പാലിയേക്കര : ടോള്‍ കമ്പനിയില്‍ നിന്നുള്ള കക്കൂസ് മാലിന്യം മണലി പുഴയിലേക്ക് ഒഴുക്കുന്നു. കമ്പനിയുടെ കെട്ടിടത്തിന്റെ പുറകിലുള്ള വലിയ പൈപ്പിലൂടെയാണ് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നത്. അറയ്ക്കപാടത്തേക്ക് ഒഴുക്കിവിടുന്ന മാലിന്യം ചെറിയ തോടുകളിലൂടെ മണലിപുഴയിലാണ് എത്തുന്നത്. പാടത്തിന് സമീപത്ത് താമസിക്കുന്ന അമ്പതോളം കുടുംബങ്ങള്‍ ഇതുമൂലം ദുരിതത്തിലാണ്.
പാടത്ത് മാലിന്യം അടങ്ങിയ വെള്ളം കെട്ടികിടക്കുകയാണ്.വീടുകളിലെ കുടിവെള്ള സ്രോതസ്സുകളില്‍ മലിനജലം ഉറവയായി വരാന്‍ സാധ്യതയേറെയാണെന്ന് സമീപവാസികള്‍ പറയുന്നു. നിരവധി തവണ ടോള്‍ കമ്പനി അധികൃതരോട് നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല.
രണ്ട് സെപ്റ്റിക് ടാങ്കുകളില്‍ നിന്നാണ് മാലിന്യം പാടത്തേക്ക് ഒഴുകുന്നത്. കൂടാതെ മറ്റൊരു പൈപ്പിലൂടെ കമ്പനിയിലെ മലിനജലവും പാടത്തേക്ക് തന്നെയാണ് ഒഴുക്കിവിടുന്നത്.
ദേശീയപാതയോരത്തുള്ള വര്‍ക്ക്ഷോപ്പുകളില്‍ നിന്നുള്ള മാലിന്യവും പാടത്ത് എത്തിയതോടെ വെള്ളത്തിന് നിറവ്യത്യാസവും അനുഭവപ്പെട്ടു തുടങ്ങി. മീനുകളും ചത്തുപൊന്താന്‍ തുടങ്ങി. വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്ക് ചൊറിച്ചല് അനുഭവപ്പെടുന്നതായും പറയുന്നു.
രാസമാലിന്യങ്ങള്‍ കലര്‍ന്ന വെള്ളം മടവാക്കര കാച്ചക്കടവിലാണ്പുഴയില് കലരുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന വിഷയമായിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: