പുലാപ്പറ്റ: വേനല്‍കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന ജപ്പാന് കുടിവെള്ള പദ്ധതിയും തകരുന്നതായി പരാതി.
നിലവിലുണ്ടായിരുന്ന ജലനിധിയുടെ കുടിവെള്ള പദ്ധതി നാമാവശേഷമാക്കിയാണ് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പുതിയ കുടിവെള്ള പദ്ധതിക്ക് രൂപം കൊടുത്തത്. കരിമ്പുഴ പുഴയിലെ ജലം ശ്രീകൃഷ്ണപുരത്ത് വലിയ ടാങ്ക്നിര്മ്മിച്ച് അതിലേക്ക് കയറ്റി ചുറ്റുവട്ടത്തെ നാലു പഞ്ചായത്തിലേക്കായി വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി.
ഇവിടെ നിന്നും പൈപ്പിലൂടെ ജലം വിതരണം നടക്കുന്നത് മിക്കതും റോഡിനിടയിലാണ്, പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതാവട്ടെ റോഡ് വെട്ടിപൊളിച്ചാണ്.നിലവില്‍ പുലാപ്പറ്റയില്‍ തന്നെ ആറോളം ഭാഗത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴായി കൊണ്ടിരിക്കുന്നത്.
പത്ത് ദിവസത്തിലധികമായി പൈപ്പ് പൊട്ടിയിട്ടെങ്കിലും അധികൃതര്‍ ഇത് കണ്ടഭാവം നടിക്കുന്നില്ല. ആയിരക്കണക്കിന് രൂപ ചിലവാക്കി ഉപയോഗിച്ചിരുന്ന ജലനിധി പദ്ധതി നടത്തിപ്പിന്റെ പിടിപ്പുകേട് കൊണ്ടാണ് തകര്‍ന്നത്.
എന്നാല്‍ ഈ പദ്ധതിക്കായി 15,000 മുതല്‍ 25,000വരെ പലരും മുടക്കിയാണ് ജപ്പാന് കുടിവെള്ള പദ്ധതിയില്‍ കണക്ഷനെടുത്തത്.എന്നാല്‍ പൈപ്പ് ഇടക്കിടക്ക് പൊട്ടി വെള്ളം പാഴാകുന്നതിനാല്‍ ചെറിയ കുന്നുള്ള വീടുകളിലേക്കൊന്നും വെള്ളം കയറുന്നുമില്ല. മഴലഭിക്കാത്തതിനാല്‍ ഭൂരിഭാഗം വീടുകളും പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: