ചിലര്ക്കുപണി കിട്ടുന്നത് താമസിച്ചായിരിക്കും. താമസിച്ചുകിട്ടുന്ന പണി ബഹുകേമവുമാകും. നടനും എംപിയും താരസംഘടന അമ്മയുടെ മുഖ്യനുമായ ഇന്നസെന്റിനും ഇപ്പോള്‍ കിട്ടിയിരിക്കുന്നത് ഇങ്ങനെയൊരു പണിയാണ്. സഹപ്രവര്‍ത്തകര്‍ മാത്രമല്ല പൊതുജനം തന്നെ രൂക്ഷ വിമര്‍ശനംകൊണ്ട് ശരിക്കും പൂശുന്നുണ്ട് ടിയാനെ.
കഴിഞ്ഞദിവസം ഇന്നസെന്റ് നടത്തിയെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെയാണ് കടുത്ത വിമര്‍ശനം. ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധി, നടന് എന്നിങ്ങനെയുള്ള വ്യക്തിയാണ് കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ സിനിമയില്‍ വേഷം തേടിയെത്തുന്ന സ്ത്രീകളെക്കുറിച്ചു മോശപ്പെട്ട പരാമര്‍ശം നടത്തിയിരിക്കുന്നത്. തൊഴിലവസരത്തിനായിപ്പോലും കിടക്ക പങ്കിടേണ്ടിവരുന്ന സമൂഹത്തില്‍ സ്ത്രീമാത്രമാണ് കുറ്റക്കാരിയെന്നു മുദ്രകുത്തപ്പെടുന്നത്. സ്ത്രീശരീരം ആഗ്രഹിച്ച പുരുഷനു തരിമ്പുപോലും കുറ്റപ്പെടുത്തലുണ്ടാവില്ലെന്നു പറഞ്ഞാണ് ഇന്നസെന്റിനെ റിമ കല്ലിങ്കല്‍ ശക്തമായി വിമര്‍ശിച്ചത്.
സംവിധായകന് വിനയന്റെ പരിഹാസം ഒരുപടി കൂടി കടന്നായിരുന്നു. ഇത്രമാത്രം വിവരദോഷങ്ങളും സ്ത്രീ വിരുദ്ധ നിലപാടുകളും വീണ്ടും വീണ്ടും വിളമ്പി സാംസ്ക്കാരിക കേരളത്തെ മലീമസമാക്കാന്‍ നിങ്ങള്‍ക്കെന്തുപറ്റി എന്നും പറഞ്ഞാണ് വിനയന്റെ ഫേസ്ബുക്ക് പോസ്റ്റു തുടങ്ങുന്നത്. ഇന്നസെന്റിനെയോര്ത്തു ലജ്ജിക്കുന്നു എന്ന രീതിയിലാണ് നടി രഞ്ജിനിയുടെ വിമര്‍ശനം. ഇങ്ങനെ സഹപ്രവര്‍ത്തകര്‍ മാത്രമല്ല സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ പെട്ടവര്‍ പലരും ഇദ്ദേഹത്തിനെതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്.
തനിക്കു ബുദ്ധിയില്ലാത്തതുകൊണ്ടാണ് വീണ്ടും വീണ്ടും അമ്മയുടെ പ്രസിഡന്റായി തന്നെ തെരഞ്ഞെടുക്കുന്നതെന്ന് ഒരിക്കല്‍ ഇന്നസന്റു തന്നെ പറഞ്ഞിട്ടുണ്ട്. ഇത്രയുംകാലം ബുദ്ധി ഇല്ലെന്നു തന്നെ വിചാരിച്ചവരും ഉണ്ടാകാം. പക്ഷേ ബുദ്ധി ഇല്ലാത്തതുകൊണ്ടല്ല കുബുദ്ധിയുള്ളതുകൊണ്ടാണ് അമ്മക്കാര് ആ പദവിയില്‍ ആവര്ത്തിച്ചിരുത്തുന്നത് എന്നിപ്പോള്‍ മനസിലായി.
ഇദ്ദേഹത്തിന്റെ കോമഡി വേഷങ്ങള്‍പോലെ തന്നെ നിലവാരമില്ലാത്തതാണ് സംസാരവും മറ്റുള്ളവരോടുള്ള പെരുമാറ്റവും എന്നുള്ളതാണ് സ്ത്രീകളെ മോശപ്പെടുത്തിയുള്ള സംസാരത്തില്‍നിന്നും ജനം മനസിലാക്കുന്നത്. ഇങ്ങനെയുള്ള ഒരാളെയാണല്ലോ സിപിഎം എംപിയാക്കിയതെന്നോര്ക്കുമ്പോഴാണ് കഷ്ടം. ഈ കക്ഷിയില്‍ എന്താണ് എംപിയാകാനുള്ള ഗുണം എന്നു മനസിലാകുന്നില്ല. എന്തായാലും സിപിഎമ്മിനു തന്നെ കണക്കിനു കിട്ടുന്നുണ്ട്. സിപിഎമ്മിന്റെ മറ്റൊരു ചങ്ങാതിയുണ്ടല്ലോ മുകേഷ് എംഎല്‍എ. ഇഷ്ടനും വയറുനിറയെ കിട്ടി. സ്വന്തം പാര്‍ട്ടിക്കാരില്‍നിന്നും വേറെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: