മല്ലപ്പള്ളി: മല്ലപ്പള്ളി വലിയപാലത്തിനോട് ചേര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്കായി നിര്‍മ്മിച്ച നടപ്പാലം അപകട ഭീഷണിയില്‍. നടപ്പാലത്തിന്റെ ഇരുമ്പുതകിടുകള്‍ പല ഭാഗത്തും ഇളകി നില്‍ക്കുകയാണ്.ദിവസേന സ്കൂള്‍ കുട്ടികള്‍ അടക്കം നൂറുകണക്കിന് ആളുകളാണ് നടപ്പാലം ഉപയോഗിക്കുന്നത്.അദ്ധ്യായന വര്‍ഷമായിട്ടും നടപ്പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ അധികൃതര്‍ ആരംഭിച്ചിട്ടില്ല.
നടപ്പാലത്തിലേക്ക് കയറുന്ന പടികള്‍ കാട് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടെ ഇഴജന്തുക്കളുടെ ശല്യവും വര്‍ദ്ധിച്ചു വരുന്നു. മല്ലപ്പള്ളി സി.എം.എസ്.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഐ.എച്ച്.ആര്.ഡി.സ്കൂള്‍, നിര്‍മ്മല്‍ജ്യോതി സ്കൂള്‍, തുടങ്ങി നിരവധി സ്കൂളുകളും ആരാധനാലയങ്ങളും ഏറെ ഉള്ള സ്ഥലത്തേക്ക് ധാരാളം ആളുകളാണ് യാത്ര ചെയ്യുന്നത്.
രണ്ട് വാഹനങ്ങള്‍ ഒരുമിച്ച് വന്നാല്‍ ഗതാഗതം തടസപ്പെടുന്ന വലിയ പാലത്തിനോട് ചേര്‍ന്ന് കാല്‍നട യാത്രക്കാര്‍ക്കായി നിര്‍മ്മിച്ചതാണ് നടപ്പാലം. ഇരുമ്പുതകിടുകള്‍ പാകി ഉറപ്പിച്ചിട്ടുള്ള ചുവടാണ് ഇളകിയത്.കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താറുണ്ടെങ്കിലും കാലാവധിക്ക് മുമ്പ് കേടുവരുക പതിവാണ്. ഷഷ്ഠിപൂര്‍ത്തി പിന്നിട്ട് വലിയ പാലവും ബലക്ഷയം നേരിടുകയാണ്. അടുത്ത നാളില്‍ വലിയ പാലത്തിന്റെ വശത്തെ കോണ്‍ക്രീറ്റ് തുണില്‍ അജ്ഞാത വാഹനം ഇടിച്ച് കേടുപാടുകള്‍ സംഭവിച്ചിട്ടും നന്നാക്കാന്‍ പി.ഡബ്ലു.ഡി തയാറായതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: