കൊച്ചി: കൊതുക് നിര്‍മ്മാര്‍ജ്ജനവും ശുചീകരണവും കാര്യമായി നടക്കാത്തതിനാല്‍ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കി. ഈവര്‍ഷം ഇതുവരെ ഒരുലക്ഷത്തിലധികം പേര്‍ക്ക് വൈറല്‍ പനി പിടിച്ചു.
രണ്ട് മരണവുമുണ്ടായി. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 287ല്‍ എത്തി. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 1.80 ലക്ഷം ആളുകള്‍ക്കാണ് പനി പിടിച്ചത്. ഈ വര്‍ഷം പകുതിയായപ്പോള്‍ തന്നെ പനി ബാധിതര്‍ ഒരുലക്ഷം കടന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്ജിതമായില്ലെങ്കില് പനി ബാധിതരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കൂടുമെന്നാണ് ആരോഗ്യമേഖലയിലുള്ളവരുടെ വിലയിരുത്തല്‍.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചയാണ് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരാനിടയാക്കിയത്. കൊതുകിന്റെ സാന്ദ്രത കൊച്ചിയുള്‍പ്പെടെയുള്ള പല നഗരങ്ങളിലും കുത്തനെ ഉയര്‍ന്നു. ഇതുമൂലമാണ് ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചത്. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നില്ല. വീടുകള്‍ തോറും കയറിയിറങ്ങി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും വീഴ്ച പറ്റി. മാലിന്യത്തിനും കൊതുകിനും പുറമെ മോശമായ കുടിവെള്ളവും തിരിച്ചടിയായി. 94 പേര്‍ക്കാണ് ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ചത്. ആറുപേര്‍ക്ക് ടൈഫോയ്ഡും പിടിപെട്ടു. വയറിളക്കരോഗം പിടിപെട്ടവര്‍ 17,000 കടന്നു. 55 പേര്‍ക്ക് എലിപ്പനിയും 60 പേര്‍ക്ക് മലമ്പനിയും പിടിപെട്ടു.
എലിനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും വീഴ്ചയുണ്ടായി. മുന്‍കാലങ്ങളില്‍ കൃഷിവകുപ്പുമായി ചേര്‍ന്ന് എലിക്കെണി ഉപയോഗിച്ച് എലിയെപ്പിടിക്കുന്ന രീതിയുണ്ടായിരുന്നു.
എന്നാല്‍, പലയിടങ്ങളിലും അത് നടക്കുന്നില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയതും തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: