ഒറ്റപ്പാലം: കയറംപാറ സെന്‍ട്രല്‍ സ്കൂള്‍ റോഡിന്റെ വശത്തുള്ള എയ്റോബിക്ക് മാലിന്യ സംസ്കരണ പ്ലാന്റിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിജെപി പ്രതിനിധി പി.വേണുഗോപാല്‍ താലൂക്ക് വികസനസമിതിയിലുന്നയിച്ചു.
നഗരസഭയുടെ നേതൃത്വത്തിലുള്ള ഈ പ്ലാന്റ് ജനവാസ കേന്ദ്രത്തിലാണ്. തദ്ദേശ വാസികള്‍ക്കും, വഴിയാത്രക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചെറുകിട കര്‍ഷകരെ ഉള്‍പ്പെടുത്താത്തതില്‍ കേരളകോണ്‍ഗ്രസ് പ്രതിനിധി വി.ജയരാജ് പ്രതിഷേധിച്ചു. ജൂലൈ ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന നിര്‍ബ്ബന്ധിത കര്ഷകഇന്ഷുറന്സ് പരിപാടിയില്‍ ചെറുകിടകര്‍ഷകരെ ഒഴിവാക്കിയിരിക്കുകയാണെന്നു ആരോപിച്ചു.
ഇരുപത്തിയഞ്ച് സെന്റ് താഴെയുള്ള നെല്‍കര്‍ഷകര്‍ക്കു ഇന്ഷുറന്സ്പരിരക്ഷലഭിക്കില്ലെന്ന വസ്തുത കൃഷി വകുപ്പ് ഉദ്യോഗസ്ഥര്ശരിവെച്ചു. വിള ഇന്‍ഷുറന്‍സില്‍ ചേരാത്ത കര്‍ഷകര്‍ക്കു വളം സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കു അര്‍ഹത ഉണ്ടായിരിക്കില്ല. റേഷന്‍കാര്‍ഡിലെ അപാകതകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് സപ്ലൈ ഓഫീസറോട് ആവശ്യപ്പെട്ടു. ടൗണ്‍ സ്റ്റാന്റിനകത്ത് ഗതാഗത നിയന്ത്രണത്തിന് വേണ്ടത്ര പോലീസിനെ നിയമിക്കാത്തതും മൂന്നു മാസമായി പ്രവര്‍ത്തനരഹിതമായ സ്റ്റേഷനിലെ ലാന്റ് ഫോണിനു ബദല്‍ സംവിധാനം ഏര്‍പ്പെടുത്താത്തതും സഭയില്‍ ചര്‍ച്ചയായി.
എസ്ഐഐയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ബദല്‍ സംവിധാനമായി നല്കാന് കഴിയില്ലെന്നും സ്റ്റേഷനെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥന് അറിയിച്ചു. മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു തുടര്‍ച്ചയായ മൂന്നാമത്തെ സമിതി യോഗത്തിലും ഉന്നയിച്ചു.
വാണിയംകുളം പഞ്ചായത്തു പരിധിയിലുള്ള പാതയോരങ്ങളിലെ അഞ്ച്കയ്യേറ്റങ്ങള് കണ്ടെത്തി വില്ലേജ് ഓഫീസര്‍ നടപടി ആരംഭിച്ചതായും എസ്ആര്‍കെ നഗറിലെ നെല്‍കൃഷി പരിവര്‍ത്തനത്തിനെതിരെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും തഹസില്‍ദാര്‍ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ സെപ്റ്റിക്ടാങ്ക് ചോര്‍ച്ചയെക്കുറിച്ച് മുന്‍സിപ്പാലിറ്റി ബില്‍ഡിംഗ് സെക്ഷന്‍ ഉദ്യോഗസ്ഥന് സംഭവം തന്റെ ശ്രദ്ധയില്‍പെട്ടില്ലെന്നു പറഞ്ഞത് വിവാദമായി.
പത്രത്തിലടക്കം വാര്‍ത്ത വന്നിട്ടും ഉദ്യോഗസ്ഥന് പ്രശ്നം ഗൗരവമായി എടുക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നു സഭാധ്യക്ഷന് കെ.ഭാസ്കരന് സഭയില്‍ പറഞ്ഞു. തഹസില്‍ദാര്‍, അഡീഷണല്‍ തഹസില്‍ദാര്‍, ഹെഡ് കോട്ടേഴ്സ് തഹസില്‍ദാര്‍, ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍, കരിമ്പുഴ പഞ്ചായത്തു പ്രസിഡന്റ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: