പത്തനംതിട്ട: ജില്ലയിലെ വനംവകുപ്പ് ഡിപ്പോകളില്‍ തടികളുടെ വില്‍പ്പന കുറഞ്ഞത് ലോഡിങ് തൊഴിലാളികളെ പട്ടിണിയിലാക്കുന്നു. വടശേരിക്കര, അരീക്കകാവ്, കോന്നി അരുവാപ്പുലം തടി ഡിപ്പോകളില്‍ 35 കോടിയോളം രൂപക്ക് മുകളില്‍ വില വരുന്ന മരങ്ങള്‍ വില്‍ക്കാതെ കിടക്കുന്നു. അരീക്കകാവ് മാതൃകാ തടി സംഭരണ കേന്ദ്രത്തില്‍ മാത്രം 24 കോടിയുടെ തടി ലേലം കൊള്ളാതെ കിടക്കുന്നുണ്ട്. തടികളുടെ ലേലം ഓണ്‍ ലൈന്‍ ആക്കിയ ശേഷമാണ് വില്‍പ്പന കുറഞ്ഞതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
അധികൃതര്‍ നിശ്ചയിക്കുന്ന അടിസ്ഥാന വിലയില്‍ താഴ്ത്തി വിളിക്കാന്‍ പറ്റാത്തതാണ് കച്ചവടം കുറയാന്‍ കാരണമെന്നും ഇവര്‍ പറയുന്നു. അരീക്കകാവ് ഡിപ്പോയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 3500 ക്യുബിക് മീറ്റര്‍ തടി വിവിധ കൂപ്പുകളില്‍ നിന്ന് വെട്ടിയിറക്കി അട്ടിവച്ചു. ജൂലൈ മാസം നടന്ന ലേലത്തില്‍ ആകെ 278 മീറ്റര്‍ തടി ലേലത്തില്‍ പോയി. ഓഗസ്റ്റില്‍ 51 മീറ്ററും സെപ്റ്റംബറില്‍ 17 മീറ്ററും ലേലത്തില്‍ പോയി. അടുത്ത മാസം 117 മീറ്റര്‍ വിറ്റ് പോയി.
നവംബറില്‍ 143 മീറ്റര്‍ തടിക്കു ആവശ്യക്കാര്‍ ഉണ്ടായി. കഴിഞ്ഞ വര്‍ഷം അവസാന മാസം നടന്ന ലേലത്തില്‍ 141 ക്യുബിക് മീറ്റര്‍ ലേലം നടന്നു. ജനുവരിയിലും മാര്‍ച്ചിലും 277 ക്യുബിക് മീറ്റര്‍ മരത്തിനു ആവശ്യക്കാര്‍ ഉണ്ടായെങ്കില്‍ മെയ് മാസം വെറും 10 മീആണ് ലേലം നടന്നത്.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് സാമാന്യം നല്ല കച്ചവടം നടന്നത്. മൂന്ന് കോടിയിലേറെ രൂപാ സര്‍ക്കാര്‍ ഖജനാവില്‍ വന്നു. ഏപ്രില്‍ മാസത്തില്‍ 70, ജൂണില്‍ 85 മീറ്റര്‍ എന്നിങ്ങനെയാണ് തടി വിറ്റുപോയത്.
അര ലക്ഷം ക്യുബിക് അടി തേക്ക് തടിയും 8750 ക്യുബിക് അടി മറ്റു മരങ്ങളും വില്‍ക്കാതെ ഡിപ്പോയില്‍ കിടക്കുന്നു. അടിസ്ഥാന വിലയില്‍ കുറച്ചു ഓണ്‍ലൈനില്‍ ലേലംവിളി ഇല്ല എന്നതാണ് പ്രശ്നം. തേക്ക് തടിയുടെ വിലക്ക് പുറമേ അതിന്റെ നാലില്‍ ഒന്ന് നികുതി കൂടി കൊടുക്കണം. ഇതിനും പുറമെ ലോഡിംഗ്, വണ്ടി കൂലി കൂടി വരുമ്പോള്‍ ആകെ തുക ലേലതുകയുടെ ഇരട്ടിയോളം വരും.
ഇത് വരെ വിറ്റ തടികളില്‍ ഏറെയും മരുതി, പാല, കുളമാവ് എന്നിവയാണ്. തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയില്‍ വീട് പണികള്‍ക്ക് മരുതി തടി ഉപയോഗിച്ച് വരുന്നതിനാലാണ് അതിനു ആവശ്യക്കാര്‍ ഏറെ ഉണ്ടായത്. കാലാവസ്ഥയുടെയും മണ്ണിന്റെയും പ്രത്യേകത കൊണ്ട് ചിതല് കയറാത്തതി നാല് കട്ടളക്ക് വരെ അവിടെ ആ തടി ഉപയോഗിക്കുന്നു. പാലയും മറ്റും പാക്കിംഗ് പെട്ടികളുടെ നിര്‍മാണത്തിന് കേരളത്തിന് പുറത്തു കൊണ്ടുപോകും. വില വളരെ കൂടിയത് കൊണ്ടും സ്റ്റീല്‍, ഫൈബര്‍ സാധനങ്ങളുടെ ഉപയോഗം കെട്ടിടം പണിക്ക് ലാഭമാണ് എന്നതിനാലും തേക്ക് തടി ഡിപ്പോകളില്‍ കെട്ടി കിടക്കുന്നു.
ഓണ്‍ ലൈന്‍ വ്യാപാരത്തിലൂടെയാണ് ഇപ്പോള്‍ കച്ചവടം. അതുകൊണ്ട് സെയില്‍സ് ഡിഎഫ്ഒ മാരില്‍ നേരത്തെ നിക്ഷിപ്തമായിരുന്ന യുക്തിപൂര്‍വ വില്‍പ്പന ഇപ്പോള്‍ നടക്കുന്നില്ല. ഒരു വര്‍ഷത്തിനിടെ വെള്ള മരങ്ങള്‍ ഉള്‍പ്പടെ ആകെ അരീക്ക കാവ് ഡിപ്പോയില്‍ വിറ്റത് 1756 മീറ്റര്‍ തടി മാത്രമാണ്. ഇതോടെ ലോഡിങ് മാത്രം ഉപജീവനമാര്‍ഗ്ഗം ആയി സ്വീകരിച്ച ഡിപ്പോ തൊഴിലാളികള്‍ പട്ടിണിയിലുമായി. നിരവധി കുടുംബങ്ങളാണ് ഈതൊഴില്‍ കൊണ്ട് ജീവിതം തള്ളിനീക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: