വടക്കഞ്ചേരി: ക്ലീന്‍ വടക്കഞ്ചേരി പദ്ധതിയുടെ ഭാഗമായി ഗ്രാമപ്പഞ്ചായത്ത് പുതിയ വിജ്ഞാപനമിറക്കി.പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയവരില്‍ നിന്നും 5,000 മുതല്‍ 25,000 രൂപ വരെ പിഴയീടാക്കും.
പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസും ഫയല്‍ ചെയ്യുമെന്ന് സെക്രട്ടറി ജി.ഹരിദാസ് അറിയിച്ചു.
മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പോലീസിനെ കൂടാതെ പ്രത്യേകസംഘത്തെയും നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തും. ആഗസ്റ്റ് ഒന്നുമുതല്‍ ഗ്രാമപ്പഞ്ചായത്തില്‍ 50 മൈക്രോണില്‍ത്താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കാനും ഉത്തരവിറക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് മുഴുവന്‍ വ്യാപാരികള്‍ക്കും കത്ത് നല്കി. ആഗസ്റ്റ് ഒന്നുമുതല്‍ 50 മൈക്രോണിനുതാഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ആദ്യതവണ 500 രൂപയും പിന്നീടുള്ള ഓരോ തവണയും 5000 രൂപ പിഴയീടാക്കും. കുളങ്ങള്‍, തോടുകള്‍, പുഴകള്‍, കനാലുകള്‍,ചാലുകള്‍ എന്നിവയില്‍ മാലിന്യം തള്ളിയാലും നടപടിയുണ്ടാകും.
നിലവില്‍ ക്ലീന്‍ വടക്കഞ്ചേരി പദ്ധതിയുടെ ഭാഗമായി കടകളില്‍നിന്ന് ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും വേര്‍തിരിച്ച് ശേഖരിക്കുവാന്‍ തുടങ്ങി.
ടൗണിന്സമീപമുള്ള വീടുകളില്‍ മാലിന്യം വളമാക്കുന്ന ഇഎം ലായനിയും പച്ചക്കറിവിത്തുകളുംവിതരണംതുടങ്ങി. തിരഞ്ഞടുത്ത 50 കുടുംബശ്രീ പ്രവര്‍ത്തകരെ മേല്‍നോട്ടത്തിനായി നിയോഗിച്ചു. സ്ഥിരമായി മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കല്യാണമണ്ഡപങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, സ്കൂളുകള്എന്നിവിടങ്ങളില് ഗ്രീന്‍ പ്രൊട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണമെന്നു ഗ്രാമപഞ്ചായത്ത് നിര്‍ദേശം നല്കി.
ഇവിടങ്ങളില്‍ ഉറവിട മാലിന്യസംസ്കരണ സംവിധാനങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: