ഇരിട്ടി: രണ്ടു മാസത്തെ ശമ്പളം മുടങ്ങിയതോടെ ആറളം ഫാമിലെ ആദിവാസികളായ തൊഴിലാളികളും ജീവനക്കാരും പട്ടിണിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ജൂണിലേയും, ജൂലായിലെയും ശമ്പളമാണ് ഇവര്‍ക്ക് മുടങ്ങിയിരിക്കുന്നത്.
കശുവണ്ടി സീസണ് കഴിഞ്ഞതോടെ ഫാമില്‍ വരുമാന മാര്‍ഗ്ഗം കുറഞ്ഞതാണ് ശമ്പളം മുടങ്ങാന്‍ കാരണമായി പറയുന്നത് . മഴക്കാലം തുടങ്ങുന്നതോടെ നടീല്‍ വസ്തുക്കളില്‍ നിന്നുമുള്ള വരുമാനമാണ് സാധാരണയായി ശമ്പളത്തിനായി ഉപയോഗിച്ച് വന്നിരുന്നത്. എന്നാല്‍ നടീല്‍ വസ്തുക്കളുടെ വിതരണം വൈകിയതാണ് വരുമാനം കുറയാനും ശമ്പളം വൈകാനും ഇടയാക്കിയത്. അതേസമയം കാട്ടാനശല്യവും, കുരങ്ങു ശല്യവും തെങ്ങില്‍ നിന്നുമുള്ള വരുമാനത്തിലും ഗണ്യമായ കുറവ് ഉണ്ടാക്കിയിട്ടുണ്ട്.
70 ലക്ഷത്തോളം രൂപയാണ് ഇവിടുത്തെ താത്കാലിക തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ഒരു മാസം വേണ്ടി വരുന്നത്. പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പില്‍ നിന്നോ , സര്‍ക്കാരില്‍ നിന്നോ അടിയന്തിര സഹായം ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്‍ കാലങ്ങളില്‍ ലഭിച്ചിരുന്നു. ഇത്തവണ ആ രീതിയിലുള്ള ഒരു നീക്കവും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ഫാമിലെ പ്ലാന്റേഷന് തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസത്തോളമായി നടത്തിവന്ന സമരം ഒത്തു തീര്പ്പിലാക്കുമ്പോള് പ്രശ്ന പരിഹാരം എന്ന നിലയില്‍ മന്ത്രി തല ചര്‍ച്ച തീരുമാനിച്ചിരുന്നെങ്കിലും അത് ഇതുവരെ നടപ്പായില്ല. വകുപ്പ് മന്ത്രി തന്നെ ആയിരുന്നു ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചിരുന്നത്.
രണ്ടുമാസമായി ശമ്പളം നിലച്ചതോടെ പട്ടിണിയിലാകുന്ന തൊഴിലാളികളുടെ ദുരിതം മനസ്സിലാക്കി ഉടന്‍ വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണം എന്ന ആവശ്യം ശക്തമാണ്. അടുത്തമാസം ഓണം കൂടി കടന്നു വരുന്നതോടെ ഇതിനു പരിഹാരമായി അഞ്ച് കോടി രൂപയുടേതെങ്കിലും ധനസഹായമായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇല്ലെങ്കില്‍ ഇവിടുത്തെ പ്രതിസന്ധി അതീവ രൂകഷമാവാനാണ് സാദ്ധ്യത എന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: