പോരിലേക്ക് കടന്നിരിക്കുകയാണ്.
റവന്യൂവകുപ്പിനെതിരെ ആഞ്ഞടിക്കുന്നതിലൂടെ ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയെ വെള്ളം കുടിപ്പിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. 2007ലെ വിഎസ് അച്യുതാനന്ദന് സര്‍ക്കാറിന്റെ കാലത്താണ് ഖനനത്തിന് ഏറെക്കുറെ അനുമതി നല്‍കിയത്. അന്ന് എളമരം കരീമിന്റെ നേതൃത്വത്തില്‍ പ്രദേശത്തിന്റെ ഘടനയെ കുറിച്ച് പഠിക്കാന്‍ ടെക്നിക്കല്‍ കമ്മറ്റിയെ വെച്ചതുമാണ്. 2009 ല്‍ സിപിഎം ജില്ലാ കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്പനിയുടെ ഗുജറാത്തിലുള്ള ഖനന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
ജനങ്ങളെ സമരത്തിന് ഇറക്കി വിട്ട് നാടകം കളിക്കുകയാണ് സിപിഎം ചെയ്യുന്നത്. കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്ക് നല്കിയ അനുമതി റദ്ദാക്കാതെ സമരനാടകവുമായി രംഗത്ത് വന്നതെന്തിനാണെന്ന ആരോപണം ശക്തമാകുന്നു. കഴിഞ്ഞ കാലങ്ങളില്‍ നിലേശ്വരത്ത് എത്രയും പെട്ടെന്ന് ബോക്സൈറ്റ് ഖനനം നടത്തി വികസന പുരോഗതി കൊണ്ടുവരണമെന്ന് പറഞ്ഞ സിപിഎമ്മാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ആശാപുര കമ്പനിക്ക് വേണ്ടി ആഗസ്ത് അഞ്ചിന് നടത്തുന്ന പൊതുതെളിവെടുപ്പ് ബഹിഷ്ക്കരിക്കാനും തെളിവെടുപ്പ് നടക്കുന്ന നീലേശ്വരം ബ്ലോക്ക് ഓഫീസ് ഹാള്‍ ഉപരോധിക്കാനും സര്‍വ്വകക്ഷി ജനകീയ സമിതി തീരുമാനിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരും കമ്പനി ലോബിയും ഒത്തുകളിച്ചാണ് തെളിവെടുപ്പ് നടത്തുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ആശാപുര കമ്പനിക്ക് 2007 ല്‍ നല്കിയ മൈനിംഗ് ലീസ് പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
2015 ജനുവരി 13ന് അന്നത്തെ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി പ്രതിനിധികളുടേയും കമ്പനി ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ വ്യക്തമായ തെളിവുകളില്ലെങ്കില്‍ ഹിയറിങ് നടത്താന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. അന്ന് കാഞ്ഞങ്ങാട് സബ് കലക്ടര്‍ ആയിരുന്ന ഇന്നത്തെ ജില്ലാ കലക്ടര്‍ കെ.ജീവന്‍ബാബുവിന്റെ നേതൃത്വത്തിലാണ് ആഗസ്ത് അഞ്ചിന് കമ്പനി പ്രതിനിധികളുമായി ഹിയറിങ് നടത്തുന്നത്. ഇഐഎ വിജ്ഞാപനത്തിന്റെ അന്തസത്തക്ക് നിരക്കാത്ത നടപടിയാണ് കലക്ടര്‍ ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും ഭാരവാഹികള്‍ പറയുന്നത്. പദ്ധതിയെകുറിച്ചുള്ള ആശങ്കകള്‍ മാറ്റാനായി ഹൈക്കോടതി നിര്‍ദ്ദേശാനുസരണം നടത്തുന്ന തെളിവെടുപ്പ് തടസ്സപ്പെടുത്തുന്നത് വഴി സിപിഎം പ്രദേശത്ത് നടത്തിയിരിക്കുന്ന ഭൂമി കയ്യേറ്റങ്ങള്‍ക്ക് മറയിടാനാണെന്ന് ആരോപണമുണ്ട്. തെളിവെടുപ്പില്‍ പങ്കെടുത്ത് ജനങ്ങളുടെ ആശങ്കളും പരാതികളും അഭിപ്രായങ്ങളും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കാതെ വോട്ട് ബാങ്ക് ലക്ഷ്യമാക്കി രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഎം ശ്രമം. സിപിഎം നിലേശ്വരം എരിയ സെക്രട്ടറി ഉള്‍പ്പെട്ട ചിട്ടി ഫണ്ട് തട്ടിപ്പില്‍ നിന്ന ശ്രദ്ധ തിരിക്കാനാണ് സമരനാടകമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: