പള്ളുരുത്തി: 2008ല്‍ നിര്‍മ്മാണം ആരംഭിച്ച ചെല്ലാനം മിനി ഫിഷിംഗ് ഹാര്‍ബറിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നതിനാല്‍ ഹാര്‍ബര്‍ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. മാറിവരുന്ന സര്‍ക്കാറുകള്‍
കൂടുതല്‍ വ്യവസായ സാദ്ധ്യതയുള്ള ചെല്ലാനം ഹാര്‍ബറിനെ മരവിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് അവലംബിക്കുന്നതെന്ന് കാട്ടി ചെല്ലാനം മിനി ഫിഷിംഗ് ഹാര്‍ബര്‍ സംരക്ഷണ ജനകീയ കൂട്ടായ്മ പ്രത്യക്ഷ സമര പരിപാടികളിലേയ്ക്ക്.
ഒന്നാം ഘട്ടത്തില്‍ 20 കോടി മുടക്കി പുലിമുട്ട് നിര്‍മ്മിച്ചത് ഒഴിച്ചാല്‍ ഹാര്ബറിനാവശ്യമായ ലേല ഹാള്‍, ഫ്ളാറ്റ്, ടോയ്ലറ്റ്, പാര്‍ക്കിങ് ഏരിയ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ഭാരവാഹികള്‍ പറയുന്നു. മുപ്പതു കോടി രൂപ ഹാര്‍ബര്‍ നിര്‍മ്മാണത്തിന് അനുവദിച്ചുവെങ്കിലും ശേഷിക്കുന്ന പത്ത് കോടി ലാപ്സായതായും പറയുന്നു.
ദിനംപ്രതി നൂറുകണക്കിന് വള്ളങ്ങള്‍ ഹാര്‍ബറില്‍ അടുക്കുന്നുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കൂടിയാണ് ഹാര്‍ബറിലേക്ക് പ്രവേശിക്കുന്നത്. ഇതുള്‍പ്പെടെ ഒരേക്കര്‍ കൂടി ഹാര്‍ബര്‍ വികസനത്തിനായി ഏറ്റെടുക്കേണ്ടതായി വരും. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബഡ്ജറ്റിലും ഹാര്‍ബര്‍ വികസനത്തിനായി തുക നീക്കിവെക്കാത്തതിലും പ്രതിഷേധം ശക്തമാണ്. 12 മുതല്‍ ഹാര്‍ബറിനു മുന്നില്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിക്കുമെന്ന് സമരസമിതി ഭാരവാഹികളായ വി.ടി. ആന്റണി, എം.ആര്. അശോകന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: