കണ്ണൂര്‍: കോഴി വ്യവസായ രംഗത്തെ കുത്തകകളെ നിയന്ത്രിക്കുന്നതിന് സംസ്ഥാനത്ത് കോഴിഫാമുകള്‍ ജനകീയമാക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്. നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിയുമായി ബന്ധപ്പെട്ട ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ കോഴിക്കുഞ്ഞുങ്ങള്‍, കോഴിത്തീറ്റ എന്നിവയുടെ വിതരണം ഏതാനും കുത്തകക്കമ്പനികളുടെ കൈകളിലാണ്. ജിഎസ്ടി പ്രകാരം നികുതി 15 ശതമാനം കുറഞ്ഞെങ്കിലും ഇവ രണ്ടിനു വിലകൂട്ടിക്കൊണ്ട് നികുതിയിളവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നിഷേധിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഈ പ്രവണത ഇല്ലാതാക്കാന്‍ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ആവശ്യത്തിന് കോഴി ഫാമുകള്‍ ആരംഭിക്കും.
500 മുതല്‍ 1000 വരെ കോഴികളെ വളര്‍ത്താന്‍ കഴിയുന്ന ഫാമുകളാണ് ആരംഭിക്കുക. 25 രൂപ നിരക്കില്‍ കോഴിക്കുഞ്ഞുങ്ങളും ന്യായവിലയ്ക്ക് കോഴിത്തീറ്റയും സര്‍ക്കാര്‍ നല്‍കും. ന്യായമായ വിലയ്ക്ക് കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ കോഴികളെ വാങ്ങുമെന്നും മന്ത്രി പറഞ്ഞു. അതോടെ ഈ രംഗത്തെ കുത്തകകള്‍ക്ക് തടയിടാന്‍ സാധിക്കും.
കോഴിഫാമുകള്‍ക്കുള്ള ഷെഡ് കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ച് സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ചു നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി മൃഗസംരക്ഷണ വകുപ്പ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. അടുത്ത മൂന്നു മാസത്തിനകം പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: