ലക്ഷ്മിയെന്നാല്‍ ഒരാളല്ല, ഒരു രൂപമല്ല, ഒരു പ്രസ്ഥാനമാണ്. ഐശ്വര്യത്തിന്റെ പ്രതീകമായി, ധനവരവിന്റെ ചെല്ലപ്പേരായി ചിലര്‍ വാഴ്ത്താറുള്ളതും ഇതേ ലക്ഷ്മിയെ തന്നെ. ആരാധനയുടെ അപൂര്‍വ നിമിഷങ്ങളില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് ഒന്നൊന്നര ലക്ഷ്മിയായി അങ്ങനെ വാഴുന്ന മഹാശക്തിയെ താണുവണങ്ങാതെ എങ്ങനെ മുന്നോട്ടുപോകാന്‍ ?
എന്നാല്‍ ലക്ഷ്മിയെന്ന ലക്ഷ്മി നമ്മള് കണ്ടുപരിചയപ്പെട്ട, ആരാധിച്ച് ഉപാസിക്കുന്ന ലക്ഷ്മിയൊന്നുമല്ല കേട്ടോ. നിയമ പഠനത്തിന്റെ കഠിന വഴികളിലൂടെ ധൈര്യസമേതം നടന്നു കയറുകയും അനേകം പേരെ അതേ വഴിയിലൂടെ നടത്തുകയും ചെയ്ത ലക്ഷ്മി. വിദ്യാഭ്യാസം, സംസ്കാരം, മര്യാദ, മനുഷ്യത്വം തുടങ്ങിയവയും ഇതുമായി ബന്ധപ്പെട്ടതുമായ സകലമാന കാര്യങ്ങളും മനുഷ്യര്‍ക്കുമാത്രം അവകാശപ്പെട്ടതാണ്. എന്നുതന്നെയാണ് ഒരുവിധപ്പെട്ട എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നും ഒരുവേള നമ്മള് അറിയണം. പെട്ടിക്കട നടത്തുന്നതും പെട്രോള്‍ പമ്പ് നടത്തുന്നതും കച്ചവടം തന്നെയാണ്. ജീവിക്കാന്‍ പലരും പല തരത്തില്‍ ഇമ്മാതിരിയുള്ള പല ഏര്‍പ്പാടുകളും നടത്താറുണ്ട്. കച്ചവടമാണോ, ലാഭം വേണം. അത് എങ്ങനെ, എത്ര എന്നൊന്നും ചോദിക്കരുത്.
ഈ വിദ്യാഭ്യാസം എന്ന അഭ്യാസവും ഒരുതരത്തില്‍ കച്ചവടം തന്നെ. കച്ചവടമാവുമ്പോള് ലാഭ-നഷ്ടക്കണക്കുകളുടെ ബാലന്‍സ് ഷീറ്റ് അവശ്യം വേണ്ടതു തന്നെ. ഓരോരുത്തര്‍ക്കും പറ്റിയ മേഖലയിലേ കച്ചവടം നടത്താനാവൂ. നാം നേരത്തെ സൂചിപ്പിച്ച ലക്ഷ്മിയമ്മയ്ക്ക് (അതുകേട്ട് തിന്നാന്‍ വരുമോ എന്തോ. ഡിജിപിക്ക് പരാതി കൊടുത്തുവെന്നാണ് പിന്നാമ്പുറ സംസാരം.) ആകെ അറിയുന്നത് രണ്ടു കച്ചവടമാണ്. ഒന്ന് വിദ്യാഭ്യാസം, മറ്റത് വെച്ചുവിളമ്പല്‍. അത് സംസ്കരിച്ചാല്‍ പാചകം. ആംഗലമായാല് കുക്കറി. പേരെന്തായാലും കച്ചവടം തന്നെ. ചിക്കന്‍ കറിക്ക് മസാലയെത്ര വേണമെന്ന് കണിശമായി ലക്ഷ്മിക്കറിയാം. അപ്പനമ്മൂമ്മമാരുടെ കൈപ്പുണ്യം വേണ്ടുവോളമുള്ളതിനാല്‍ ഇന്നുവരെ ആരും കുറ്റം പറഞ്ഞിട്ടില്ല. വെച്ചും വിളമ്പിയും നാടിന്റെ വയറു നിറഞ്ഞപ്പോഴാണ് ഇതിനെക്കാള്‍ വലിയൊരു കച്ചവടത്തിന് ടിയാള്‍ ഇറങ്ങിത്തിരിച്ചത്.
കാര്യം നിയമം പഠിപ്പിക്കുന്ന കോളജൊക്കെ തന്നെ. പക്ഷേ, അതിലെ കച്ചവടത്തിന്റെ കരളാണ് അറിയേണ്ടത്. പണം കൊടുത്തും പകിടയെറിഞ്ഞും അത്യാവശ്യം സ്ഥലമൊക്കെ വളച്ചുകെട്ടിയെടുത്തിട്ടുണ്ട്. അതവിടെ വെറുതെയിടുന്നത് പന്തിയല്ലെന്ന പ്രപിതാമഹരുടെ ചിന്തയുടെ തുമ്പുപിടിച്ചാണ് അഭ്യാസത്തിനായി ഒരു കട തുറന്നത്. സംഗതിവശാല്‍ അതിന്റെ പേര് ലോഅക്കാദമി എന്നായിപ്പോയി. നിയമത്തിന്റെ നൂല്‍പ്പാലത്തിലൂടെ കടക്കാന്‍ കഴിവുള്ളവരും ഇല്ലാത്തവരും അവിടെ കയറിക്കൂടി എന്നത് ശരിയാണ്. കഴിവുള്ളവര്‍ക്ക് ഒന്നും ഒരു പ്രശ്നമല്ല. ഇല്ലാത്തവര്‍ക്ക് പ്രശ്നമാണുതാനും. ഇല്ലാത്തവരാണ് നമ്മുടെ ലക്ഷ്മിയമ്മയുടെ ചാകര. കൈവായ്പ വാങ്ങിയും ലോണെടുത്തും കുറിയെടുത്തും മക്കളെ നിയമജ്ഞരാക്കാന് പെടാപ്പാടുപെടുന്നവരെ ഒന്നൊന്നായി ആയമ്മ വരി നിര്‍ത്തി വേണ്ടത്ര വാരിക്കൂട്ടിയിട്ടുണ്ട്. അതൊന്നും അത്ര എളുപ്പത്തില്‍ കൈവിട്ടുകളയാനാവില്ല.
കച്ചവടത്തിന് സൗമ്യ മുഖം, രൗദ്രമുഖം എന്നിങ്ങനെയുള്ള വേര്‍തിരിവുകളൊന്നുമില്ല. പണം കിട്ടിയാല്‍ പലതും ചെയ്യും. ഇല്ലെങ്കില്‍ വേറെ പണി നോക്കാം. ശുപാര്‍ശ വഴി എത്തിയവരെ രാഷ്ട്രീയമായും സാമ്പത്തികമായും വരുതിയില്‍ നിര്‍ത്തിയ ലക്ഷ്മിയമ്മക്ക് ആരെ പേടിക്കാനാണ്? മാത്രവുമല്ല ഏതോ പിള്ള എങ്ങനെയോ വാങ്ങിയ ഭൂമി തരപ്പെടുത്തിക്കൊടുത്തത് വമ്പന്‍ പുള്ളികള്‍ തന്നെ. ആകയാല്‍ വിദ്യാഭ്യാസ പാചകത്തിലെ ചേരുവകള്‍ എന്തെന്ന് അറിയാത്തവര്‍ വെറുതെ വേഷംകെട്ടുകയാണ്. ഇതിനെക്കാളും വലിയ അഭ്യാസികളെ കണ്ട് മനം നിറഞ്ഞയാളോട് മുട്ടാന്‍ പോകുമ്പോള്‍ സ്ഥലകാലബോധം ഉണ്ടാവണം.
ഇരട്ടച്ചങ്കനും സംഘവും കണ്ണിലെണ്ണയൊഴിച്ച് കാവലിരിക്കുമ്പോള്‍ പേടിക്കുന്നതെന്തിന്. തറവാട്ടു സ്വത്തില്‍ എന്ത് നിര്‍മിക്കണം, എന്ത് നടത്തണം എന്ന് തീരുമാനിക്കുന്നത് തറവാട്ടിലുള്ളവരാണ്. തറകള്‍ക്കൊന്നും അവിടെ പ്രവേശനമേയില്ല. അതുകൊണ്ടാണ് ആദ്യ ചര്‍ച്ചക്കുപോലും തറവാട്ടില്‍ പിറന്നവരെ മാത്രം വിളിച്ചത്. ആദ്യം നല്ലൊരു തറവാട്ടു മേല്‍വിലാസം ഉണ്ടാക്കിക്കോളൂ. എന്നിട്ടാകാം ശേഷം കളി. ലക്ഷ്മിയമ്മക്കുവേണ്ടി സെക്രട്ടേറിയറ്റിന്റെ ചുമതലയുള്ളവര്‍ പഴവങ്ങാടി ഗണപതി ഭഗവാന് അടിച്ച തേങ്ങകള്ക്കുണ്ടോ കണക്ക്.
ചുരുക്കിപ്പറഞ്ഞാല്‍ സഹൃദയരേ പാര്‍ട്ടിയും ലക്ഷ്മിയും ഒന്നാണെന്നറിയുക. ഒന്നിച്ചു വന്നു, ഒന്നിച്ചുകണ്ടു, ഒന്നിച്ചു കീഴടക്കി എന്നൊക്കെ ആലങ്കാരികമായി പറയാറില്ലേ. അതുതന്നെ. കേരളം പ്രബുദ്ധമാണെന്ന് ഇതില്‍ നിന്നൊക്കെ മനസ്സിലായെങ്കില്‍ നന്ദി, നമസ്കാരം.
റോഡ് നടക്കാനുള്ളതാണ്, വാഹനങ്ങള്‍ക്ക് ചീറിപ്പായാനുള്ളതാണ്. മന്ത്രിപ്പടകള്ക്ക് രാജകീയ സവാരി നടത്താനള്ളതാണ്. അവിടെ തടസ്സമുണ്ടാക്കാന്‍ ആരു തുനിഞ്ഞാലും വെറും കയ്യോടെ പോകില്ല എന്നു മനസ്സിലാക്കിക്കൊള്ളിന്‍. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി അച്ചട്ടായ ചില നിര്‍ദ്ദേശങ്ങള്‍ നമ്മുടെ കാക്കിപ്പടയ്ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ഏതായാലും പൊലീസുകാര്‍ അത് അക്ഷരം പ്രതി നടപ്പാക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് ലോഅക്കാദമി പടിക്കല്‍ നടക്കുന്ന സമരത്തിനിടെ റോഡിലൂടെ പോയ 68 കാരനെയാണ് അവര്‍ നന്നായി കൈകാര്യം ചെയ്തത്. ആ ഹതഭാഗ്യന് എന്തായാലും ഇനിയങ്ങോട്ടുള്ള ഒരു ദുരന്തത്തിനും സാക്ഷിയാകേണ്ടെന്ന് കരുതിക്കാണും. ഇനിയെത്രയെത്ര ഹതഭാഗ്യര്‍ ഉണ്ടാവുമെന്നേ അറിയാനുള്ളു. പിന്നെ എല്ലാം ശരിയാക്കാനാണല്ലോ നമ്മുടെ ഇരട്ടച്ചങ്കന് സര്‍ക്കാര്‍ അധികാരമേറിയിരിക്കുന്നത്. ഓരോന്നായി ശരിയാക്കിവരികയാണ്. ആദ്യം കച്ചവടക്കാരുടെ കാര്യമാണ്. കച്ചവടം എന്നാല്‍ എന്താണെന്ന് നാം ആദ്യമേ മനസ്സിലാക്കിയിട്ടുണ്ട്. ഇനി നിങ്ങളുടെ മനസ്സില്‍ നിന്ന് പതിയെപ്പതിയെ ഒരു സംശയം ഉയര്‍ന്നുവരുന്നത് കാണുന്നുണ്ട്. ശരിയാണ്. ഈ ഭരണം എന്നുപറയുന്നതും ഒരു കച്ചവടം തന്നെ. കച്ചവടത്തില്‍ കരുണയ്ക്കും കാരുണ്യത്തിനും നോ സ്പെയ്സ് !
****************
എംടിയെ സൈ്വര്യമായി ഒന്നിരിക്കാന്‍ കൂടി ആരും അനുവദിക്കില്ലെന്നു തോന്നുന്നു. ഏറ്റവും ഒടുവില്‍ ഇരട്ടച്ചങ്കന് തന്നെയാണ് അദ്ദേഹത്തിനായി വക്കാലത്തില്‍ ഒപ്പിട്ടിരിക്കുന്നത്. പണനിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ എംടി പറഞ്ഞ വാക്കിനൊരു മറുപടി കൊടുത്തുപോയതോടെയാണല്ലോ സാംസ്കാരികരും രാഷ്ട്രീയക്കാരും അജണ്ടക്കാരും തപ്പുതുടിതാളവുമായി ആളെക്കൂട്ടി തെരുക്കൂത്തിനിറങ്ങിയത്. അത് പതിയെപ്പതിയെ ഒതുങ്ങി വരുമ്പോള്‍ അതാ എംടിയെ മുമ്പിലിരുത്തിയൊരു രണ്ടാമൂഴം. ഇരട്ടച്ചങ്കന്റെ ആ മഹത്തായ ഉവാച
ഇതാ: അഭിപ്രായങ്ങള്‍ സധൈര്യം തുറന്നുപറഞ്ഞതിന് ഒരേപോലെ വേട്ടയാടപ്പെട്ട വ്യക്തിത്വങ്ങളാണ് വാഗ്ഭടാനന്ദനും എം.ടി വാസുദേവന്‍ നായരും. ജന്മിത്വത്തിനും അനാചാരങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ച വാഗ്ഭടാനന്ദന് ക്ഷേത്രങ്ങള്‍ക്കു സമീപം വരെ പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ എതിര്‍പ്പുകള്‍ ഏറെ നേരിട്ടു. എന്നിട്ടും തന്റെ നിലപാടില്‍ ഉറച്ചു നില്ക്കാന് അദ്ദേഹത്തിനു കഴിഞ്ഞതു ലോകം അദ്ദേഹത്തെ അംഗീകരിച്ചതുകൊണ്ടാണ്. അതുപോലെ നോട്ടുപ്രതിസന്ധിയില്‍ ജനങ്ങള്‍ക്കുണ്ടായ വിഷമത്തില്‍ എംടി അഭിപ്രായപ്രകടനം നടത്തിയപ്പോള്‍ അദ്ദേഹത്തിനെതിരെ ചാടി വീഴുന്നതു നാം കണ്ടതാണ്. ശരി, ശരി നാമെന്തൊക്കെ കണ്ടിരിക്കുന്നു എന്നതിലെ വോട്ടുരാഷ്ട്രീയം ആസ്വദിച്ച് ഊറിച്ചിരിച്ച് എം.ടി അങ്ങനെയിരുന്നു. ഇരട്ടച്ചങ്കന്റെയും കൂട്ടരുടെയും രാഷ്ട്രീയമല്ലല്ലോ എംടിക്കുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വെള്ളരിപ്രാവുകള്‍ നിരന്തരം പാറിക്കളിക്കുന്ന എകെജി കേന്ദ്രത്തിന്റെ പാചകപ്പുരയില്‍ വെന്ത എത്രയെത്ര വിഭവങ്ങളാണ് മലയാളി മക്കള്‍ ആസ്വദിച്ചുകഴിച്ചിട്ടുള്ളത് ! ഇതൊക്കെ അറിയാത്ത ആളാണ് കൂടല്ലൂരിലെ വാസ്വേട്ടന് എന്നാവുമോ ഇരട്ടച്ചങ്കന് കരുതിയത്, ആവോ ?
ലാസ്റ്റ്കട്ട്
മെഡിക്കല്‍ കോളജുകളില്‍ ശവം സൂക്ഷിക്കുന്നത് എന്തിനാ ? കുട്ടികള്‍ക്ക് പഠിക്കാന്‍. ലോ അക്കാദമി നിയമലംഘനം നടത്തുന്നതും അതിനുതന്നെ-നാളത്തെ നിയമജ്ഞരെ വാര്‍ത്തെടുക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: