സ്വന്തം പുരയിടത്തിലെ 40 സെന്റ്. അതില്‍ 2500 ഓളം അലങ്കാര കോഴികള്‍. കൂട്ടത്തില്‍ ഏറെയും കരിങ്കോഴികള്‍. ഇതിനൊപ്പം 25 ഓളം മറ്റ് വ്യത്യസ്ത ഇനങ്ങളും. ഇറച്ചിക്കോഴി, മുട്ടക്കോഴി, അലങ്കരാക്കോഴി എന്നിവ മലയാളികള്‍ക്ക് സുപരിചിതമാണെങ്കിലും കരിങ്കോഴി വളര്‍ത്തല്‍ ഇന്നും അത്ര പരിചിതമല്ല. ഈ സാഹചര്യത്തിലാണ് വീട്ടില്‍ വിനോദത്തിനായി വളര്‍ത്തി തുടങ്ങിയ കരിങ്കോഴികളില്‍ നിന്ന് ആദായമുണ്ടാക്കി ഒരു യുവകര്‍ഷകന്‍ നേട്ടം കൊയ്യുന്നത്.
കോട്ടയം ജില്ലയിലെ കുറിച്ചിത്താനം വലിയപറമ്പില്‍ പ്രദീപ്കുമാറിന് ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമയുണ്ടെങ്കിലും, യന്ത്രങ്ങളേക്കാള്‍ താല്പര്യം പക്ഷികളോടാണ്. ആദായം എന്ന കാഴ്ചപ്പാടില്ലാതെ 2005ലാണ് പ്രദീപ് തന്റെ പക്ഷി വളര്‍ത്തല്‍ ആരംഭിച്ചത്. രണ്ട് കരിങ്കോഴികളിലായിരുന്നു തുടക്കം. ഇന്ന് കേരളത്തില്‍ തന്നെ കരിങ്കോഴി കൃഷിയില്‍ നിന്ന് മികച്ച വരുമാനം കൈവരിക്കാന്‍ പ്രദീപിന് കഴിയുന്നു. തനിനാടന്‍ ഇനങ്ങളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു പ്രദീപിന്റെ പധാന ലക്ഷ്യം. ഒരു കാലത്ത് നമ്മുടെ ഗ്രാമങ്ങളില്‍ കണ്ടിരുന്ന കരിങ്കോഴികളുടെ സംരക്ഷണമായിരുന്നു ഇതില്‍ പ്രധാനമെന്ന് പ്രദീപ് പറയുന്നു.
വിവിധതരത്തിലുള്ള കോഴികളെ ശേഖരിച്ചായിരുന്നു തുടക്കം.
മധ്യപ്രദേശിലെ ഗിരിവര്‍ഗമേഖലയില്‍ നിന്ന് സംഘടിപ്പിച്ച നാടന്‍ കരിങ്കോഴികളുടെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചാണ് ഫാം വിപുലീകരിച്ചത്. ഇന്‍ക്യുബേറ്ററിന്റെ സഹായത്തോടു കൂടിയാണ് മുട്ടകള്‍ വിരിയിക്കുന്നത്. 45 ദിവസമെത്തിയ കുഞ്ഞുങ്ങളെ 200 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. മുട്ടയിടുന്ന പ്രായമാകുമ്പോള്‍ 1000 രൂപയായി വര്‍ധിക്കും. ഒരു വര്‍ഷം 180 മുട്ട വരെ ഇടുന്ന കരിങ്കോഴികള്‍ക്ക് സാധാരണ മുട്ടക്കോഴികള്‍ക്ക് നല്‍കുന്ന തീറ്റ തന്നെയാണ് നല്‍കുന്നത്. ഗോതമ്പും, അരിയും മിതമായി നല്‍കിയാല്‍ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും. ആറു മാസം കൂടുമ്പോള്‍ കാഷ്ഠം ശേഖരിച്ച് വില്‍പന നടത്തും. ഒരു ചാക്കിന് 200 രൂപ നിരക്കിലാണ് ചിന്തേര് പൊടി ചേര്‍ന്ന കാഷ്ഠം വില്‍കുന്നത്.
കരിങ്കോഴികള്‍ക്കും നാടന്‍ കോഴികള്‍ക്കും ഇന്ന് നല്ല ഡിമാന്‍ഡാണ്. മുട്ടയുടെയും ഇറച്ചിയുടെയും മികച്ച സ്രോതസെന്ന നിലയില്‍ കരിങ്കോഴികള്‍ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു. കൂടിനുള്ളില്‍ കൂനിക്കൂടിയിരുന്ന് മുട്ടയിടുന്ന രീതിയിലല്ല പ്രദീപ് കരിങ്കോഴികളെ വളര്‍ത്തുന്നത്. ഓടിനടന്ന് തീറ്റ തിന്ന് വളരുന്ന രീതിയിലുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ തമിഴ്‌നാട്ടിലൊരു പശുഫാമും പ്രദീപിനുണ്ട്. സംരംഭത്തിന് പിന്തുണയുമായി അധ്യാപികയായ ഭാര്യ ശ്രീരേഖ കൂടി എത്തിയതോടെ പക്ഷികളുടെ ഇനവും വര്‍ദ്ധിച്ചു.
ഫാന്‍സി ഇനങ്ങളായ സില്‍വര്‍ പോളീഷ് ക്യാപ്പ്, അരമീറ്ററിലേറെ നീളമുള്ള വാലുകളാല്‍ മനോഹരമായ ഓണഗഡോറി, ചുണ്ടുകള്‍ മൂടി നില്‍ക്കുന്ന തരത്തിലുള്ള പൂവും അഴകുള്ള കറുപ്പും ചേര്‍ന്ന പ്രില്ല്, ഇളം നീല നിറത്തിലുള്ള തൂവലുകള്‍കൊണ്ട് മനോഹരമായ ബ്ലൂമില്ലി, വൈറ്റ്മില്ലി, പോരുകോഴിയെപ്പോലെ തോന്നിക്കുന്ന വര്‍ണമനോഹരനായ ഫീനിക്‌സ്, ഏറ്റവും കൂടുതല്‍ തൂക്കം വയ്‌ക്കുന്ന ബഫ് കൊച്ചിന്‍ തുടങ്ങിയ ഇനങ്ങളെയും ഫാമിലുണ്ട്. ഓരോന്നിന്റെയും വലിപ്പവും അഴകുമാണ് വില ഉയര്‍ത്തുന്നത്. പക്ഷികളെ വാങ്ങാനെത്തുന്നവര്‍ക്ക് കൂടുകളും നല്‍കുന്നുണ്ട്.
അറുപതാം കോഴി
പ്രദീപിന്റെ ഫാമില്‍ കരിങ്കോഴികളാണ് താരമെങ്കിലും ഇവയേക്കാള്‍ വ്യത്യസ്മായ ഒരു ഇനവും കൂട്ടത്തിലുണ്ട്. പേര് അറുപതാം കോഴി. കേരളത്തില്‍ ഇന്ന് വയനാട്ടിലെ ആദിവാസി മേഖലകളില്‍ മാത്രമായി ഇവയുടെ സാന്നിധ്യം ഒതുങ്ങുകയാണ്. അര മുതല്‍ മുക്കാല്‍ കിലോ വരെയാണ് ഭാരം. അടയിരുന്ന് 45-ാമത്തെ ദിവസം കുഞ്ഞിനെ പിരിച്ച് കളയുന്ന ഇവ 60-ാം ദിവസം വീണ്ടും മുട്ടയിടും.
കരിങ്കോഴി
തൂവലുകള്‍, കാല്‍, നഖം, നാവ്, മാംസം അങ്ങനെ അടിമുടി കറുപ്പന്മാരായ കരിങ്കോഴികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലാണ്. കൊഴുപ്പും കൊളസ്‌ട്രോളും കുറവുള്ള മാംസമാണ് ഇവയ്‌ക്കുള്ളത്. വൈറ്റമിനും അമിനോ ആസിഡും ഫോസ്ഫറസും ഇരുമ്പും അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കൂടുതല്‍ ആരോഗ്യപ്രദമാണ്. മാംസവും, രക്തവും ആയുര്‍വേദ ചികിത്സയ്‌ക്കും ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: