ആലപ്പുഴ: രണ്ടു വര്‍ഷം കൊണ്ട് സംസ്ഥാനം പാല് ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പാല് ഉല്പാദനത്തില് 30 ശതമാനം കുറവുണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് ഉല്പാദനം 17 ശതമാനം വര്‍ധിച്ചു. ഈ വര്‍ഷം കൊണ്ട് ലക്ഷ്യം കൈവരിക്കും. ക്ഷീരകര്‍ഷകന്റെ അധ്വാനത്തിനനുസരിച്ച് പാലിന് വില ലഭിക്കുന്നില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പാല് വില നാലു രൂപ വര്‍ധിപ്പിച്ചത്. ഇതില്‍ 3.35 രൂപ കര്‍ഷര്‍ക്ക് ലഭ്യമാക്കുന്നു. 16 പൈസ ക്ഷീര സംഘത്തിനും 14 പൈസ മില്‍മയ്ക്കും ലഭിക്കും.
ആദ്യമായാണ് ക്ഷീര കര്‍ഷകര്‍ക്കായി സമാശ്വാസ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയത്. പശുവിനെ വാങ്ങാന്‍ ലോണെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു ലക്ഷം രൂപ വരെ സഹായം നല്കി. അഞ്ചു കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്.
ഒരു ലിറ്റര്‍ പാലിന് നാലു രൂപ വരെ സബ്സിഡി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്ത് അഞ്ച് ഗ്രാമപഞ്ചായത്തുകളിലാണ് ക്ഷീരഗ്രാമം നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് അദ്ധ്യക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: