ചെന്നൈ: തമിഴ്നാട്ടിലെ ഭരണപ്രതിസന്ധിയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്ന്. കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെയും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെയും അവകാശവാദങ്ങള്‍ കേട്ട ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു തീരുമാനം ഇന്നത്തേക്കു മാറ്റി. നേതാക്കളെയും പ്രവര്‍ത്തകരെയും രംഗത്തിറക്കി ഇരുവിഭാഗവും ഇന്നലെയും രംഗം കൊഴുപ്പിച്ചു. അതിനിടെ, ശശികല പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസ് പരിഗണിക്കുന്നതില്‍ സുപ്രീംകോടതി തീരുമാനമെടുത്തില്ല.
ഇന്നലെ ഉച്ചയോടെ ചെന്നൈയിലെത്തിയ ഗവര്‍ണറെ വൈകിട്ട് അഞ്ചിന് പനീര്‍ശെല്‍വവും രാത്രി ഏഴരയ്ക്ക് ശശികലയും സന്ദര്‍ശിച്ചു. ഇരുവരും തങ്ങളുടെ നിലപാടുകള്‍ ഗവര്‍ണറെ അറിയിച്ചു. തന്നെ പിന്തുണയ്ക്കുന്ന അഞ്ച് എംഎല്‍എമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പമാണ് പനീര്‍ശെല്‍വം എത്തിയത്. രാജി പിന്‍വലിക്കാനുള്ള സന്നദ്ധത അദ്ദേഹം ഗവര്‍ണറെ അറിയിച്ചു. നിര്‍ബന്ധിച്ചാണ് രാജിവെപ്പിച്ചതെന്നു വ്യക്തമാക്കിയ അദ്ദേഹം, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാമെന്ന നിലപാട് ആവര്‍ത്തിച്ചു. അര മണിക്കൂറിനകം രാജ്ഭവനില്‍ നിന്നു മടങ്ങിയ പനീര്‍ശെല്‍വം, നല്ലത് നടക്കും ധര്‍മം ജയിക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
കൂടിക്കാഴ്ചയ്ക്ക് പനീര്‍ശെല്‍വം വീണ്ടും സമയം ചോദിച്ചുവെന്ന റിപ്പോര്‍ട്ടുകളും പിന്നീട് പുറത്തുവന്നു. അതിനിടെ, പനീര്‍ശെല്‍വത്തിനു രാജി പിന്‍വലിക്കാന്‍ നിയമ തടസമുണ്ടെന്ന അഭിപ്രായവുമായി ചില നിയമവിദഗ്ധരും രംഗത്തെത്തി. രാത്രി തന്നെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകരും നേതാക്കളുമായി പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തി.
മറീന ബീച്ചിലെ ജയലളിതയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി, ഗവര്‍ണര്‍ക്കുള്ള കത്ത് അവിടെ സമര്‍പ്പിച്ചാണ് ശശികല രാജ്ഭവനിലെത്തിയത്. അഞ്ച് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമെത്തിയ അവര്‍ പിന്തുണയ്ക്കുന്ന 130 എംഎല്‍എമാരുടെ പേരെഴുതിയ സീല്‍ ചെയ്ത കത്ത് ഗവര്‍ണര്‍ക്കു നല്കി. അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ മന്ത്രിസഭ രൂപീകരിക്കാനും അവര്‍ അവകാശവാദം ഉന്നയിച്ചു.
കൂടിക്കാഴ്ച തുടങ്ങിയതിനു പിന്നാലെ അവകാശവാദം ഉന്നയിച്ച വിവരം ട്വിറ്ററിലൂടെ എഐഎഡിഎംകെ പുറത്തുവിട്ടു. നേരത്തെ, 130 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നു വ്യക്തമാക്കി ശശികല രാജ്ഭവനിലേക്ക് ഫാക്സ് അയച്ചിരുന്നു.
പാര്‍ട്ടി പ്രസീഡിയം ചെയര്മാന് ഇ. മധുസൂദനനന്‍ വസതിയിലെത്തി പനീര്‍ശെല്‍വത്തെ കണ്ടു. കോയമ്പത്തൂര്‍ മേയറും അദ്ദേഹത്തിനു പിന്തുണയുമായെത്തി. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ടി. പാണ്ഡ്യരാജന് എംഎല്‍എമാരും എംപിമാരും ശശികലയ്ക്കൊപ്പമെന്നു പ്രഖ്യാപിച്ചു. തീരുമാനം കൂടിയാലോചനയ്ക്ക് ശേഷമെന്ന് ഡിഎംകെ പ്രസിഡന്റ് സ്റ്റാലിന് പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കാന്‍ നിയമ വിദഗ്ധരുടെ ഉപദേശം തേടാന്‍ ഗവര്‍ണര്‍ തീരുമാനിച്ചതായി രാജ്ഭവന് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
എന്നാല്‍, തമിഴ്നാട്ടിലെ സംഭവവികാസങ്ങളില്‍ ഇടപെടില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ന്യൂദല്‍ഹിയില്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: