കുമ്പള: ദിനം പ്രതി പുതിയ രീതികളുമായി ലഹരി മാഫിയാ സംഘങ്ങള്‍ രംഗത്തെത്തുന്നത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു. വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കിയാണ് ലഹരി മാഫിയ പുതിയ പരീക്ഷണങ്ങളുമായി രംഗത്ത് വരുന്നത്. ഉപ്പളയിലും കുമ്പളയിലുമാണ് വിദ്യാര്‍ത്ഥികളില്‍ പെന്സിഗരറ്റുകള് വ്യാപകമായിരിക്കുന്നത്. സ്കൂള്‍ കോളജ് വിദ്യാര്‍ത്ഥികളാണ് ഇതിന്റെ ഉപഭോക്താക്കളിലേറെയും. 700 രൂപ വില നിശ്ചയിച്ചിരിക്കുന്ന പെന്സിഗരറ്റുകള്ക്ക് വീണ്ടും നിറക്കാനായി 160 രൂപ മുടക്കണം. ലഹരിക്കടിമപ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ എത്ര വിലകൊടുക്കാനും തയ്യാറാകുന്നത് മാഫിയകള്‍ക്ക് വളമാകുന്നു. ഇത് മുതലെടുത്ത് മാഫിയാ സംഘങ്ങള്‍ ആധുനിക കണ്ടുപിടുത്തങ്ങളുമായി വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലഹരിയുമായെത്തുകയാണ്.
ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ പെന്‍സിഗരറ്റ് ഒരു പെന്നാണെന്നേ തോന്നൂ. കീശയില്‍ കുത്തിവെച്ചാല്‍ ആര്‍ക്കും സംശയം തോന്നില്ല. പേനയുടെ ഒരു വശം ചുണ്ടില്‍ വെച്ച് മധ്യഭാഗത്തെ ബട്ടണ്‍ അമര്‍ത്തിയാല്‍ ലഹരി വായിക്കുള്ളിലേയ്ക്കു കടക്കുകയും നിമിഷനേരം കൊണ്ട് ഉപയോഗിച്ച ആള് ഉന്മാദത്തിലാവുകയും ചെയ്യുന്നു. എളുപ്പത്തിലും വേഗത്തിലും ഉപയോഗിക്കാന്‍ കഴിയുന്നതിനാല്‍ ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേര്‍ക്കു ലഹരി നുകരാന്‍ കഴിയുമെന്നതും സിഗരറ്റ് പേനയുടെ സവിശേഷതയാണ്.
മറ്റു സിഗരറ്റുകളെ പോലെ മണമൊന്നും അനുഭവപ്പെടാത്തതിനാല്‍ ഉപയോഗിച്ച ആളെ എളുപ്പത്തില്‍ തിരിച്ചറിയാനും കഴിയില്ല. ലഹരിയെ തുരത്താന്‍ നാടും നാട്ടുകാരും ഒരുമിക്കുമ്പോഴും പുത്തന്‍ കണ്ടുപിടുത്തങ്ങളുമായി രംഗത്തെത്തുകയാണ് മാഫിയാ സംഘങ്ങള്‍. മാഫിയാ സംഘങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: