തിരുവനന്തപുരം: മില്‍മയുടെ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്റെ കീഴിലുള്ള തിരുവനന്തപുരം ഡയറിക്ക് ഭക്ഷ്യസുരക്ഷാ മാനദണ്ഡം നടപ്പാക്കിയതിനുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐഎസ്ഒ 22000 : 2005 ലഭിച്ചതായി ചെയര്മാന് കല്ലട രമേശ് അറിയിച്ചു. 2017 ഫെബ്രുവരി മാസത്തില്‍ നടന്ന ആഡിറ്റിങിലാണ് തിരുവനന്തപുരം ഡയറി അഭിമാനകരമായ നേട്ടം കൈവരിച്ചത്. വിശ്വാസത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ഗുണമേന്മയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും ലഭിച്ച അംഗീകാരമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐഎസ്ഒ 22000:2005 സര്ട്ടിഫിക്കേഷന് പ്രഖ്യാപനം 31 ന് രാവിലെ 11 ന് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടത്തും. ക്ഷീരവികസന മന്ത്രി കെ. രാജു സര്‍ട്ടിഫിക്കറ്റ് അംഗീകൃത സര്‍ട്ടിഫയിംഗ് ബോഡിയായ ഐആര്ക്യൂഎസില് നിന്ന് തിരുവനന്തപുരം ഡയറിക്ക് വേണ്ടി ഏറ്റ് വാങ്ങും. വി.എസ്. ശിവകുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
തിരുവനന്തപുരം ഡയറിയുടെ പ്രതിദിന പ്രോസസ്സിംഗ് കപ്പാസിറ്റി നാലു ലക്ഷം ലിറ്റര്‍ ആയി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. തിരുവനന്തപുരം ഡയറിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഓട്ടോമേഷന്‍ സംവിധാനത്തില്‍ കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇതു നടപ്പിലാക്കുന്നതിനായി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികളില്‍ കൂടി 3.5 കോടി രൂപ മില്‍മയ്ക്ക് ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഓട്ടോമേഷന്‍ സംവിധാനമുള്ള ആദ്യത്തെ ഡയറിയാണ് തിരുവനന്തപുരത്തുള്ളത്. ഉപഭോക്താക്കള്‍ക്കായി നവീകരിച്ച മില്‍മാ ഷോപ്പിയുടെ പ്രവര്‍ത്തനം അമ്പലത്തറയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: