ഈ വനിതയെ രാജ്യം ആദരിക്കുന്നില്ല എന്നൊരു വിമര്‍ശനം ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്. കര്‍ണ്ണാകടയിലെ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഈ വിമര്‍ശനം അറിഞ്ഞോ അറിയാതെയോ അവഗണിച്ചു. ഒടുവില്‍ കഴിഞ്ഞ ദിവസം കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് രാജേശ്വരി ചാറ്റര്‍ജിയെ ആദരിച്ചിരിക്കുന്നു. അതൊരു മരണാനന്തര ആദരവായെങ്കിലും, ഇന്ത്യയിലെ ആദ്യകാല വിഖ്യാത വനിതകളില്‍ ഒരാള്‍ എന്ന വകുപ്പിന്റെ വിശേഷണം ഒരുപക്ഷെ പുതിയ തലമുറയ്ക്ക് ഡോ.രാജ്വേശരി ചാറ്റര്‍ജിയെ പരിചയപ്പെടാനെങ്കിലും അവസരമൊരുക്കുന്നു.
1922 ല്‍ ജനനം. 2010 ല്‍ മരണം എന്ന സ്ഥിരം ജീവചരിത്രക്കുറിപ്പിന്റെ ചട്ടക്കൂടുകള്‍ക്ക് പുറത്താണ് ഇന്ത്യയുടെ ശാസ്ത്രലോകത്ത് വിലമതിക്കാനാവാത്ത നിരവധി സംഭാവനകള്‍ നല്കി അരങ്ങൊഴിഞ്ഞ ഈ വനിതാരത്നത്തിന്റെ ജീവിതം.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുകയെന്നത് അപ്രാപ്യമായിരുന്ന കാലം. സ്ത്രീയ്ക്കും പുരുഷനുമിടയില്‍ നിലനിന്നിരുന്ന അസമത്വങ്ങള്‍ അനവധി. ഉന്നതവിദ്യാഭ്യാസം സ്വപ്നം കാണാന്‍ പോലും പെണ്‍കുട്ടികള്‍ക്ക് അന്ന് സാധിച്ചിരുന്നില്ല. ആ കാലഘട്ടത്തില്‍ വ്യവസ്ഥകളോട് പൊരുതി എഞ്ചിനീയറിങ് ബിരുദമെടുത്ത കര്‍ണ്ണാടകയിലെ ആദ്യ വനിതയായിരുന്നു രാജേശ്വരി ചാറ്റര്‍ജി.
1953 ല്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പ്രായം 31. ആ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏക വനിതയായിരുന്നു രാജേശ്വരി. സൂക്ഷ്മ തരംഗങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ നിസ്തുല സംഭാവനകള്‍ നല്കാന് രാജേശ്വരിക്ക് സാധിച്ചു.
1922 ല്‍ കര്‍ണാടകയിലായിരുന്നു ജനനം. രാജേശ്വരിയുടെ മുത്തശ്ശി കമലമ്മ സ്ഥാപിച്ച സ്പെഷ്യല്‍ ഇംഗ്ലീഷ് സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
1947 ഉപരിപഠനത്തതിനായി സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോയി. കൊളംബോ, സിംഗപ്പൂര്‍, ഹോങ്കോങ്, ഷാങ്ഗായ് വഴിയായിരുന്നു യാത്ര. അതും കപ്പലില്‍. ഇത്രയും ദൂരം ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടിവരുമ്പോള്‍ ഉണ്ടാകാവുന്ന ആശങ്കയെ അവര്‍ ആത്മവിശ്വാസം കൊണ്ട് ഇല്ലാതാക്കി. മുത്തശ്ശിയായിരുന്നു രാജേശ്വരിയ്ക്ക് എപ്പോഴും മാതൃക. 20-ാം വയസ്സില്‍ വിധവയായി കമലമ്മ. ബിഎ പാസായ അവര്‍ പിന്നീടുള്ള ജീവിതം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നീക്കി വച്ചു. അവരുടെ ജീവിതത്തില്‍ നിന്നുള്ള ഊര്‍ജ്ജമാണ് രാജേശ്വരി തന്റെ ജീവിതത്തിലേക്കും പകര്‍ത്തിയത്.
ഗണിതശാസ്ത്രത്തിലായിരുന്നു രാജേശ്വരി ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. തുടര്‍ന്ന് അവര്‍ സര് സി.വി. രാമന്റെ കീഴില്‍ ജോലി ചെയ്യുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ചേര്‍ന്നു. എന്നാല്‍ ഫിസിക്സില്‍ ബിരുദമില്ലാത്തതിനെ തുടര്‍ന്ന് സി.വി. രാമന് അതിനുള്ള അവസരം നിരസിച്ചു. എന്നാല്‍ ശ്രമം ഉപേക്ഷിക്കാന്‍ രാജേശ്വരി തയ്യാറായില്ല. തുടര്‍ന്ന് ഇലക്ട്രിക്കല്‍ ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റില്‍ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറങില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായി ചേര്‍ന്നു. രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷം യുഎസില്‍ നിന്ന് പിഎച്ച്ഡി എടുക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ധനസഹായത്തിന്റേയും സ്കോളര്‍ഷിപ്പിന്റേയും പിന്‍ബലത്തില്‍ മിഷിഗണ്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി 1952 ല്‍ ഇന്ത്യയിലേക്ക് മടങ്ങി.
1953 ല്‍ ശിശിര്‍ കുമാര്‍ ചാറ്റര്‍ജിയെ വിവാഹം ചെയ്തു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ഇവര്‍ ഒരുമിച്ചാണ് ജോലിയില്‍ പ്രവേശിക്കുന്നതും. 60 വര്‍ഷത്തോളം തുടര്‍ച്ചയായി ശാസ്ത്രത്തില്‍ ഗവേഷണം ചെയ്തു, രാജേശ്വരി!. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏക വനിതാ ഫാക്കല്‍ട്ടി അംഗവും രാജേശ്വരിയായിരുന്നു. ഗവേഷണ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുക, ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഭര്‍ത്താവിന്റെ പിന്തുണയാണ് ഗവേഷണം തുടരാന്‍ അവരെ പ്രേരിപ്പിച്ചത്.
വിവാഹശേഷമാണ് രാജേശ്വരിയും ചാറ്റര്‍ജിയും മൈക്രോവേവ് എഞ്ചിനീയറിങ്ങില്‍ ഗവേഷണം ആരംഭിക്കുന്നത്. അധികം വൈകാതെ അവര്‍ ചേര്‍ന്ന് മൈക്രോവേവ് റിസര്‍ച്ച് ലൈബ്രറി സ്ഥാപിച്ചു. ഈ ശാസ്ത്രമേഖലയ്ക്ക് അവര്‍ നല്കിയ സംഭാവനകള്‍ മാനിച്ച് യുകെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് റേഡിയോ എഞ്ചിനീയറിങ്ങ് നല്കുന്ന മൗണ്ട്ബാറ്റണ് പുരസ്കാരം, ജെ.സി. ബോസ് മെമ്മോറിയല്‍ പുരസ്കാരം, രാംലാല്‍ വാദ്വ പുരസ്കാരം എന്നിവയുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2010 സപ്തംബര്‍ മൂന്നിനാണ് രാജേശ്വരി ചാറ്റര്‍ജി അന്തരിച്ചത്. അമേരിക്കയിലെ നെവാദ സര്‍വ്വകലാശാലയില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ബയോമെഡിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ പ്രൊഫസറായ മകള്‍ ഇന്ദിരാ ചാറ്റര്‍ജിയും മാതാപിതാക്കളുടെ വഴിതന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: