പാലക്കാട് : മംഗലം ഡാം കടപ്പാറ മൂര്ത്തികുന്ന് ആദിവാസി കോളനിയിലെ പട്ടികവര്‍ഗ വിഭാഗക്കാരായ 22 കുടുംബങ്ങള്‍ക്ക് കടപ്പാറയിലെ 14.67 ഏക്കര്‍ വനഭൂമി റവന്യൂ ഭൂമിയാക്കി നല്‍കുമെന്ന് ജില്ല കളക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു.
ഒരു കുടുംബത്തിന് 60 സെന്റ് വീതം 13.20 ഏക്കറും ബാക്കിയുളള ഒരേക്കറോളം വരുന്ന ഭൂമി പൊതു ആവശ്യങ്ങള്‍ പരിഗണിച്ചുമാണ് നല്‍കുന്നത്. മംഗലംഡാം കടപ്പാറ മൂര്‍ത്തിക്കുന്നില്‍ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സര്‍ക്കാരിന്റെ അനുമതിയോടെയാവും റവന്യൂ ഭൂമിയായി മാറ്റുക. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ക്ക് റവന്യു പട്ടയം വിതരണം ചെയ്യും.
സമരം നടത്തുന്ന ആദിവാസി വിഭാഗത്തിലെ മൂപ്പന് തങ്ങള്‍ക്ക് കടപ്പാറയില്‍ തന്നെ ഭൂമി അനുവദിക്കണമെന്ന ആവശ്യം ജില്ലാ കളക്ടറോട് നേരിട്ടെത്തി പറയുകയായിരുന്നു. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഇരട്ടി ഭൂമി വനംവകുപ്പിന് കൈമാറണമെന്ന ഫോറസ്റ്റ് ആക്ട് പ്രകാരം, അട്ടപ്പാടി അഗളിയിലെ 29 ഏക്കര്‍ മിച്ചഭൂമി വനം വകുപ്പിന് കൈമാറും. നെന്മാറ ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് കടപ്പാറ പ്രദേശം വരുന്നത്. പകരം നല്‍കാമെന്ന് ഏറ്റ അട്ടപ്പാടി അഗളിയിലെ ഭൂമി ഏറ്റെടുക്കാന്‍ സമ്മതമാണെന്ന വനംവകുപ്പിന്റെ ഉറപ്പ് ജില്ലാ കളക്ടര്‍ക്ക് ഉടന്‍ രേഖാമൂലം കൈമാറും.
യോഗത്തില്‍ എം.ഡി.എം എസ്. വിജയന്, ആലത്തൂര്‍ തഹസില്‍ദാര്‍(എല്‍.ആര്) ആര്.പി. സുരേഷ്, ജൂനിയര്‍ സൂപ്രണ്ട് ജയചന്ദ്രന്, നെന്മാറ ഡി.എഫ്.ഒ സി.ശശികുമാര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ വി.കെ സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2016 ജനുവരി 15 മുതലാണ് മൂര്‍ത്തിക്കുന്ന് ആദിവാസികോളനിയിലെ 22 കുടുംബങ്ങള്‍ കൃഷിചെയ്യാന്‍ ഭൂമിയും വാസയോഗ്യമായ വീടും വേണമെന്ന ആവശ്യം ഉന്നയിച്ച് സമരം തുടങ്ങിയത്. 2016 ജനുവരി മുതലാണ് സമരം തുടങ്ങിയത്.
മൂര്‍ത്തിക്കുന്നില്‍ പുറമ്പോക്ക് ഭൂമിയില്‍പ്പെട്ട 40 സെന്റ് കല്ലിടുക്കില്‍ ദുരിതജീവിതം സഹിച്ചുമടുത്താണ് ആദിവാസികള്‍ ഭൂമിക്കായി സമരംതുടങ്ങിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു സമരം. മംഗലംഡാം നിര്‍മ്മാണത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയൊഴിക്കപ്പെട്ടവരാണ് കടപ്പാറ മൂര്‍ത്തിക്കുന്നിലെ ആദിവാസികള്‍. ദശാബ്ദങ്ങള്‍ക്ക് മുമ്പ് അട്ടവടി എന്ന വനത്തില്‍ കൃഷിചെയ്ത് ജീവിച്ചവരായിരുന്നു ഇവരുടെ പഴയതലമുറ. എന്നാല്‍ ഡാം നിര്‍മ്മാണവേളയില്‍ കുടിയൊഴിക്കപ്പെട്ട ഇവരെ മാറ്റിപ്പാര്‍പ്പിച്ചത് പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലത്തായിരുന്നു.എന്നാലിവിടെ ഉരുള്‍പൊട്ടല്‍ തുടര്‍കഥയായതോടെ ഇവരുടെ ജീവിതം ദുസ്സഹമായി.
ഇതേതുടര്‍ന്നാണ് ഇവരെ മൂര്‍ത്തിക്കുന്നിലെ കടപ്പാറ എന്ന സ്ഥലത്തേക്ക് മാറ്റിയത്. എന്നാല്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശമൊന്നും ഇവര്‍ക്കില്ല. ഇരുപതോളം കുടുംബങ്ങള്‍ താമസിക്കുന്നിവിടെ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. മരിച്ചാല്‍ മറവുചെയ്യാന്‍പോലും സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. ഇതേ തുടര്‍ന്നാണ് മൂര്‍ത്തിക്കുന്ന് മേഖലയിലെ രണ്ടേക്കറോളം വനഭൂമിയില്‍ പന്തല്‍ കെട്ടി താമസിച്ചുള്ള സമരം ആരം’ിച്ചത്.
ഇതിന് മുമ്പ് മേലാര്‍കോട് പഞ്ചായത്തില്‍ 16 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തി.എന്നാല്‍, ഈ നിര്‍ദേശം സ്വീകരിക്കാന്‍ ആദിവാസികള്‍ തയ്യാറായില്ല. മേലാര്‍കോട്ടുള്ള 16 ഏക്കര്‍ സ്ഥലം താമസയോഗ്യമല്ലെന്ന് റവന്യൂ അധികൃതര്‍ സമ്മതിച്ചിരുന്നു.ഇതിനിടെ കാടുവെട്ടിത്തെളിച്ച് ആദിവാസികള്‍ കൃഷിയിറക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: