പാലക്കാട്: നഗരസഭ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍ എന്നിവര്‍ പത്രമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ ആദ്യം മഴക്കാല പൂര്‍വ്വ ശുചീകരണം ആരംഭിച്ച നഗരസഭകളില്‍ ഒന്നാണ് പാലക്കാട്. മെയ് 15 മുതല്‍ ആറ് ഹെല്‍ത്ത് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വാര്‍ഡുകളില്‍ അധിക ജോലിക്കാരെ നിയോഗിച്ച് അഴുക്കുചാലുകളിലെ മണ്ണും മാലിന്യവും നീക്കം ചെയ്യല്‍ ആരംഭിച്ചു. ഇതേവരെ 1698 മനുഷ്യ പ്രയത്ന ദിനങ്ങള്‍ക്ക് കൂലിയായി 10,69,740 രൂപയും നഗരത്തിലെ പ്രധാന തോടുകള്‍ ഹിറ്റാച്ചി ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് 4.20 ലക്ഷംരൂപയും ചിലവഴിച്ചു. നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് മഴക്കാലത്തിന് മുമ്പ് ഇത്രയും തുക ശുചീകരണത്തിനായി ചെലവഴിക്കുന്നത്.
ഓരോ വാര്‍ഡിലേക്കും ശരാശരി 32 മനുഷ്യ പ്രയത്ന ദിനം ശുചീകരണത്തിന് നല്കി. മെയ് 15 മുതല്‍ എല്ലാ വാര്‍ഡുകളിലും കൊതുകു നശീകരണ മരുന്ന് തളിക്കാന്‍ 52 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. നഗരസഭയിലെ അഞ്ചു ഫോഗിങ് മെഷീനുകളും തകരാറിലായതിനാല്‍ ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെ സഹായത്തോടെ മെയ് 30 മുതല്‍ രണ്ട് ഫോഗിങ് മെഷീന് ഉപയോഗിച്ച് ഫോഗിങ് നടത്തി വരുന്നു. നഗരത്തില്‍ ഡെങ്കിപ്പനി ബാധിച്ച മണലാംഞ്ചേരി, ചടനാംകുറുശി, വിശ്വകര്മ്മാനഗര്, കുന്നത്തൂര്‍മേട്, കല്ലേപ്പുളളി, പുത്തൂര്‍, യാക്കര, വലിയപാടം എന്നിവങ്ങളില്‍ ഫോഗിങ് നടത്തിയിട്ടുണ്ട്. ഇതിനായി 5 ലിറ്റര്‍ മാലത്തിയോണ്‍ മരുന്നും ഡീസലും മെഷീന് പ്രവര്‍ത്തനങ്ങള്‍ക്കായി പെട്രോളും നല്കി.
ഉറവിടത്തില്‍ തന്നെ കൊതുകു നശീകരണത്തിനായി മുഴുവന്‍ വാര്‍ഡുകളിലും ബോധവല്‍ക്കരണത്തിനായി രണ്ട് വോളണ്ടിയര്‍മാരെ നിയോഗിക്കും. ഇവര്‍ എട്ടാംതിയതി മുതല്‍ എല്ലാ വീടുകളിലുമെത്തും. മന്ത്രിതല യോഗത്തില്‍ വാര്‍ഡുതല ശുചീകരണത്തിന് 25,000 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും ലഭിച്ചില്ലെന്നും പ്രമീള ശശിധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: