കൊച്ചി: നഗരങ്ങളെ അടിമുടി പരിഷ്കരിച്ചും പുനര്രൂപീകരിച്ചും അന്താരാഷ്ട്ര നിലവാരമുള്ളവയാക്കി മാറ്റാന്‍ ദേശീയ തലത്തില്‍ ആവിഷ്കരിച്ച സ്മാര്‍ട്ട് സിറ്റി മിഷനില്‍ ഉള്‍പ്പെട്ടിട്ടുള്ള സംസ്ഥാനത്തെ നഗരങ്ങളുടെ വികസന പദ്ധതികളും സാങ്കേതിക ആവശ്യങ്ങളും ചര്‍ച്ച ചെയ്യുന്ന ടെന്സിംപ് 2017 അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയേഴ്സ് (ഐ.ഇ.ഇ.ഇ) കേരള ഘടകമാണ് സമ്മേളനത്തിന്റെ സംഘാടകര്‍. മന്ത്രി ഡോ. കെ.ടി ജലീല്‍ സമ്മേളനത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. ജനതയുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന സുസ്ഥിര വികസനം സാധ്യമാക്കാനും മലിനീകരണമില്ലാത്ത ജീവിത സാഹചര്യം ഉറപ്പ് വരുത്താനും ലക്ഷ്യമിട്ടുള്ളതാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയെന്നും വ്യക്തിയും അവനുള്‍പ്പെട്ട സമൂഹവുമാണ് സ്മാര്‍ട്ട് സിറ്റി നിര്‍വചിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്മാര്‍ട്ട് സിറ്റി മിഷന് പട്ടികയില്‍ കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളാണ് ഉള്ളത്. കോഴിക്കോട് നഗരത്തിന് ഇടം ലഭിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. ഐ.ഇ.ഇ.ഇ കേരള ഘടകം ചെയര്മാന് ഡോ. കെ.ആര് സുരേഷ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഹൈദരാബാദ് ഐ.ഐ.ടി. ഡയറക്ടര്‍ പ്രൊഫ. യൂ.ബി. ദേശായി മുഖ്യ പ്രഭാഷണം നടത്തി. ഐ.ഇ.ഇ.ഇ വൈസ് ചെയര്മാന് ഡോ. എസ്. എം. സമീര്‍, മിനി. യു, ശശി പി.എം എന്നിവര്‍ സംസാരിച്ചു.
ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ജലം, വൈദ്യുതി, മാലിന്യ നിര്‍മ്മാര്‍ജനം, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍, ഇ ഗവര്ണന്സ്, ഇന്റര്‍നെറ്റ്, സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളില്‍ അത്യന്താധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രയോഗവും, ലോകോത്തര നിലവാരങ്ങളും സമ്മേളനത്തിന്റെ നാലു വേദികളിലായി ചര്‍ച്ചാ വിഷയമാവും.
ഐ.ഇ.ഇ.ഇയുടെ വനിതാ വിഭാഗമായ വിമന്‍ ഇന്‍ എന്‍ജിനീയറിങ്ങ് പ്രത്യേക ചര്‍ച്ചകള്‍ സംഘടിപ്പിക്കും. റോബോട്ടിക്സ് വിദഗ്ദ്ധനായ ഡോ. റോഷി ജോണിന്റെ സ്മാര്‍ട്ട് വെഹിക്കിള്‍ സംബന്ധിച്ച സാങ്കേതിക സെഷന് രണ്ടാം ദിവസം നടക്കും. സപ്ലൈകോ ചെയര്മാന് മുഹമ്മദ് ഹനീഷ്, ഡോ. കൂഗ്ജെന് ചുന്‍ എന്നിവര്‍ പ്ലീനറി സെഷനുകളില്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: