”തോന്നുമ്പോള്‍ വന്നീടാനും
വന്നിരുന്നുറങ്ങാനും
തോന്നുമ്പോള്‍ പോയീടാനു-
മെന്താണിതാപ്പീസാണോ?”
അവധി ദിവസങ്ങളുടെ മേളപ്പെരുക്കത്തില്‍ തകിടം മറിയുന്നത് ഒരു ദേശത്തിന്റെ പുരോഗമനം, വികസനം മുതലായ വലിയ സ്വപ്നങ്ങളാണ്. നാടിന്റെ വികസനത്തിനു ചാലകശക്തിയാകേണ്ടത് ഭരണചക്രവും അതിന്റെ ഭാഗമായ പതിനഞ്ചു ലക്ഷത്തിലധികം വരുന്ന ഉദ്യോഗസ്ഥന്മാരും അവരുടെ പ്രവൃത്തി ദിവസങ്ങളുമാണെന്നതില് രണ്ടുപക്ഷമില്ല. ആവശ്യത്തിലധികം അവധി ആസ്വദിക്കുന്ന ഈ ഉദ്യോഗസ്ഥന്മാര് കാലക്രമേണ നിഷ്ക്രിയരാവുകയും നാടിന്റെ പുരോഗതിക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യുന്നില്ലേയെന്ന സംശയം സ്വാഭാവികമെന്നു കരുതിയാല്‍ മതി.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ അവധി ദിവസങ്ങളുള്ളത് ഒരുപക്ഷേ കേരളത്തിലായിരിക്കാം. ഒരുവര്‍ഷം ഇരുപത്തിനാല് അവധി ദിവസങ്ങളും മൂന്നു നിയന്ത്രിത അവധി ദിവസങ്ങളുമുണ്ട് സര്‍ക്കാരിന്.
ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം വേതനത്തോടുകൂടി ഏകദേശം ഇരുപതുദിവസം അവധിയുണ്ട്. പകുതിവേതനത്തോടെ മറ്റൊരു ഇരുപതു ദിവസം. ഇതിനെല്ലാം പുറമെ, നിയമപരമായ മെഡിക്കല്‍ അവധിയും ആര്‍ജ്ജിത അവധിയും. ഈ വര്‍ഷത്തെ (2017)കലണ്ടറില്‍ ചുവന്ന മഷിയില്‍ (രണ്ടാം ശനിയും ഞായറുമുള്‍പ്പെടെ) അടയാളപ്പെടുത്തിയിരിക്കുന്നത് എണ്‍പത്തിയഞ്ച് അവധി ദിവസങ്ങളാണ്. ഫലത്തില്‍ ഏകദേശം നാലുമാസത്തെ അവധി. അതായത് എട്ടുമാസത്തെ ജോലിക്ക് ഒരുവര്‍ഷത്തെ ശമ്പളം. ഈ അവധികള്‍ക്കെല്ലാം ഉപരിയാണ് സര്‍ക്കാര്‍ ചിലപ്പോള്‍ പ്രഖ്യാപിക്കുന്ന പ്രാദേശിക അവധികളും നിയന്ത്രിത അവധികളും. സന്തോഷ-സന്താപ സൂചകമായി ലഭിക്കുന്ന അവധികള്‍ വേറെ. സാധാരണക്കാരന്റെ മനസ്സാക്ഷിയെ ചോദ്യംചെയ്യുന്ന, ഹര്‍ത്താലുകള്‍ അവധി ദിവസങ്ങളായി മാറുന്ന കാഴ്ചകളും നമ്മള് കാണുന്നു. ഇതിനൊക്കെ പുറമെയാണ് ഉദ്യോഗസ്ഥന്മാരുടെ ഇടയ്ക്കുള്ള ‘മുങ്ങലുകള്‍.’
ചെമ്മനം ചാക്കോയുടെ മനോഹരമായ വരികളുടെ അര്‍ത്ഥവും ആപ്പീസര്മാരുടെ പോക്കുവരവ് മുങ്ങല്‍ സമയവും കൂട്ടിക്കിഴിച്ചു കിട്ടുന്ന സമവാക്യം തിരിച്ചറിയാന്‍ മറക്കരുത്. ഒരു ഉദ്യോഗസ്ഥന് കഷ്ടിച്ചു ജോലി ചെയ്യുന്നത് ആറുമാസം; അതിലധികമില്ല! കുംഭകര്ണ്ണന് പോലും ഇടയ്ക്കുണര്‍ന്ന് കര്‍മ്മനിരതനാകുന്ന കാഴ്ച രാമായണത്തില്‍ നമ്മള് കണ്ടിട്ടുണ്ട്.
ജാതീയമായും രാഷ്ട്രീയമായും വേണ്ടതിനും വേണ്ടാത്തതിനും അവധികൊടുക്കുമ്പോള്‍ നിയമപരമായ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുമതി തേടി സര്‍ക്കാര്‍ ആപ്പീസുകളെ സമീപിക്കുന്നവരുടെ ബുദ്ധിമുട്ടും ഗതികേടും ഊഹിക്കാവുന്നതേയുള്ളൂ. നാടിന്റെ നന്മയ്ക്ക് സമയബന്ധിതമായി ചെയ്തുതീര്‍ക്കേണ്ട വികസന പ്രവര്‍ത്തനങ്ങളുടെ താളംതെറ്റുന്ന കാഴ്ചകളും നമ്മള് കാണുന്നു.
ഏറ്റവും പുതിയ സാങ്കേതിക സഹായത്തോടെയും വികസ്വര രാജ്യങ്ങളിന്ന് വ്യക്തമായ കാഴ്ചപ്പാടോടെ വികസനത്തിന്റെ പാതയിലാണ്. രാജ്യത്തിന്റെയും നാടിന്റെയും പുരോഗതിക്ക് ജോലി സമയങ്ങളില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്തി അര്‍പ്പണ മനോഭാവത്തോടെ അവരെല്ലാം ജോലി ചെയ്യുന്നു. പക്ഷേ, ഇപ്പോഴും നമുക്കുള്ളത് കാലഹരണപ്പെട്ട ഒരു സമയക്രമമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ രാവിലെ പത്തുമണിക്കാണ് ഇന്നും പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. ഓഫീസുകളിലെത്താന്‍ മതിയായ വാഹന സൗകര്യങ്ങളില്ലാതിരുന്ന കാലഘട്ടത്തില്‍ ഇതിനു പ്രസക്തിയുണ്ടായിരുന്നു. വിദൂര-പൂര്‍വ്വ രാജ്യങ്ങള്‍, മധ്യ-പൂര്‍വ്വ ദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം രാവിലെ എട്ടിനും ഒമ്പതിനും മുന്‍പേ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു എന്ന വസ്തുത നമ്മള് ബോധപൂര്‍വം മറക്കാന്‍ ശ്രമിക്കുന്നു.
ജനങ്ങള്‍ നല്കുന്ന നികുതി ശമ്പളമായി പരിണമിക്കുമ്പോള്‍ ജനങ്ങള്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട സേവനം ലഭ്യമാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഭരണനൈപുണ്യവും ഉള്‍ക്കാഴ്ചയുമില്ലാത്ത ഭരണാധിപന്മാരുടെയും വകുപ്പദ്ധ്യക്ഷന്മാരുടെയും അഭാവം, പതിറ്റാണ്ടുകളായി ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. നാടിന്റെ പുരോഗതിക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം കൂട്ടുകയും അവധിദിവസങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യേണ്ടതല്ലേ? എന്നാല്‍ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, മാറി മാറിവന്ന സര്‍ക്കാരുകള്‍ ജാതി-മത-രാഷ്ട്രീയക്കാരുടെ പ്രീതി സമ്പാദിക്കുന്നതിന് അവധി ദിവസങ്ങളുടെ എണ്ണം കൂട്ടുകയാണ് ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: