സാധാരണക്കാര്‍ക്കും വാങ്ങാന്‍ കഴിയുന്ന വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മ്മിക്കാന്‍ ജനുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ കമ്പനികളോട് നിര്‍ദ്ദേശിച്ചത്. പക്ഷേ, വന്‍കിട കമ്പനികളാരും ഇത്ര നാളായിട്ടും അതിന് തയ്യാറായില്ല.
റിലയന്‍സ് ജിയോ 4 ജി ഫോണ്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ കേന്ദ്ര നിര്‍ദ്ദേശം അവഗണിച്ച കമ്പനികള്‍ പലതും വെട്ടിലായി.
1500 രൂപ സെക്യൂരിറ്റി നിക്ഷേപമായി സ്വീകരിച്ചാണ് ജിയോ ഫോണ്‍ നല്‍കുന്നത്. നിക്ഷേപത്തുക മൂന്നു വര്‍ഷം കഴിയുമ്പോള്‍ തിരികെ നല്‍കും. ജിയോയുടെ പുതിയ ഓഫറിന് മുന്നില്‍ പിടിച്ചു നില്ക്കാന് ചില കമ്പനികളെങ്കിലും കുറഞ്ഞ നിരക്കില്‍ ഫോണ്‍ നിര്‍മ്മിക്കുമെന്നാണ് പ്രതീക്ഷ.
2000 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പോലും ചൈനീസ് കമ്പനികള്‍ പങ്കെടുത്തിരുന്നില്ല. അപ്പോഴൊന്നും ജിയോ ഇങ്ങനെ ഒരു പണി തരുമെന്ന് കമ്പനികള്‍ സ്വപ്നത്തില്‍പ്പോലും ചിന്തിച്ചിട്ടില്ല.
കുറഞ്ഞ വിലയുടെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കാത്ത കമ്പനികളെ കുടുക്കാന്‍ കേന്ദ്രം പല വഴികളും ആലോചിക്കുന്നുണ്ട്.
ഇതിനായി ടെലികോം നയം തന്നെ പരിഷ്കരിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ വിലയുള്ള ഫോണ്‍ നിര്‍മ്മിക്കണമെന്ന വ്യവസ്ഥയ്ക്ക് പുതിയ നയത്തില്‍ പ്രഥമ പരിഗണന നല്‍കും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇവിടെ കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മ്മിക്കും.ഇതോടെ, ഇന്ത്യന്‍ വിപണി കൈയ്യടക്കിയ ചൈനീസ് കമ്പനികള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: