ഹമീദിന്റെ മേല്‍നോട്ടത്തില്‍ പരിചരണംകിട്ടി വളര്‍ന്ന മലങ്കരത്തോട്ടത്തിലെ തൈകള്‍ സംതുലിതമായ ശാഖാവിന്യാസത്തോടെ വളര്‍ന്നു നില്ക്കുന്ന കാഴ്ച ആരുടേയും ശ്രദ്ധയാകര്‍ഷിക്കും. ഔദ്യോഗിക രംഗത്തുനിന്നു വിരമിച്ചെങ്കിലും 70-ാം വയസ്സിലും കര്‍മ്മനിരതനായ ഹമീദ്. ഹമീദിന്റെ ടെക്നിക്കിലൂടെ പിന്തുടര്ന്നാല് സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായി ഒന്നര വര്‍ഷം മുമ്പേ ടാപ്പിങ് നടത്താന്‍ കഴിയും. ഇതിന് പുറമേ മരങ്ങള്‍ക്ക് മികച്ച വളര്‍ച്ചയും ഉറപ്പ്.
സാധാരണ റബ്ബര്‍മരങ്ങളില്‍ രണ്ടര മുതല്‍ മൂന്ന് മീറ്റര്‍ ഉയരം വരെ ശിഖരങ്ങള്‍ ഇല്ലാതിരുന്നാലേ ശരിയായരീതിയില്‍ ടാപ്പുചെയ്ത് ആദായമെടുക്കാന്പറ്റൂ. അതിനായി ചെറിയതൈകളില് മേല്പറഞ്ഞ ഉയരമെത്തുതുവരെ ഉണ്ടാകുന്ന ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നു. രണ്ടര മുതല്‍ മൂന്ന് മീറ്റര്‍ ഉയരത്തിനുശേഷം ഉണ്ടാകുന്ന മൂന്നോ, നാലോ ശിഖരങ്ങള്‍ ചുറ്റിലും വളരാന്‍ അനുവദിക്കുത് മരങ്ങളുടെ സംതുലിതമായ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. മിക്കവാറും തൈകളില്‍ സ്വാഭാവികമായിത്തന്നെ ഇങ്ങനെ ശിഖരങ്ങള്‍ ഉണ്ടാകാറുണ്ട്.
ചിലതൈകളില്‍ രണ്ടര മുതല്‍ മൂന്നു മീറ്റര്‍ ഉയരമെത്തിയാലും ശാഖകള്‍ ഉണ്ടാകാറില്ല. ഇങ്ങനെയുള്ള തൈകളില്‍ കൃത്രിമമായി ശിഖരം കിളിര്‍പ്പിക്കേണ്ടതാണ്. ചില കര്‍ഷകര്‍ ശിഖരങ്ങളുണ്ടാക്കുതിന് അഗ്രമുകുളം നുള്ളിക്കളയാറുണ്ട്. മൂപ്പെത്തിയ അഗ്രമുകുളത്തില്‍ സൂര്യപ്രകാശം പതിക്കാന്‍ അനുവദിക്കാതെ അതിനെ പാതിമയക്കത്തിലാക്കി, തൊട്ടുതാഴെ ഉറങ്ങിക്കിടക്കുന്ന ഇലക്കണ്ണുകളെ ഉണര്‍ത്തിയെടുക്കുക എന്നതാണ് കൃത്രിമശാഖകള്‍ ഉണ്ടാക്കുന്നതിനു സ്വീകരിക്കുന്ന തത്ത്വം.
ഇതിനു പല വഴികളുണ്ടെങ്കിലും തൊടുപുഴ മലങ്കരഎസ്റ്റേറ്റിലെ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ ആയിരുന്ന ഒ.എം. അബ്ദുള്‍ ഹമീദ് കണ്ടെത്തിയ ടെക്നിക് പ്രയോഗത്തില്‍ താരതമ്യേന എളുപ്പമാണ്. ഹമീദിന്റെ രീതിയില്‍, ഏറ്റവും മുകളിലെ തട്ട്് ഇലകള്‍ മൂപ്പെത്തിക്കഴിയുമ്പോള്‍ റബ്ബര്‍തൈ സാവധാനം വളച്ചുപിടിച്ച് മുകള്‍ത്തട്ടിലെ ഇലത്തണ്ടുകള്‍ മുകളിലേക്ക് മാടിവച്ച് അഗ്രമുകുളത്തെ പൊതിഞ്ഞിരിക്കത്തക്കവിധം കെട്ടുന്നു. തന്മൂലം ഒരുകൂട്ടം ഇലത്തണ്ടുകള്‍ അഗ്രമുകുളത്തില്‍ വെയിലടിക്കാതെ മറയ്ക്കുന്നു. ഈ രീതിയില്‍, കെട്ടുസ്ഥാനം വളരെപ്രധാനമാണ്. മൂപ്പെത്തിയ അഗ്രമുകുളത്തിനു തൊട്ടുതാഴെ വരത്തക്കവിധമാണ് കെട്ടിടേണ്ടത്. വണ്ണമുള്ള ചാക്കുനൂലോ വാഴനാരോ ഒരടിനീളത്തില്‍ മുറിച്ചെടുത്ത് സാമാന്യം മുറുക്കിത്തന്നെ കെട്ടണം. എന്നാല്‍, ഇലത്തണ്ടുകള്‍ക്ക് ക്ഷതം ഏല്‍ക്കത്തക്കവിധം വലിച്ചുമുറുക്കരുത്. കെട്ടുസ്ഥാനം മുകളിലേക്കുമാറിയാല് അഗ്രമുകുളം വളര്‍ന്നുവരുമ്പോള്‍ ആ കെട്ടില്‍തട്ടി വളഞ്ഞുപോകുന്നതിന് ഇടയാകും. അതുപോലെ കെട്ടുന്നത് ഏറെ താഴ്ന്നുപോയാല്‍ അഗ്രമുകുളത്തില്‍ സൂര്യപ്രകാശം അടിക്കും. തന്മൂലം താഴെയുള്ള ഇലക്കണ്ണുകളില്‍ നിന്നു മുകുളങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയും.
ശരിയായരീതിയില്‍ കെട്ടിവയ്ക്കപ്പെടുന്ന തൈകളില്‍ ഏതാണ്ട് പത്തുദിവസം കഴിയുമ്പോള്‍ അഗ്രമുകുളത്തിന് തൊട്ടു താഴെയുള്ള ഇലക്കണ്ണുകളില്‍ നിന്നു മുകുളങ്ങള്‍ പൊട്ടാന്‍ തുടങ്ങുതു കാണാം. മൂന്നോ നാലോ മുകുളങ്ങള്‍ പൊട്ടിയാലുടന്‍ കെട്ടഴിച്ചുമാറ്റി ഇലത്തണ്ടുകള്‍ സ്വതന്ത്രമാക്കാം. ആവശ്യത്തില്‍ കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ എല്ലാ വശങ്ങളിലേക്കും വരത്തക്കവിധം മൂന്നോ നാലോ എണ്ണം നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചുമാറ്റണം. കടുത്ത വേനലില്‍ ഒഴികെ ബാക്കിസമയങ്ങളില്‍ ഈ രീതി വളരെ വിജയപ്രദമാണൊണ് ഹമീദിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: