പത്തനംതിട്ട: വനിതാ പോലീസിന് എതിരെയുള്ള കേസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ തെറ്റായ വസ്തുത രേഖപ്പെടുത്തി കോടതിയെ കബളിപ്പിച്ചെന്ന ആരോപണത്തില്‍ മുന്‍ തിരുവല്ല ഡിവൈഎസ്പിയും നിലവില്‍ തിരുവനന്തപുരം വിജിലന്‍സ് & ആന്റികറപ്ഷന്‍ ബ്യൂറോ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 2-ലെ എസ്പിയുമായ കെ. ജയകുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വില്‍സണ്‍ എം. പോള്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സതീശ് ബിനോയ്ക്ക് നിര്‍ദ്ദേശം നല്കി.
നിലവില്‍ റാന്നി പോലീസ് സ്റ്റേഷനില്‍ ജോലി നോക്കി വരുന്ന വനിതാ പോലീസുകാരി റോഷന് മാത്യുവിനെതിരെ റാന്നി മന്ദിരം ചരിവുകാലായില്‍ പൊട്ടങ്കല്‍ വീട്ടില്‍ ഷീജ എച്ച്. നല്കിയ പരാതിയില്‍ റാന്നി പോലീസ് കേസെടുത്തിരുന്നു.
എന്നാല്‍ റാന്നി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ. ഉമേഷ് കുമാര്‍ പോലീസുകാരിക്ക് അനുകൂലമാക്കി കേസ് എഴുതി തള്ളിയെന്നാണ് ആക്ഷേപം. ഇതിനെതിരെ ഷീജ സംസ്ഥാന പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സിഐയുടെ റഫര്‍ നടപടി റദ്ദ് ചെയ്തു.
സിഐയ്ക്ക് എതിരെ വകുപ്പുതല നടപടിക്ക് ഉത്തരവിട്ടു. കേസ് തുടരന്വേഷണം നടത്തുന്നതിന് മുന്‍ തിരുവല്ല ഡിവൈഎസ്പി കെ. ജയകുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ഡിവൈഎസ്പി കെ.ജയകുമാര്‍ വീണ്ടും ഈ കേസ് പോലീസുകാരിക്ക് അനുകൂലമാക്കുന്നതിനുവേണ്ടി അന്തിമ റിപ്പോര്‍ട്ടില്‍ തെറ്റായ വസ്തുത രേഖപ്പെടുത്തിയെന്നാണ് ആരോപണം. തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി ആര്. ചന്ദ്രശേഖരന് പിള്ളയ്ക്ക് ഷീജ നല്കിയ വിവരാവകാശ അപേക്ഷയില്‍ മറുപടി ലഭിക്കാത്തതിനെതിരെ വിവരാവകാശ കമ്മീഷന് മുമ്പാകെ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നടപടി.
നിലവില്‍ ഈ കേസിന്റെ അന്വേഷണ ചുമതല തിരുവല്ല ഡിവൈഎസ്പി ആര്. ചന്ദ്രശേഖരന് പിള്ളയ്ക്കാണ്. കോടതി ഉത്തരവിറങ്ങി 6 മാസം കഴിഞ്ഞിട്ടും അന്വേഷണം ഒച്ചിഴയും വേഗത്തിലാണെന്നും ഈ ഡിവൈഎസ്പിയുടെ അധികാര പരിധിയില്‍ ജോലി ചെയ്യുന്ന പോലീസുകാരിയുടെ അമിത സ്വാധീനത്തിലാണ് കേസന്വേഷണം നടക്കാത്തതെന്നും ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്നും ഷീജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: