ബദിയഡുക്ക: പെര്‍ഡാല തോടിന് കുറുകെ മിഞ്ചിനടുക്കയില്‍ നിര്‍മ്മിച്ച നടപ്പാലം അപകടാവസ്ഥയിലായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. വര്‍ഷങ്ങളായി കവുങ്ങ് കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള നടപ്പാലം പുതുക്കി കോണ്‍ക്രീറ്റ് പാലമാക്കണമെന്ന നാട്ടുകാരുടെ മുറവിളി തുടരുകയാണ്. പെര്‍ഡാല, മിഞ്ചിനടുക്കയില്‍ നിന്നും ഉദയഗിരി സ്കൂളിലേക്ക് പോകണമെങ്കില്‍ ഈ പാലം കടക്കണം. വേനല്‍ക്കാലത്ത് ഇതിലൂടെ നടന്നാണ് ഉദയഗിരിയിലേക്ക് ആളുകള്‍ പോവുന്നത്. മഴക്കാലമായതോടെ ഇതുവഴി നടക്കാന്‍ കഴിയാത്ത തരത്തില്‍ നടപ്പാലം അപകടാവസ്ഥയിലായിരിക്കുകയാണ്. അതുമൂലം പെര്‍ഡാല, മിഞ്ചിനടുക്ക എന്നിവിടങ്ങളിലുള്ളവര്‍ ടൗണിലേക്ക് വന്ന് അവിടെ നിന്നു മൂന്നു കി.മീറ്റര്‍ നടന്നു വേണം ഉദയഗിരിയിലെത്താന്. ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ 3,4,12,13 എന്നീ വാര്‍ഡുകളില്‍പെടുന്ന പാലത്തിന്റെ ഇരുകരകളിലുള്ളവര്‍ ഇതുമൂലം ഏറെ വിഷമിക്കുന്നു.
ഈ വാര്‍ഡുകളിലെ ഗ്രാമസഭകള്‍ പല തവണ മിഞ്ചിനടുക്കയില്‍ പാലം പണിയണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. പക്ഷേ നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മഴകനക്കുന്നതോടെ പാലം ഏത് നിമിഷവും തകര്‍ന്നു വീഴുമെന്ന സ്ഥിതിയിലാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: